ശ്രീനാഥ് ഭാസിയും ഷൈന്‍ ടോം ചാക്കോയും പ്രധാന വേഷത്തില്‍; സോഹൻ സീനു ലാലിൻ്റെ 'ഡാൻസ് പാർട്ടി' ആരംഭിച്ചു
|കൊച്ചി നഗരാതിർത്തിയിൽ ഡാൻസും പാർട്ടിയുമൊക്കെയായി ജീവിക്കുന്ന ഒരു സംഘം ചെറുപ്പക്കാർക്കിടയിൽ നടക്കുന്ന ഒരു സംഭവവും അതിനെ തരണം ചെയ്യുവാനുള്ള ശ്രമങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം
മമ്മൂട്ടി നായകനായ 'ഡബിൾസ്' എന്ന ചിത്രത്തിന് ശേഷം സോഹൻ സീനു ലാൽ സംവിധാനം ചെയ്യുന്ന 'ഡാൻസ് പാർട്ടി'യുടെ ചിത്രീകരണം ആരംഭിച്ചു. ഇന്ന് കൊച്ചിയിലെ വടുതല സെൻ്റ് ആൻ്റണീസ് ചർച്ച് പാരിഷ് ഹാളിൽ വെച്ചാണ് പൂജാ ചടങ്ങുകള്‍ക്ക് തുടക്കമായത്. ഫാദർ ജോസഫ് മറ്റത്തിൽ ആദ്യ ഭദ്രദീപം തെളിയിച്ചതോടെ ചിത്രീകരണത്തിന് ആരംഭം കുറിച്ചു. പ്രമുഖ രാഷ്ട്രീയ നേതാവ് സീനുലാൽ, മെക്കാർട്ടിൻ, അഭിനേതാക്കളായ ലെന, പ്രയാഗ മാർട്ടിൻ, ശ്രീന്ദ, നിർമ്മാതാക്കളായ റെജി പ്രോത്താസിസ്, നൈസി റെജി എന്നിവർ ചടങ്ങില്‍ സംബന്ധിച്ചു. മേയർ എം.അനിൽകുമാർ സ്വിച്ചോൺ കർമ്മവും ബി.ഉണ്ണികൃഷ്ണൻ ഫസ്റ്റ് ക്ലാപ്പും നൽകി.
യുവത്വത്തിന്റെ വികാരവിചാരങ്ങൾക്കനുസൃതമായ സിനിമയായിട്ടാണ് 'ഡാന്‍സ് പാര്‍ട്ടി' അണിയിച്ചൊരുക്കുന്നത്. കൊച്ചി നഗരാതിർത്തിയിൽ ഡാൻസും പാർട്ടിയുമൊക്കെയായി ജീവിക്കുന്ന ഒരു സംഘം ചെറുപ്പക്കാർക്കിടയിൽ നടക്കുന്ന ഒരു സംഭവവും അതിനെ തരണം ചെയ്യുവാനുള്ള ശ്രമങ്ങളുമാണ് ചിത്രത്തിലുടെ രസകരവും ഒപ്പം ഏറെ ത്രില്ലിങ്ങോടെയും അവതരിപ്പിക്കുന്നത്.
വിഷ്ണു ഉണ്ണികൃഷ്ണൻ, ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ, പ്രയാഗ മാർട്ടിൻ, ലെന, സാജു നവോദയ, പുതുമുഖം ശ്രിന്ദ, നാരായണൻകുട്ടി എന്നിവർ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സംവിധായകൻ സോഹന്‍ സീനു ലാല്‍ തന്നെയാണ് തിരക്കഥയും രചിച്ചിരിക്കുന്നത്. സന്തോഷ് വർമ്മയുടെ വരികൾക്ക് ബിജിപാൽ ഈണം പകർന്നിരിക്കുന്നു. ബിനു കുര്യൻ ഛായാഗ്രഹണവും വി.സാജൻ എഡിറ്റിംഗും നിർവ്വഹിക്കുന്നു.
കലാസംവിധാനം-സതീഷ് കൊല്ലം. മേക്കപ്പ്-റോണക്സ് സേവ്യർ. വസ്ത്രാലങ്കാരം-അരുൺ മനോഹർ. കോ-ഡയറക്ടർ-പ്രകാശ് കെ.മധു. പരസ്യകല-കൊളിൻസ് ലിയോഫിൽ. പ്രൊജക്റ്റ് കോ-ഓർഡിനേറ്റർ-ഷഫീഖ്. പ്രൊജക്റ്റ് ഡിസൈനർ-മധു തമ്മനം. പ്രൊഡക്ഷൻ കൺട്രോളർ-സുനിൽ ജോസ്. നിശ്ചല ഛായാഗ്രഹണം-നിദാദ്. പി.ആര്.ഒ-വാഴൂർ ജോസ്.