ആസിഫ് അലിയും അപര്‍ണയും താരങ്ങള്‍; 'കിഷ്കിന്ധാകാണ്ഡ'ത്തിന് തുടക്കം
|കിഷ്കിന്ധാ എന്ന വാക്ക് വനവുമായി ബന്ധപ്പെട്ട ചില ഘടകങ്ങളെയാണ് സൂചിപ്പിക്കുന്നത്
'പി 160/18 കക്ഷി:അമ്മിണിപ്പിള്ള' എന്ന ചിത്രത്തിന് ശേഷം ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കിഷ്കിന്ധാകാണ്ഡ'ത്തിന് തുടക്കം. ചെര്‍പ്പുളശ്ശേരിക്കടുത്ത് വെള്ളിനേഴി ഒളപ്പമണ്ണ മനയില്‍ വെച്ചാണ് പൂജ ചടങ്ങുകള്‍ നടന്നത്.
ഗുഡ് വിൽ എൻ്റർടൈൻമെൻ്റിൻ്റെ ബാനറിൽ ജോബി ജോർജാണ് ചിത്രം നിർമ്മിക്കുന്നത്. ലളിതമായ ചടങ്ങിൽ അഭിനേതാക്കളായ വിജയരാധവനും അശോകനും ആദ്യഭദ്രദീപം തെളിയിച്ചു കൊണ്ട് തുടക്കം കുറിച്ചു. നടൻ ദേവദേവനാണ് ഫസ്റ്റ് ക്ലാപ്പ് നൽകിയത്. ആസിഫ് അലി, അപർണാ ബാലമുരളി, പപ്പൻ, രാമു എന്നിവര്‍ ചടങ്ങില്‍ ഭാഗമായി. ഗുഡ് വിൽ എൻ്റെർടൈൻമെൻ്റ് നിർമ്മിക്കുന്ന ഇരുപത്തി ആറാമത്തെ ചിത്രമാണിതെന്ന് നിർമ്മാതാവ് ജോബി ജോർജ് ആമുഖ പ്രസംഗത്തിൽ സൂചിപ്പിച്ചു.
കിഷ്കിന്ധാ എന്ന വാക്ക് വനവുമായി ബന്ധപ്പെട്ട ചില ഘടകങ്ങളെയാണ് സൂചിപ്പിക്കുന്നത്. ചിത്രത്തിൻ്റെ കഥാപശ്ചാത്തലവും വനമേഖലയോടു ചേർന്നുള്ളതാണ്. ഈ പശ്ചാത്തലത്തില്‍ തികഞ്ഞ ഫാമിലി ഡ്രാമയാണ് ചിത്രം പറയുന്നത്.
ആസിഫ് അലി, വിജയരാഘവൻ, അപർണാ ബാലമുരളി, അശോകൻ, ജഗദീഷ്, നിഴൽകൾ രവി, നിഷാൻ, മേജർ രവി, വൈഷ്ണവി രാജ്, കൃഷ്ണൻ ബാലകൃഷ്ണൻ എന്നിവർ ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. ബാഹുൽ രമേശാണ് തിരക്കഥയും ഛായാഗ്രഹണവും.
എഡിറ്റിംഗ്-സൂരജ് ഇ.എസ്. കലാസംവിധാനം-സജീഷ് താമരശ്ശേരി. മേക്കപ്പ്-റഷീദ് അഹമ്മദ്. വസ്ത്രാലങ്കാരം-സമീറാ സനീഷ്. ചീഫ് അസോസിയേറ്റ് ഡയറക്ടർ-ബോബി സത്യശീലൻ. പ്രൊജക്റ്റ് ഡിസൈൻ-കാക്കാസ്റ്റോറീസ്. പ്രൊഡക്ഷൻ കണ്ട്രോളര്‍-രാജേഷ് മേനോൻ. നിശ്ചല ഛായാഗ്രഹണം-ബിജിത്ത് ധർമ്മടം. പി.ആര്‍.ഒ-വാഴൂര്‍ ജോസ്.
ചെർപ്പുളശ്ശേരി, ധോണി, മലമ്പുഴ, പാലക്കാട് ഭാഗങ്ങളിലായി ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാകും.