സല്മാന് ഖാനും സൊനാക്ഷി സിന്‍ഹയും തമ്മില്‍ രഹസ്യവിവാഹം; ഇതൊക്കെ വിശ്വസിക്കാന്‍ ഇത്രയും മണ്ടന്മാരോ എന്ന് നടി
|പരസ്പരം മോതിരം കൈമാറുന്ന ചിത്രം കണ്ടാല്‍ തന്നെ ഫോട്ടോഷോപ്പില്‍ കൃത്രിമമായി ചെയ്തതാണെന്ന് മനസിലാകും
കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പാണ് ബോളിവുഡ് നടന് സല്മാന് ഖാനും നടി സൊനാക്ഷി സിന്‍ഹയും തമ്മിലുള്ള വിവാഹത്തിന്റെ ചിത്രം സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചത്. ഇരുവരും രഹസ്യവിവാഹം ചെയ്തുവെന്നായിരുന്നു വാര്‍ത്ത. പരസ്പരം മോതിരം കൈമാറുന്ന ചിത്രം കണ്ടാല്‍ തന്നെ ഫോട്ടോഷോപ്പില്‍ കൃത്രിമമായി ചെയ്തതാണെന്ന് മനസിലാകും. ഇപ്പോള്‍ വ്യാജവാര്‍ത്തക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് സൊനാക്ഷി.
യഥാര്‍ഥ ചിത്രവും മോര്‍ഫ് ചെയ്ത ചിത്രവും തിരിച്ചറിയാന്‍ സാധിക്കാത്ത മണ്ടന്മാരോ നിങ്ങളെന്ന് സൊനാക്ഷി ചോദിച്ചു. വിവാഹ സ്യൂട്ട് ധരിച്ച് സൊനാക്ഷിയുടെ വിരലില്‍ മോതിരമിടുന്ന സല്‍മാനാണ് ചിത്രത്തിലുള്ളത്. ചുവന്ന സാരി ധരിച്ച് നെറ്റിയില്‍ കുങ്കുമവും അണിഞ്ഞു നില്ക്കുന്ന സൊനാക്ഷിയാണ് ചിത്രത്തിലുള്ളത്. സൽമാൻ ഖാനൊപ്പം 'ദബാംഗ്' എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. അന്നുമുതല്‍ താരവുമായി സുഹൃത് ബന്ധം കാത്തുസൂക്ഷിക്കുന്ന നടിയാണ് സൊനാക്ഷി.
സൽമാൻ ഖാൻ പിന്നണി ഗായിക യൂലിയ വന്തൂറുമായി ഡേറ്റിംഗിലാണെന്ന് അഭ്യൂഹമുണ്ട്. മിക്ക പരിപാടികളിലും ഇവര്‍ ഒരുമിച്ചാണെത്തുന്നത്. 2016ൽ സൽമാൻ ഖാൻ യൂലിയയെ രഹസ്യമായി വിവാഹം കഴിച്ചതായി വാർത്തകളുണ്ടായിരുന്നു. എന്നാല്‍ ഇതെല്ലാം ഗോസിപ്പുകളാണെന്ന് സല്മാന് തുറന്നുപറഞ്ഞിരുന്നു. ''നിങ്ങൾ തന്നെ പറഞ്ഞതുപോലെ ഇതൊക്കെ വെറും കിംവദന്തികൾ മാത്രമാണ്. ഞാൻ വിവാഹനിശ്ചയം നടത്തുകയോ വിവാഹം കഴിക്കുകയോ ചെയ്തിരുന്നെങ്കിൽ മാധ്യമങ്ങളില്‍ വാര്‍ത്ത വരുന്നതിനു മുന്‍പേ ഞാനതു നിങ്ങളോട് പറയും. അതെന്റെ ജീവിതത്തിലെ അഭിമാനകരമായ നിമിഷമായിരിക്കും'' എന്നാണ് നടന് അന്നുപറഞ്ഞത്.