എന്തിനാ എന്റെ സമയം കളയുന്നത്? പഠാനും ടൈഗറും കണ്ടിട്ടില്ലെന്ന് റോ മുന്‍ മേധാവി വിക്രം സൂദ്
|വാസ്തവമില്ലാത്ത കാര്യങ്ങളാണ് പഠാനിലുള്ളതെന്നും യൂട്യൂബർ രൺവീർ അല്ലാബാദിയക്ക് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു
മുംബൈ: ഷാരൂഖ് ഖാന്റെ എക്കാലത്തെയും ഹിറ്റ് ചിത്രമായ പഠാനും സല്മാന് ഖാന്റെ ടൈഗറും കണ്ട് സമയം കളയില്ലെന്ന് റോ മുന്‍ മേധാവി വിക്രം സൂദ്. വാസ്തവമില്ലാത്ത കാര്യങ്ങളാണ് പഠാനിലുള്ളതെന്നും യൂട്യൂബർ രൺവീർ അല്ലാബാദിയക്ക് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
ആ സിനിമ നന്നായി യാഥാര്‍ഥ്യത്തോടെ ചെയ്യാന്‍ കഴിയുമായിരുന്നെന്നും എന്നാല്‍ ചിത്രത്തില്‍ ഒരു യാഥാര്‍ഥ്യമില്ലെന്നും സൂദ് വ്യക്തമാക്കി. ''ഞാൻ പഠാന് കണ്ടിട്ടില്ല, ഇനി കാണുകയുമില്ല, കാരണം അത് അങ്ങനെയാണെന്ന് എനിക്ക് തോന്നുന്നില്ല... ഇത് കൃത്യമായ ചിത്രീകരണമല്ല. എന്തിനാ എന്റെ സമയം പാഴാക്കുന്നത്!” സൂദ് പറഞ്ഞു. എന്നാല്‍ 2012ല്‍ പുറത്തിറങ്ങിയ ഏക് താ ടൈഗര്‍ താന്‍ വളരെയധികം ആസ്വദിച്ചുവെന്നും ഒരുപാട് ചിരിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കബീര്‍ ഖാന് സംവിധാനം ചെയ്ത് സല്മാന് ഖാന് നായകനായ ബജ്രംഗി ഭായ്ജാന് എന്ന ചിത്രത്തെയും സൂദ് വിമര്‍ശിച്ചു. ചിത്രം അതിശയോക്തി കലര്‍ന്നതാണെന്നാണ് വിക്രത്തിന്റെ അഭിപ്രായം.
സ്റ്റീവൻ സ്പിൽബർഗിന്റെ ബ്രിഡ്ജ് ഓഫ് സ്പൈസിനെ (2015) സൂദ് അഭിനന്ദിക്കുകയും മറ്റുള്ളവരോട് കാണാന്‍ ആവശ്യപ്പെടുകയും ചെയ്തു. “അതൊരു യഥാർത്ഥ സിനിമയാണ്. അങ്ങനെയാണ് യഥാർഥ സ്പൈ സിനിമകൾ ഉണ്ടാകുന്നത്'' സൂദ് വിശദീകരിച്ചു.
ആറു മാസം മുന്‍പ് തിയറ്റുകളെ ഇളക്കി മറിച്ച ചിത്രമാണ് കിംഗ് ഖാന്റെ പഠാന്. നിരന്തരം സിനിമകള്‍ പരാജയപ്പെട്ടുകൊണ്ടിരുന്ന ബോളിവുഡ് ബോക്സോഫീസില്‍ തീയിട്ട ചിത്രം. ചുരുങ്ങിയ നാളു കൊണ്ടു തന്നെ പഠാന് 1000 കോടി ക്ലബില്‍ കടന്നിരുന്നു. നാടു കടത്തപ്പെട്ട റോ ഏജന്റായിട്ടാണ് ഷാരൂഖ് എത്തിയത്. ദീപിക പദുക്കോണായിരുന്നു നായിക.