'അടുത്ത മൂന്ന് വർഷത്തേക്ക് ഒ.ടി.ടി, സാറ്റലൈറ്റ് റിലീസ് ഉണ്ടാകില്ല, ആടുതോമയെ തിയേറ്ററില് തന്നെ കാണണം'; ഭദ്രൻ
|മോഹൻലാൽ കേന്ദ്രകഥാപാത്രമാകുന്ന ഒരു സിനിമയും ഉടൻ സംഭവിക്കുമെന്നും ഭദ്രൻ
മോഹൻലാൽ-ഭദ്രൻ കൂട്ടുകെട്ടിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ 'സ്ഫടികം' വീണ്ടും റിലീസിനൊരുങ്ങുകയാണ്. 'സ്ഫടികം' 4K ഡോൾബി അറ്റ്മോസിൽ ഫെബ്രുവരി 9നാണ് റീ റിലീസ് ചെയ്യുന്നത്. 28 വർഷങ്ങൾക്ക് ശേഷമാണ് ചിത്രം വീണ്ടും തിയേറ്ററുകളിലേക്ക് എത്തുന്നത്. സിനിമയുടെ മോഷൻ പോസ്റ്ററിനും ടീസറിനും ക്യാരക്ടർ പോസ്റ്ററുമെല്ലാം വൻ വരവേൽപ്പാണ് മലയാളികൾ നൽകിയത്.
തിയേറ്ററിൽ വീണ്ടുമെത്തിന്ന 'സ്ഫടികം' അടുത്ത മൂന്ന് വർഷത്തേക്ക് ഒടിടി, സാറ്റലൈറ്റ് റിലീസ് ചെയ്യുകയില്ലെന്ന് സംവിധായകൻ ഭദ്രൻ പറഞ്ഞു. മലയാള മനോരമക്ക് നൽകിയ അഭിമുഖത്തിലാണ് ഭദ്രൻ ഇക്കാര്യം വ്യക്തമാക്കിയത്. സ്ഫടികം റീലോഡഡ് എല്ലാവരും അതിന്റെ പൂർണ തികവോടെ തിയേറ്ററിൽ തന്നെ കാണമെന്നും അദ്ദേഹം പറഞ്ഞു. മലയാളി സിനിമയിലെ തിളക്കമുള്ള 'സാമൂതിരിമാരായ' താരങ്ങളെയെല്ലാം ഒന്നിച്ച് തിയേറ്ററിൽ കാണാനുള്ള പ്രേക്ഷകന്റെ അവസാന അവസരമാണ് സ്ഫടികം റിലോഡഡ് എന്നും ഭദ്രൻ പറയുന്നു.
തന്റെ ജീവതത്തിനോട് ഒരുപാട് ചേർന്ന് നിൽക്കുന്ന സിനിമയായതിനാൽ സ്ഫടികം അത്രയേറെ ഹൃദയത്തോട് ചേർന്ന് നനിൽക്കും. അതേസമയം, രണ്ട് വലിയ സിനിമകളുടെ പണിപ്പുരയിലാണ് താനിപ്പോഴെന്നും മോഹൻലാൽ കേന്ദ്രകഥാപാത്രമാകുന്ന ഒരു സിനിമയും ഉടൻ സംഭവിക്കുമെന്നും ഭദ്രൻ പറഞ്ഞു. ജിം കെനി എന്നാണ് അതിൽ മോഹൻലാൽ കഥാപാത്രത്തിന്റെ പേര്. ശക്തമായ കഥാപാത്രങ്ങളുള്ള റോഡ് മൂവിയാണ് അതെന്നും ഭദ്രൻ അഭിമുഖത്തിൽ പറഞ്ഞു.
സ്ഫടികം വീണ്ടും റിലീസിനൊരുങ്ങുമ്പോൾ ചിത്രത്തിലെ മൺമറഞ്ഞുപോയ താരങ്ങളെ അണിയറപ്രവർത്തകർ അനുസ്മരിച്ചു. എറണാകുളം ദർബാർ ഹാൾ മൈതാനത്താണ് അണിയറ പ്രവർത്തകരും താരങ്ങളും ഒത്തുചേർന്നത്.