'അശ്ലീല വെബ് സീരീസില്‍ അഭിനയിപ്പിച്ചു'; ഒ.ടി.ടി ഉടമകള്‍ക്ക് ഹൈക്കോടതിയുടെ മുന്‍കൂര്‍ ജാമ്യം
|ഭീഷണിപ്പെടുത്തി അശ്ലീല വെബ് സീരീസില്‍ അഭിനയിപ്പിച്ചെന്നും ഇതിനായി വ്യാജ കരാര്‍ ചമച്ചുവെന്നുമാണ് കൊല്ലം സ്വദേശിനിയുടെ പരാതി
കൊച്ചി: ഒ.ടി.ടി പ്ലാറ്റ്ഫോമില്‍ സംപ്രേഷണം ചെയ്ത അശ്ലീല വെബ് സീരീസില്‍ നിര്‍ബന്ധിച്ച് അഭിനയിപ്പിച്ചുവെന്ന് ആരോപിച്ച് യുവതി നല്‍കിയ പരാതിയില്‍ ഒ.ടി.ടി പ്ലാറ്റ്ഫോമിന്‍റെ ചുമതലക്കാര്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കോട്ടയം വൈക്കം സ്വദേശിനി ശ്രീല പി. മണി(ലക്ഷ്മി ദീപ്ത), പാറശാല സ്വദേശി എം.എല്‍. അബിസണ്‍ എന്നിവര്‍ക്കാണ് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. ജനുവരി 3,4 തിയതികളില്‍ ഇവര്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണമെന്നും തുടര്‍ന്നും അന്വേഷണവുമായി സഹകരിക്കണമെന്നും ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് വ്യക്തമാക്കി.
കോവളം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഒന്നും രണ്ടും പ്രതികളാണ് ഇവര്‍. തന്നെ ഭീഷണിപ്പെടുത്തി അശ്ലീല വെബ് സീരീസില്‍ അഭിനയിപ്പിച്ചെന്നും ഇതിനായി വ്യാജ കരാര്‍ ചമച്ചുവെന്നുമാണ് കൊല്ലം സ്വദേശിനിയുടെ പരാതി. കഴിഞ്ഞ ജൂണ്‍ 5,7 തിയതികളിലാണ് ചിത്രീകരണം നടത്തിയത്. ഓഗസ്റ്റ് 24,31 തിയതികളിലായിരുന്നു സംപ്രേഷണം. ഒക്ടോബര്‍ 22ന് മാത്രമാണ് പരാതി നല്‍കിയതെന്നും പരാതിക്കാരി ആരോപിക്കുന്ന തരത്തില്‍ ചിത്രീകരിക്കുകയോ കാണിക്കുകയോ ചെയ്തിട്ടില്ലെന്നും ഹര്‍ജിക്കാര്‍ വാദിച്ചു.