സോഷ്യൽ മീഡിയ യുദ്ധ ഭൂമിയായി മാറുകയാണ്, വൈരാഗ്യത്തോടെ ആളുകൾ സിനിമയെ അറ്റാക്ക് ചെയ്യുന്നു: ലിജോ ജോസ് പെല്ലിശ്ശേരി
|ആദ്യം കണ്ടിറങ്ങുന്ന ഓഡിയൻസ് പറഞ്ഞ് പരത്തുന്നതാണ് എല്ലാവരുടെയും വൈബായി മാറുന്നത്
കൊച്ചി: ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിൽ പുറത്തിറങ്ങി തിയേറ്ററുകളിൽ പ്രദർശനം തുടരുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിൻബൻ. ഇപ്പോഴിതാ ചിത്രത്തിനെതിരെ ഉയരുന്ന വിമർശനങ്ങളെക്കുറിച്ച് പ്രതികരണവുമായി എത്തിയിരിക്കുകയാണ് സംവിധായകൻ. വലിയ വൈരാഗ്യത്തോടെയാണ് ആളുകൾ സിനിമയെ അറ്റാക്ക് ചെയ്യുന്നതെന്നും എന്തിനാണ് ഇത്രയും വിദ്വേഷമെന്ന് മനസ്സിലായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ലിജോയുടെ വാക്കുകൾ:
'മലയാളത്തിൻറെ സിനിമ എന്ന് അതിനെ പരിഗണിക്കണമെന്ന് എനിക്ക് തോന്നുന്നുണ്ട്. രാവിലത്തെ ഷോ രൂപപ്പെടുത്തുന്ന അഭിപ്രായം അത് എപ്പോഴും സത്യമാകണമെന്നില്ല. രാവിലെ ആറിന് കാണുന്ന ഓഡിയൻസും വൈകുന്നേരം റിലാക്സ്ഡായി വരുന്ന ഓഡിയൻസും തമ്മിൽ വ്യത്യാസമുണ്ട്. ആദ്യം കണ്ടിറങ്ങുന്ന ഓഡിയൻസ് പറഞ്ഞ് പരത്തുന്നതാണ് എല്ലാവരുടെയും വൈബായി മാറുന്നത്. സോഷ്യൽ മീഡിയ ഒരു യുദ്ധ ഭൂമിയായി മാറുകയാണ്. വലിയ വൈരാഗ്യത്തോട് കൂടി ആളുകൾ സിനിമയെ അറ്റാക്ക് ചെയ്യുകയാണ്. ഇത്രയും വിദ്വേഷം എന്തിനാണെന്ന് എനിക്ക് മനസ്സിലായിട്ടില്ല. അത് എന്ത് ഗുണമാണ് ഒരു സിനിമക്കോ ഇൻഡസ്ട്രിക്കോ ഉണ്ടാക്കുന്നതെന്ന് മനസ്സിലായിട്ടില്ല' -ലിജോ പറഞ്ഞു.
'നമ്മുടെ ഇൻഡസ്ട്രിയിൽ നിന്ന് ഉണ്ടായിട്ടുള്ള ഏറ്റവും വലിയ പ്രൊഡക്ഷൻ വാല്യു ഉണ്ടായിട്ടുള്ള സിനിമകളിലൊന്നാണിതെന്ന് ഞാൻ അവകാശപ്പെടുന്നു. ഒന്നര വർഷമായി വിശ്വസിച്ച ഒരു സിനിമ ഒരു ദിവസം രാവിലത്തെ കുറച്ചുപേരുടെ അഭിപ്രായം കൊണ്ട് മാറരുതെന്നാണ് കരുതുന്നത്' -ലിജോ കൂട്ടിച്ചേര്ത്തു.