വരുന്നത് പഴയ ആടുതോമയാവില്ല, പുതിയ ഷോട്ടുകള്‍; ഒരു കോടി മുടക്കില്‍ 'സ്ഫടികം' 4കെ മിക്സ്
|റീ മാസ്റ്റര്‍ ചെയ്ത സ്ഫടികത്തില്‍ എത്ര ഷോട്ട് പുതുതായി ചേര്‍ത്തെന്ന് കണ്ടെത്തി അറിയിക്കുന്നവര്‍ക്ക് റെയ്ബാന്‍ ഗ്ലാസും ബുള്ളറ്റും സമ്മാനം
മോഹന്‍ലാല്‍ നായകനായ മലയാളത്തിലെ എക്കാലത്തെയും സൂപ്പര്‍ഹിറ്റ് ചിത്രം സ്ഫടികം വീണ്ടും പ്രദര്‍ശനത്തിനെത്തുന്നു. ഇത്തവണ സ്ഫടികം പ്രേക്ഷകരിലേക്കെത്തുമ്പോള്‍ സിനിമയില്‍ നിരവധി സര്‍പ്രൈസുകള്‍ ഒളിപ്പിച്ചിട്ടുണ്ടെന്നാണ് സംവിധായകനായ ഭദ്രന്‍ പറയുന്നത്. പഴയതില്‍ നിന്നും വ്യത്യസ്തമായി കൂടുതല്‍ തെളിവോടെയും മിഴിവോടെയും 4 കെ അറ്റ്മോസ് മിക്സിലാണ് സ്ഫടികം വരുന്നത്. ചെന്നൈയില്‍ പ്രിയദര്‍ശന്‍റെ ഉടമസ്ഥതയിലുള്ള ഫോര്‍ ഫ്രെയിംസ് സ്റ്റുഡിയോയില്‍ വെച്ചാണ് ചിത്രത്തിന്‍റെ റീ മാസ്റ്ററിങ് പൂര്‍ത്തിയായത്. ചിത്രത്തിന്‍റെ റീ മാസ്റ്ററിങ് ജോലികള്‍ മുഴുവനായും പൂര്‍ത്തിയായതായി ഭദ്രന്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു. ആടുതോമയെ സ്നേഹിച്ച ഓരോരുത്തരും പുതിയ സ്ഫടികത്തിലെ 'വൗ' ഫാക്ടേഴ്സ് കണ്ടെത്തണമെന്നും ഭദ്രന്‍ പറഞ്ഞു. പാലാത്ര ഗ്രൂപ്പ്, അര്‍ക്കേഡിയ എന്നിവരുള്‍പ്പെടുന്ന ജ്യോമട്രി എന്ന കമ്പനിയാണ് സ്ഫടികം റീ മാസ്റ്ററിങ് നിര്‍മാണത്തില്‍ പങ്കാളികളായത്. ഒരു കോടി രൂപ റീ മാസ്റ്ററിങ് ജോലികള്‍ക്കായി ചെലവായതായും ഭദ്രന്‍ പറഞ്ഞു.
അമേരിക്കയില്‍ വെച്ചാണ് സ്ഫടികത്തിന്‍റെ നെഗറ്റീവ് ഡിജിറ്റല്‍ ഫോര്‍മാറ്റിലേക്ക് മാറ്റിയത്. ഇതിന് 30 ലക്ഷം ചെലവായി. ചിത്രത്തിന്‍റെ മോണോ ഓഡിയോ ഡോള്‍ബിയിലേക്ക് മാറ്റി. പശ്ചാത്തല സംഗീതത്തിലെ ഓരോ ഭാഗവും അഴിച്ചെടുത്ത് മികച്ചതാക്കിയത് ദേശീയ പുരസ്കാര ജേതാവു കൂടിയായ സൗണ്ട് ഡിസൈനര്‍ രാജാകൃഷ്ണനാണ്. ചിത്രത്തില്‍ അഭിനയിച്ച മിക്ക അഭിനേതാക്കളും മരണപ്പെട്ടതിനാല്‍ മറ്റൊരു ഡബ്ബിംഗും അസാധ്യമാണ്. ചിത്രത്തിലെ ഓരോ രംഗവും മിഴിവ് കൂട്ടിയതായും പാളി പോയ ചിലതു വീണ്ടും റീ ഷൂട്ട് ചെയ്തതായും ഭദ്രന്‍ പറഞ്ഞു. റീ മാസ്റ്റര്‍ ചെയ്ത സ്ഫടികത്തില്‍ എത്ര ഷോട്ട് പുതുതായി ചേര്‍ത്തെന്ന് കണ്ടെത്തി അറിയിക്കുന്നവര്‍ക്ക് റെയ്ബാന്‍ ഗ്ലാസും ബുള്ളറ്റും സമ്മാനമായി നല്‍കുമെന്നും ഭദ്രന്‍ 'മനോരമ ഓണ്‍ലൈനി'നോട് പറഞ്ഞു. ആടുതോമയുടെ കഥ സ്ഫടികത്തില്‍ പൂര്‍ത്തിയായതിനാല്‍ ഇനിയൊരു രണ്ടാം ഭാഗമുണ്ടാകില്ലെന്നും ഭദ്രന്‍ വ്യക്തമാക്കി.
1995ല്‍ പുറത്തിറങ്ങിയ സ്ഫടികം 225 ദിവസം തുടര്‍ച്ചയായി തിയറ്ററില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ചിത്രത്തിലെ ആടുതോമ എന്ന കഥാപാത്രം മോഹന്‍ലാലിന്‍റെ സിനിമാ ജീവിതത്തിലെ അവസ്മരണീയ കഥാപാത്രങ്ങളില്‍ ഒന്നാണ്. തന്‍റെ ജീവിതത്തിലെ പല സംഭവങ്ങളില്‍ നിന്നും വ്യക്തികളില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് ഭദ്രന്‍ തന്നെയാണ് ചിത്രത്തിന്‍റെ കഥയും തിരക്കഥയും എഴുതിയത്. ഉര്‍വശി, കെ.പി.എ.സി ലളിത, നെടുമുടി വേണു, കരമന ജനാര്‍ദ്ദനന്‍ നായര്‍, സില്‍ക്ക് സ്മിത എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. റീ മാസ്റ്ററിങ് പൂര്‍ത്തിയായ സ്ഫടികം 2023 ജനുവരിയില്‍ റിലീസ് ചെയ്യാനാണ് ആലോചിക്കുന്നതെന്ന് ഭദ്രന്‍ അറിയിച്ചു.