ലോക്ഡൌണ് നീണ്ടാലും നിങ്ങള്‍ പട്ടിണിയാകില്ല: റിയാലിറ്റി ഷോ മത്സരാര്‍ത്ഥിയുടെ ഗ്രാമം താന്‍ ഏറ്റെടുക്കുന്നുവെന്ന് സോനു സൂദ്
|റിയാലിറ്റി ഷോയില്‍ അതിഥിയായെത്തിയപ്പോഴായിരുന്നു സോനു സൂദിന്റെ ഈ പ്രഖ്യാപനം.
ദുരിതമനുഭവിക്കുന്നവര്‍ക്ക് വേണ്ടിയുള്ള ഇടപെടല്‍ കൊണ്ട് എന്നും കയ്യടി നേടുന്ന താരമാണ് സോനു സൂദ്. സിനിമയിൽ വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധേയനായ സോനു ജീവിതത്തിൽ നായകനാണ്. കോവിഡിന്റെ ആദ്യഘട്ടത്തില്‍ ലോക്ക്ഡൌണില്‍ കുടുങ്ങിപ്പോയ നിരവധി അതിഥി തൊഴിലാളികളെയാണ് അദ്ദേഹം നാട്ടിലെത്തിച്ചത്. കോവിഡിന്റെ രണ്ടാംഘട്ടത്തില്‍ രാജ്യം വിറങ്ങലിച്ചും ശ്വാസം മുട്ടിയും നില്ക്കുമ്പോള് ആവശ്യക്കാര്‍ക്ക് ഓക്സിജനും, കിടക്കകളും മരുന്നുകളും എത്തിക്കാനുള്ള പരിശ്രമത്തിലായിരുന്നു താരം.
ഇപ്പോഴിതാ 'ഡാൻസ് ദീവാനേ' എന്ന റിയാലിറ്റി ഷോയിൽ മത്സരാർഥികളിലൊരാളുടെ ഗ്രാമത്തിലെ മുഴുവനാളുകളുടെയും ഭക്ഷണ ചെലവുകൾ ഏറ്റെടുത്ത് നടൻ സോനു സൂദ് വീണ്ടും കയ്യടി നേടുകയാണ്. റിയാലിറ്റി ഷോയില്‍ അതിഥിയായെത്തിയപ്പോഴായിരുന്നു സോനു സൂദിന്റെ ഈ പ്രഖ്യാപനം.
മധ്യപ്രദേശിലെ നീമുച്എന്ന ഗ്രാമത്തിൽനിന്നുള്ള ഉദയ്സിങ്എന്ന മത്സരാർഥി ഷോയ്ക്കിടെ തന്റെ ഗ്രാമത്തിലെ അവസ്ഥ തുറന്നുപറയുകയായിരുന്നു. ലോക്ഡൗണിനെത്തുടർന്ന് വരുമാനമില്ലാതെ തന്റെ നാട്ടിലെ ജനങ്ങള്‍ പട്ടിണിയിലേക്ക് പോകുകയാണെന്ന് ഉദയ്സിങ് പറഞ്ഞു. അപ്പോഴാണ് ലോക്ഡൗൺ അവസാനിച്ച് കാര്യങ്ങൾ സാധാരണഗതിയിലാകുന്നത് വരെ മുഴുവൻ ഗ്രാമത്തിന്റെയും ഭക്ഷണത്തിന്റെ ചെലവുകൾ താൻ വഹിക്കാമെന്ന് നടന് വാഗ്ദാനം ചെയ്തത്.
'ഉദയ്, നിങ്ങളുടെ ഗ്രാമത്തിലുള്ളവരോട് ഒരു കാര്യം പറയാൻ ഞാൻ ആഗ്രഹിക്കുന്നു എന്ന് പറഞ്ഞു തുടങ്ങിയ താരം, ലോക്ഡൗൺ, ഒരു മാസം അല്ലെങ്കിൽ രണ്ട് മാസം അല്ലെങ്കിൽ ആറുമാസം വരെ നീണ്ടുനിന്നാലും നിങ്ങളുടെ ഗ്രാമം മുഴുവൻ റേഷൻ ലഭിക്കുമെന്ന്ഉറപ്പ് തരുന്നു എന്ന് പ്രഖ്യാപിക്കുകയായിരുന്നു. ലോക്ഡൗൺ എത്രനാൾ തുടർന്നാലും പരിഭ്രമിക്കരുതെന്ന് അവരോട് പറയുക. ലോക്ഡൗൺ എത്ര നാൾ നീണ്ടാലും ആർക്കും അവിടെ പട്ടിണി കിടക്കേണ്ടി വരില്ലെന്നും സോനു സൂദ് പറഞ്ഞു.