'ചിലർ വാടക ഗുണ്ടകളെ പോലെ പെരുമാറുന്നു': ഓൺലൈൻ നിരൂപകരെ വിമർശിച്ച് ലാൽ ജോസ്
|പണം നല്‍കുന്നവരുടെ സിനിമയെ കുറിച്ച് മാത്രമാണ് ചില നിരൂപകർ നല്ലത് പറയുന്നതെന്ന് ലാൽ ജോസ് തുറന്നടിച്ചു
ദുബൈ: ഓൺലൈൻ രംഗത്ത് പ്രവർത്തിക്കുന്ന ചില നിരൂപകർ വാടകക്കൊലയാളികളെയും ഗുണ്ടകളെയും പോലെയാണ് പ്രവർത്തിക്കുന്നതെന്ന് സംവിധായകൻ ലാൽ ജോസ്. 'സോളമന്‍റെ തേനീച്ചകൾ' എന്ന പുതിയ ചിത്രത്തിന്‍റെ ഗൾഫ് റിലീസിന് മുന്നോടിയായി ദുബൈയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പണം നല്‍കുന്നവരുടെ സിനിമയെ കുറിച്ച് മാത്രമാണ് ചില നിരൂപകർ നല്ലത് പറയുന്നതെന്ന് ലാൽജോസ് തുറന്നടിച്ചു. മറ്റുള്ളവരെ തകർക്കാൻ എല്ലാ തരത്തിലും തെറ്റായ അഭിപ്രായം പ്രചരിപ്പിക്കുകയാണിവരെന്നും ലാൽ ജോസ് കുറ്റപ്പെടുത്തി. വിമർശകരെയും നിരൂപകരെയും മുന്നിൽ കണ്ട് സിനിമയെടുക്കേണ്ട സാഹചര്യമാണ് ഇന്നുള്ളത്. മുൻ കാലങ്ങളിൽ ഇത്തരത്തിലായിരുന്നില്ല. ഓരോ വർഷവും 200ലേറെ സിനിമകൾ മലയാളത്തിലിറങ്ങുന്ന സാഹചര്യം ഉണ്ട്. പുതുകാല സിനിമാ പ്രളയത്തിൽ പിടിച്ചു നിൽക്കാനാണ് വർഷങ്ങളുടെ അനുഭവ സമ്പത്തുള്ള തന്നെ പോലുള്ളവർ നീക്കം നടത്തുന്നതെന്നും ലാൽ ജോസ് കൂട്ടിച്ചേർത്തു.
'സ്റ്റാർ ഹോളിഡെയ്സ് ഫിലിംസാണ് 'സോളമന്‍റെ തേനീച്ചകൾ' ജി.സി.സിയിൽ വിതരണം ചെയ്യുന്നത്. നാട്ടിൽ നല്ല പ്രേക്ഷക പ്രതികരണം നേടിയ ഫാമിലി സസ്പെൻസ് ത്രില്ലർ പ്രവാസലോകത്തും സ്വീകരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായി ചിത്രത്തിൽ പ്രധാനകഥാപാത്രമായി എത്തുന്ന ദർശന, വിൻസി, ശംഭു, ആഡിസ് എന്നീ പുതുമുഖ താരങ്ങളും പ്രത്യാശ പ്രകടിപ്പിച്ചു.