Entertainment
SS Rajamouli

സംവിധായകന്‍ എസ്.എസ് രാജമൗലി യു.എസില്‍ സംസാരിക്കുന്നു

Entertainment

ആര്‍.ആര്‍.ആര്‍ ബോളിവുഡ് ചിത്രമല്ല, ദക്ഷിണേന്ത്യയില്‍ നിന്നുള്ള തെലുങ്ക് സിനിമ; ചര്‍ച്ചയായി രാജമൗലിയുടെ പ്രസംഗം

Web Desk
|
16 Jan 2023 5:13 AM GMT

യുഎസില്‍ ഡയറക്ടര്‍ ഗില്‍ഡ് ഓഫ് അമേരിക്ക നടത്തിയ ചിത്രത്തിന്‍റെ പ്രത്യേക പ്രദർശനത്തിൽ രാജമൗലി പറഞ്ഞ വാക്കുകളാണ് ചര്‍ച്ചയാകുന്നത്

ലോസ് ഏഞ്ചല്‍സ്: ഇന്ത്യന്‍ സിനിമയുടെ അഭിമാനമുയര്‍ത്തിയ ചിത്രമായിരുന്നു എസ്.എസ് രാജമൗലി സംവിധാനം ചെയ്ത 'ആര്‍.ആര്‍.ആര്‍'. ചിത്രത്തിലെ നാട്ടു നാട്ടു എന്ന ഗാനത്തിനാണ് ഈ വര്‍ഷത്തെ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരം ലഭിച്ചത്. ചരിത്രനേട്ടത്തിനു ശേഷം ഓസ്കറിലേക്ക് ഉറ്റുനോക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ലോസ് ഏഞ്ചല്‍സില്‍ ആര്‍.ആര്‍.ആറിന്‍റെ പ്രൊമോഷന്‍ തിരക്കിലാണ് സംഘം. യുഎസില്‍ ഡയറക്ടര്‍ ഗില്‍ഡ് ഓഫ് അമേരിക്ക നടത്തിയ ചിത്രത്തിന്‍റെ പ്രത്യേക പ്രദർശനത്തിൽ രാജമൗലി പറഞ്ഞ വാക്കുകളാണ് ചര്‍ച്ചയാകുന്നത്.

പ്രദർശനത്തിന് മുമ്പ് സംവിധായകൻ മാധ്യമങ്ങളോട് സംവദിക്കുകയും തന്‍റെ സിനിമയെക്കുറിച്ച് സംസാരിക്കുകയും ചെയ്തു. ''ആര്‍.ആര്‍.ആര്‍ ഒരു ബോളിവുഡ് ചിത്രമല്ല. ഞാന്‍ വരുന്ന ദക്ഷിണേന്ത്യയില്‍ നിന്നുള്ള തെലുങ്ക് സിനിമയാണ്'' രാജമൗലി പറഞ്ഞു. മൂന്നു മണിക്കൂര്‍ കടന്നുപോയത് അറിഞ്ഞില്ലെന്ന് സിനിമയുടെ അവസാനം പ്രേക്ഷകര്‍ പറഞ്ഞാല്‍ വിജയിച്ച സംവിധായകനാണെന്ന് തനിക്ക് പറയാന്‍ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജമൗലിയുടെ പ്രസംഗം പെട്ടെന്ന് തന്നെ സോഷ്യല്‍മീഡിയയില്‍ വൈറലാവുകയും ചെയ്തു. ഇന്ത്യയിൽ നിന്നുള്ള എല്ലാ സിനിമകളും ബോളിവുഡ് ആയി ചിത്രീകരിക്കപ്പെടുമെന്ന് നിങ്ങൾ പ്രതീക്ഷിക്കുന്നത് എന്തുകൊണ്ടാണ്? ഒരാള്‍ ചോദിച്ചു.

ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരത്തിനു ശേഷം രാജമൗലിക്ക് പ്രശസ്ത സംവിധായകൻ സ്റ്റീവൻ സ്പിൽബർഗിനെ കാണാനും അവസരം ലഭിച്ചു. "ഞാൻ ഒരു ദൈവത്തെ കണ്ടുമുട്ടി" എന്നാണ് ചിത്രം പങ്കുവച്ചുകൊണ്ട് രാജമൗലി കുറിച്ചത്. ഒറിജിനല്‍ സോങ് വിഭാഗത്തിലാണ് നാട്ടു നാട്ടു ഗാനത്തിന് ഗോള്‍ഡന്‍ ഗ്ലോബ് ലഭിച്ചത്. ചന്ദ്രബോസിന്‍റെ വരികള്‍ക്ക് കീരവാണിയാണ് ഈ ഹിറ്റ് ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത്. രാഹുൽ സിപ്ലിഗഞ്ച്, കാലഭൈരവ എന്നിവര്‍ ചേര്‍ന്നാണ് പാട്ടു പാടിയിരിക്കുന്നത്. രാം ചരണിന്‍റെയും ജൂനിയര്‍ എന്‍.ടി.ആറിന്‍റെയും ചടുലമായ നൃത്തച്ചുവടുകളുടെ അകമ്പടിയോടെയാണ് പാട്ട് ദൃശ്യവത്ക്കരിച്ചിരിക്കുന്നത്. പ്രേം രക്ഷിതാണ് കൊറിയോഗ്രഫി.

Related Tags :
Similar Posts