അടിക്കുമ്പോ.. ദേ ഇതേ പോലെ അടിച്ചു മാറ്റണം; ജോജിയെ ടെലിഫിലിമാക്കി ശ്രീലങ്കന്‍ ചാനല്‍
|2021ല്‍ പുറത്തിറങ്ങിയ ജോജി വീണ്ടും സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാവുകയാണ്
കോവിഡ് സാഹചര്യം സിനിമാ വ്യവസായത്തെ മുഴുവന്‍ പ്രതിസന്ധിയിലാക്കിയ സമയത്ത് ഒടിടിയിലൂടെ പ്രേക്ഷകരിലേക്കെത്തിയ ചിത്രമായിരുന്നു ജോജി. വില്യം ഷേക്സ്പിയറുടെ മാക്ബെത്ത് നാടകത്തിൽ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് ദിലീഷ് പോത്തന് സംവിധാനം ചെയ്ത ചിത്രത്തില്‍ ഫഹദ് ഫാസിലായിരുന്നു ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ചത്. 2021ല്‍ പുറത്തിറങ്ങിയ ജോജി വീണ്ടും സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. ഒരു ശ്രീലങ്കന്‍ ചാനല്‍ നമ്മുടെ ജോജിയെ ടെലിഫിലിമാക്കി അവതരിപ്പിക്കാന്‍ പോകുന്ന വാര്‍ത്തയാണ് സിനിമാപ്രേമികളെ ചൊടിപ്പിച്ചിരിക്കുന്നത്. ടെലിഫിലിമിന്റെ ട്രയിലര്‍ ഈയിടെ പുറത്തിറങ്ങിയിരുന്നു.
ബേണിംഗ് പീപ്പിള്‍ എന്നു പേരിട്ടിരിക്കുന്ന ടെലിഫിലിം ശ്രീലങ്കയിലെ സിരസ ടിവി (Sirasa TV) എന്ന ചാനലിലാണ് പ്രദര്‍ശിപ്പിക്കുന്നത്. ട്രയിലര്‍ കണ്ടാല്‍ ഒറ്റ നോട്ടത്തില്‍ മനസിലാകും ഇതു ജോജി സിനിമയുടെ കോപ്പി ആണെന്ന്. കാരണം ഒരു സീന്‍ പോലും വിടാതെ അതേപടി കോപ്പിയടിച്ചിരിക്കുകയാണ് ട്രയിലറില്‍. ഈ മാസം 11നാണ് ട്രയിലര്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഓണ്‍ലൈനില്‍ തോക്ക് ഓര്‍ഡര്‍ ചെയ്യുന്നതും ഡെലിവര്‍ ചെയ്യുന്നതും ഷൂട്ട് ചെയ്യുന്നതും പനച്ചേല്‍ കുട്ടപ്പനുമെല്ലാം അതേപടി ട്രയിലറുണ്ട്. ഏതായാലും ഈ കോപ്പിയടി മലയാളികളുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ട്രയിലറിന് താഴെ മലയാളികളുടെ കമന്റുകളാണ് നിറയുന്നത്. ജോജി സീരിയല്‍ ആക്കിയോ? അടിക്കുമ്പോ ദേ..ഇതുപോലെ അടിച്ചുമാറ്റണം, ശിവനേ ഇതേത് ജില്ല എന്നിങ്ങനെ പോകുന്നു കമന്റുകള്‍.