Entertainment
Spanish Actors Express Solidarity with Gaza at Goya Awards Ceremony, Spanish actors in Palestine solidarity, Ana Belen, Estibaliz Urresola, Penelope Cruz, Alba Flores, Goya Awards 2024,ആല്‍ബ ഫ്ളോറസ്, എസ്റ്റിബാലിസ് ഉറെസോല, അന ബെലെന്‍
Entertainment

സ്പാനിഷ് ചലച്ചിത്ര പുരസ്‌കാരനിശയിൽ മുഴങ്ങിക്കേട്ടത് ഫലസ്തീൻ ജനതയുടെ ശബ്ദം; ഗസ്സ ബാഡ്ജുമായി അണിനിരന്ന് താരങ്ങൾ

Web Desk
|
13 Feb 2024 8:31 AM GMT

സ്പാനിഷ് ചലച്ചിത്ര താരങ്ങളായ അന ബെലെൻ, പെനെലപി ക്രൂസ്, ആൽബ ഫ്‌ളോറസ്, സംവിധായിക എസ്റ്റിബാലിസ് ഉറെസോല തുടങ്ങി പ്രമുഖരാണ് ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന നരഹത്യയ്‌ക്കെതിരെ പരസ്യപ്രതിഷേധവുമായി രംഗത്തെത്തിയത്

മാഡ്രിഡ്: സ്പാനിഷ് ചലച്ചിത്ര പുരസ്‌കാരമായ ഗൊയ അവാർഡ്‌സ് നിശയിൽ മുഴങ്ങിക്കേട്ടത് ഫലസ്തീന്റെ ശബ്ദം. നിരവധി താരങ്ങളും സംവിധായകരും തിരക്കഥാകൃത്തുക്കളുമാണ് ഫലസ്തീൻ ജനതയ്ക്കുള്ള ഐക്യദാഢ്യം പരസ്യമായി പ്രഖ്യാപിച്ചത്. വെടിനിർത്തൽ ആവശ്യപ്പെട്ടുകൊണ്ടുള്ള 'ഗസ്സ ബാഡ്ജ്' അണിഞ്ഞായിരുന്നു ഇവരെല്ലാം അവാർഡ് നിശയ്‌ക്കെത്തിയത്.

സ്പാനിഷ് ചലച്ചിത്ര താരങ്ങളായ അന ബെലെൻ, പെനെലപി ക്രൂസ്, ആൽബ ഫ്‌ളോറസ്, സംവിധായിക എസ്റ്റിബാലിസ് ഉറെസോല സൊലഗുറേൻ തുടങ്ങി പ്രമുഖരാണ് ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന നരഹത്യയ്‌ക്കെതിരെ പരസ്യപ്രതിഷേധവുമായി രംഗത്തെത്തിയത്. 'ഗസ്സ: ആയുധക്കടത്ത് അവസാനിപ്പിക്കൂ, വെടനിർത്തൂ' എന്ന കുറിപ്പുകളടങ്ങിയ ബാഡ്ജ് അണിഞ്ഞായിരുന്നു ഇവർ പുരസ്‌കാരവേദിയിലേക്ക് എത്തിയത്. പലരും വേദിയിലും അഭിമുഖങ്ങളിലും ഫലസ്തീൻ ഐക്യദാർഢ്യം പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തു.

സ്പാനിഷ് സിനിമയ്ക്ക് നൽകിയ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരമാണ് നടിയും ഗായികയുമായ അന ബെലെനു ലഭിച്ചത്. കൈവെള്ളയിൽ ഗസ്സ ബാഡ്ജ് ഒട്ടിച്ചായിരുന്നു അവർ വേദിയിലേക്ക് എത്തിയത്. '20,000 സ്പീഷീസ് ഓഫ് ബീസ്' എന്ന ചിത്രത്തിന് മികച്ച നവാഗത തിരക്കഥാകൃത്തിനുള്ള പുരസ്‌കാരം നേടിയ എസ്റ്റിബാലിസ് ഉറെസോല വേദിയിൽ നിലപാട് വ്യക്തമാക്കുകയും ചെയ്തു. ''കാര്യങ്ങളെ പേരെടുത്തു പറയേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചാണ് ഈ ചിത്രം സംസാരിക്കുന്നത്. ഗസ്സയിൽ നടക്കുന്നതിനെ വംശഹത്യയെന്നു വിളിക്കാൻ ഈ അവസരം ഞാൻ ഉപയോഗിക്കുകയാണ്. ഇത് അവസാനിപ്പിക്കാൻ നമ്മുടെ സർക്കാരിനോട് ആവശ്യപ്പെടേണ്ടതുണ്ട്.''- വേദിയിൽ അവർ പറഞ്ഞു.

