Entertainment
ഇത് ഒരുണര്‍ത്തു പാട്ടാണ്; പത്തൊമ്പതാം നൂറ്റാണ്ടിലെ ആദ്യ ഗാനമെത്തി
Entertainment

'ഇത് ഒരുണര്‍ത്തു പാട്ടാണ്'; പത്തൊമ്പതാം നൂറ്റാണ്ടിലെ ആദ്യ ഗാനമെത്തി

Web Desk
|
23 Aug 2022 3:32 PM GMT

'പൂതം വരുന്നേടി' എന്ന് തുടങ്ങുന്ന ഗാനം സയനോരയാണ് ആലപിച്ചിരിക്കുന്നത്, റഫീക്ക് അഹമ്മദിന്‍റെ വരികൾക്ക് എം ജയചന്ദ്രനാണ് സംഗീതം ഒരുക്കിയത്

നവോത്ഥാന നായകൻ ആറാട്ടുപുഴ വേലായുധ പണിക്കർ നടത്തിയ നവോത്ഥാന പോരാട്ടത്തിന്‍റെ കഥ പറയുന്ന 'പത്തൊമ്പതാം നൂറ്റാണ്ട്' എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. 'പൂതം വരുന്നേടി' എന്ന് തുടങ്ങുന്ന ഗാനം സയനോരയാണ് ആലപിച്ചിരിക്കുന്നത്. റഫീക്ക് അഹമ്മദിന്‍റെ വരികൾക്ക് എം ജയചന്ദ്രനാണ് സംഗീതം ഒരുക്കിയത്. സിനിമയുടെ സംവിധായകന്‍ വിനയനാണ് ഗാനം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്.

"പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ ആദ്യ സോംഗ് റിലീസ് ചെയ്യുകയാണ്. അതിന്‍റെ ലിങ്ക് ആണ് ഇവിടെ പോസ്റ്റ് ചെയ്യുന്നത്. ഈ സിനിമയിൽ എം ജയചന്ദ്രനും റഫീക്ക് അഹമ്മദും ചേർന്നൊരുക്കിയ നാല് പാട്ടുകളുണ്ട്. മറ്റു പാട്ടുകളിൽ നിന്നും തികച്ചും വ്യത്യസ്തമായ രീതിയിലാണ് ജയചന്ദ്രൻ "പൂതം വരുന്നേടി" എന്ന ഗാനം ഒരുക്കിയിരിക്കുന്നത്. പത്തൊമ്പതാം നൂറ്റാണ്ടിൽ ക്ഷേത്രത്തിൽ പോകാനോ ഈശ്വരനെ ആരാധിക്കാനോ അനുവാദമില്ലാത്ത അധസ്ഥിത വർഗ്ഗത്തിന് അവരുടെ ആരാധനാ മൂർത്തിയായ പൂതത്തിന്റെ മുന്നിൽ തുള്ളാനും പ്രാർത്ഥിക്കാനുമുള്ള അനുവാദമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഈ ഗാനം ഒരു കാലഘട്ടത്തിന്‍റെ ഉണർത്തുപാട്ടാണ്"- വിനയന്‍ കുറിച്ചു.

ശ്രീ ഗോകുലം മൂവീസിന്‍റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ചിത്രത്തിന്‍റെ തിരക്കഥയും വിനയനാണ് നിര്‍വഹിച്ചത്. മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങിയ ബഹുഭാഷാചിത്രമായിട്ടാണ് ചിത്രമൊരുങ്ങുന്നത്. വിശാലമായ ക്യാൻവാസിൽ വലിയ മുടക്കുമുതലോടെ അവതരിപ്പിക്കുന്ന ക്ലീൻ എന്റെർടൈനറാണ് ചിത്രം.

യുവനിരയിലെ ശ്രദ്ധേയ നടൻ സിജു വിൽസനാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ ആറാട്ടുപുഴ വേലായുധപ്പണിക്കരെ അവതരിപ്പിക്കുന്നത്. മൂന്നു മാസത്തോളം നീണ്ടു നിന്ന പരിശീലനം പൂർത്തിയാക്കിയാണ് സിജു വിൽസൻ ചിത്രത്തിലെ ആറാട്ടുപുഴ വേലായുധപ്പണിക്കരെ അവതരിപ്പിക്കാനായി എത്തിയത്.

ചെമ്പൻ വിനോദ് ജോസ്, അനൂപ് മേനോൻ, സുരേഷ് കൃഷ്ണ, സുധീർ കരമന, ഇന്ദ്രൻസ്, വിഷ്ണുവിനയ്, ടിനി ടോം, അലൻസിയർ, സുദേവ് നായർ, ജാഫർ ഇടുക്കി, സ്ഫടികം ജോർജ്, രാഘവൻ, സെന്തിൽ കൃഷ്ണാ, സുനിൽ സുഖദ, മണികണ്ഠൻ ആചാരി .ചാലി പാലാ, ബൈജു എഴുപുന്ന, ജയൻ ചേർത്തല, ഡോക്ടർ - ഷിനു, 'സുന്ദരപാണ്ഡ്യൻ, വിഷ്ണു ഗോവിന്ദ്, ഡോക്ടർ ഷിനു, ഹരിഷ് പെങ്ങൻ, മനു രാജ്, നസീർ സംക്രാന്തി, ജയകുമാർ, പൂജപ്പുര രാധാകൃഷ്ണൻ, ആദിനാട് ശശി, കയാദു, ദീപ്തി സതി, പുനം ബജ്വാ, രേണു സുന്ദർ, വർഷ വിശ്വനാഥ് തുടങ്ങിയവരും നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു.

റഫീഖ് അഹമ്മദിന്‍റെ വരികൾക്ക് എം.ജയചന്ദ്രനാണ് ഈണം പകർന്നത്. ഷാജികുമാറാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. എഡിറ്റിംഗ്- വിവേക് ഹർഷൻ, കലാസംവിധാനം -അജയൻ ചാലിശ്ശേരി. മേക്കപ്പ് - പട്ടണം റഷീദ്. കോസ്റ്റ്യും,ഡിസൈൻ - ധന്യാ ബാലകൃഷ്ണൻ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - രതീഷ് പാലോട, പ്രൊജക്ട് ഡിസൈനർ - ബാദ്ഷ. പ്രൊഡക്ഷൻ കൺട്രോളേഴ്‌സ് - രാജൻ ഫിലിപ്പ് .- ഇക്ബാൽ പാനായിക്കുളം, പ്രൊഡക്ഷൻ എക്‌സിക്കുട്ടീവ്, - ഷെറിൻ കലവൂർ ' പ്രൊഡക്ഷൻ മാനേജേഴ്‌സ് - ജിസൻ പോൾ - റാം മനോഹർ - കോ- പ്രൊഡ്യൂസേർസ് - ബൈജു ഗോപാലൻ - വി .സി .പ്രവീൺ, എക്‌സിക്കുട്ടീവ് പ്രൊഡ്യൂസർ - കൃഷ്ണമൂർത്തി. പി.ആര്‍.ഒ- വാഴൂർ ജോസ്.

Similar Posts