Entertainment
മോഹന്‍ലാലിനെ പോലെ കഠിനാധ്വാനം ചെയ്യാന്‍ നാഗാര്‍ജുനയ്ക്ക് താല്‍പര്യമുണ്ടായിരുന്നില്ല; സ്ഫടികം തെലുങ്ക് റീമേക്ക് പരാജയപ്പെടാനുള്ള കാരണം തുറന്നുപറഞ്ഞ് സ്ഫടികം ജോര്‍ജ്
Entertainment

മോഹന്‍ലാലിനെ പോലെ കഠിനാധ്വാനം ചെയ്യാന്‍ നാഗാര്‍ജുനയ്ക്ക് താല്‍പര്യമുണ്ടായിരുന്നില്ല; സ്ഫടികം തെലുങ്ക് റീമേക്ക് പരാജയപ്പെടാനുള്ള കാരണം തുറന്നുപറഞ്ഞ് സ്ഫടികം ജോര്‍ജ്

Web Desk
|
8 Feb 2022 8:31 AM GMT

തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ നാഗാര്‍ജുനയായിരുന്നു സ്ഫടികം റീമേക്കായ വജ്രത്തില്‍ അഭിനയിച്ചത്

മോഹന്‍ലാലിന്‍റെ കരിയറിലെ ഏറ്റവും മികച്ച ചിത്രങ്ങളുടെ പട്ടികയില്‍ മുന്‍പന്തിയിലുള്ള ചിത്രങ്ങളിലൊന്നാണ് സ്ഫടികം. ഭദ്രന്‍ സംവിധാനം ചെയ്ത് 1995ല്‍ പുറത്തിറങ്ങിയ ചിത്രം എക്കാലത്തെയും ഹിറ്റുകളിലൊന്നായിരുന്നു. സ്ഫടികം ജോര്‍ജ് എന്ന നടന്‍റെ ആദ്യചിത്രം കൂടിയായിരുന്നു സ്ഫടികം. ഈ ചിത്രത്തില്‍ അഭിനയിച്ചതിനു ശേഷമാണ് ജോര്‍ജ് സ്ഫടികം ജോര്‍ജ് എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങിയത്. തെലുങ്ക്, തമിഴ്, കന്നഡ ഭാഷകളിലേക്കും ചിത്രം റീമേക്ക് ചെയ്തിരുന്നു. ഇപ്പോള്‍ തെലുങ്ക് റീമേക്ക് പരാജയപ്പെടാനുള്ള കാരണത്തെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് സ്ഫടികം ജോര്‍ജ്. ബിഹൈൻവുഡ്സിന് വേണ്ടി മണിയൻ പിള്ള രാജുവുമായി നടത്തിയ അഭിമുഖത്തിലാണ് ജോർജിന്‍റെ തുറന്നുപറച്ചില്‍.



തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ നാഗാര്‍ജുനയായിരുന്നു സ്ഫടികം റീമേക്കായ വജ്രത്തില്‍ അഭിനയിച്ചത്. റീമേക്കിലും ജോര്‍ജ് അഭിനയിച്ചിരുന്നു. ഷൂട്ടിംഗ് സമയത്ത് ക്വാറിയൊക്കെ എസി ഒക്കെ ഫിറ്റ് ചെയ്ത് സെറ്റ് ഇട്ടിരിക്കുകയായിരുന്നു. മോഹന്‍ലാലിനെപ്പോലെ പോലെ യഥാര്‍ഥ ക്വാറിയില്‍ പോയി വെയിലൊക്കെ ഏറ്റ് കഥാപാത്രത്തിന് വേണ്ടി കഠിനാധ്വാനം ചെയ്യാനൊന്നും നാഗാര്‍ജുനക്കോ തെലുങ്കിലെ മറ്റ് സിനിമാ പ്രവര്‍ത്തകര്‍ക്കോ താല്‍പര്യമില്ല. അതുകൊണ്ട് തന്നെ ആ സിനിമ അവിടെ പരാജയമായിരുന്നു എന്നാണ് സ്ഫടികം ജോര്‍ജ് പറയുന്നത്.


കഥാപാത്രത്തിന്‍റെ നിലവാരം വല്ലാതെ താഴുന്ന തെറികൾ പറയാൻ‌ എനിക്ക് താൽപര്യമില്ല. സ്ഫടികത്തിന്റെ ഓഡീഷന് പോയപ്പോൾ‌ ഭദ്രൻ ആരാണ് എന്ന് പോലും എനിക്ക് അറിയില്ലായിരുന്നു. അന്ന് അദ്ദേഹം കഥ പറഞ്ഞപ്പോൾ തന്നെ എന്നോട് പറഞ്ഞിരുന്നു. ഇതിലും മനോഹരമായ ഒരു കഥാപാത്രം തനിക്ക് ഇനി ലഭിക്കില്ലെന്ന്. അന്ന് അത് പുളുവാണെന്നാണ് ഞാൻ കരുതിയത്. പക്ഷെ സിനിമ പുറത്തിറങ്ങിയപ്പോൾ അത് അങ്ങനെയല്ല എന്ന് എനിക്ക് മനസിലായി. ആ സിനിമ ചെയ്യുന്ന സമയത്ത് ഒന്നര വർഷത്തോളം മറ്റ് സിനിമകളിൽ ഞാൻ അഭിനയിച്ചിരുന്നില്ല. ഞാൻ സിനിമയിൽ അഭിനയിക്കാൻ തുടങ്ങിയശേഷം മക്കൾക്ക് ഞാൻ അവരുടെ സ്കൂളിൽ‌ ചെല്ലുന്നത് ഇഷ്ടമായിരുന്നില്ല. പത്താം ക്ലാസ് വരെ ഞാൻ അവരുടെ സ്കൂളിലെ ആവശ്യത്തിന് പോയിട്ടില്ല' സ്ഫടികം ജോർജ് പറയുന്നു.



1995ല്‍ തന്നെയാണ് സ്ഫടികത്തിന്‍റെ തെലുങ്ക് റീമേക്ക് പുറത്തിറങ്ങിയത്. ചക്രവര്‍ത്തി എന്ന ചക്രിയെയാണ് നാഗാര്‍ജുന അവതരിപ്പിച്ചത്. കെ.വിശ്വനാഥായിരുന്നു ചാക്കോ മാഷിന്‍റെ വേഷത്തിലെത്തിയത്. റോജയും ഇന്ദ്രജയുമായിരുന്നു നായികമാര്‍. എസ്.വി കൃഷ്ണറെഡ്ഡിയായിരുന്നു സംവിധാനം.

Similar Posts