'മണി ഹെയ്സ്റ്റി'ൽ നൈറോബി, 'ലോക്ക്ഡ് അപ്പി'ൽ സാറാ വാർഗസ് തുടങ്ങിയ വേഷങ്ങളിൽ പ്രേക്ഷകഹൃദയം കവർന്ന താരമാണ് ആൽബ ഫ്‌ളോറസ്. ഗൊയ അവാർഡ്‌സിൽ മികച്ച മൗലിക ഗാനത്തിനുള്ള പുരസ്‌കാരം നേടിയ ആൽബ ഫലസ്തീന് സമാധാനപൂർണമായ രാത്രി ആശംസിക്കുന്നുവെന്ന സന്ദേശമാണ് വേദിയിൽ നൽകിയത്. അവാർഡ് നിശയുടെ ഭാഗമായുള്ള റെഡ് കാർപറ്റിൽ നടന്ന അഭിമുഖത്തിൽ അവർ നിലപാട് വ്യക്തമാക്കുകയും ചെയ്തു. ഇങ്ങനെ തുറന്നുസംസാരിക്കാനുള്ള ഒരു അവസരം ലഭിക്കുമെന്നു കരുതിയിരുന്നില്ലെന്ന് നടി പറഞ്ഞു. ഈ അവസരം ഒരു കാര്യം ഓർമപ്പെടുത്താൻ ഉപയോഗിക്കുകയാണ്. എനിക്കിതൊരു ഇരുണ്ട സമയമാണ്. 30,000ത്തോളം മനുഷ്യരാണ് ഗസ്സയിൽ കൊല്ലപ്പെട്ടതെന്നും അവർ പറഞ്ഞു.

''ഫലസ്തീനിൽ സംഭവിക്കുന്നത് ഓർക്കാതെ ഇവിടെ വന്ന് എന്തും ആഘോഷിക്കാനാകില്ല. അതുകൊണ്ടാണ് ഒരു പിൻ കുത്തുകയെങ്കിലും ചെയ്തത്. ഇതൊരു ചെറിയ കാര്യമാണെങ്കിലും അതു പ്രഖ്യാപിക്കാൻ ഞാൻ ആഗ്രഹിക്കുകയാണ്. ഇത് അതിനുള്ള വേദിയല്ലെന്ന് അറിയാം. പക്ഷെ, ഇത് അവരെ കേൾക്കേണ്ട സമയമാണ്. ഈ രാജ്യത്തെ സർക്കാർ ഈ യുദ്ധം അവസാനിപ്പിക്കാൻ വേണ്ടത് ചെയ്യുമെന്നാണു പ്രതീക്ഷ.''

അവിടെ യഥാർത്ഥത്തിൽ സംഭവിക്കുന്നതിനെക്കുറിച്ചു തുറന്നുപറയാൻ വേണ്ട ഇടപെടൽ നടത്തുന്ന കൂടുതൽ പേർ ഇവിടെയുണ്ടെന്നാണു പ്രതീക്ഷിക്കുന്നതെന്നും നടി പറഞ്ഞു. ഈ നരഹത്യ അവസാനിച്ച് ഫലസ്തീൻ എത്രയും വേഗം സ്വതന്ത്രമാകുമെന്നാണു പ്രതീക്ഷയെന്നും അവർ കൂട്ടിച്ചേർത്തു.

Summary: Spanish Actors Express Solidarity with Gaza at Goya Awards Ceremony

Similar Posts