Entertainment
മലയാളത്തില്‍ വീണ്ടുമൊരു ട്രാവല്‍ മൂവി; സ്റ്റേറ്റ് ബസ് പ്രേക്ഷകരിലേക്ക്
Entertainment

മലയാളത്തില്‍ വീണ്ടുമൊരു ട്രാവല്‍ മൂവി; സ്റ്റേറ്റ് ബസ് പ്രേക്ഷകരിലേക്ക്

Web Desk
|
24 Jan 2022 2:40 AM GMT

സ്റ്റുഡിയോ സി സിനമാസിന്‍റെ ബാനറില്‍ ഐബി രവീന്ദ്രനും പത്മകുമാറുമാണ് ചിത്രം നിര്‍മ്മിക്കുന്നത്

സന്തോഷ് കീഴാറ്റൂരിനെയും വിജിലേഷിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി സംവിധായകന്‍ ചന്ദ്രന്‍ നരീക്കോടിന്‍റെ പുതിയ ചിത്രം 'സ്റ്റേറ്റ്ബസ്' റിലീസിനൊരുങ്ങി. താമസിയാതെ ചിത്രം പ്രേക്ഷകരിലേക്കെത്തും. സ്റ്റുഡിയോ സി സിനമാസിന്‍റെ ബാനറില്‍ ഐബി രവീന്ദ്രനും പത്മകുമാറുമാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഒട്ടേറെ രാജ്യാന്തര പുരസ്കാരങ്ങള്‍ വാരിക്കൂട്ടിയ 'പാതി'എന്ന ചിത്രത്തിന് ശേഷം ചന്ദ്രന്‍ നരീക്കോട് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് സ്റ്റേറ്റ് ബസ്.

സംഘര്‍ഷഭരിതമായ ജീവിത യാഥാര്‍ത്ഥ്യങ്ങളിലൂടെ സോഷ്യല്‍ പൊളിറ്റിക്സ് ചര്‍ച്ച ചെയ്യുന്ന ട്രാവല്‍ മൂവിയാണ് സ്റ്റേറ്റ് ബസ് എങ്കിലും കുടുംബപശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിട്ടുള്ളത്. സസ്പെന്‍സും ത്രില്ലും ആക്ഷനുമൊക്കെ ചേര്‍ന്ന ഒരു ഫാമിലി ത്രില്ലര്‍ കൂടിയാണ് ഈ ചിത്രം. ഗൗരവമേറിയ സാമൂഹ്യ വിഷയങ്ങളെ പ്രേക്ഷകരെ രസിപ്പിക്കുന്ന തരത്തില്‍ കോമഡിയും കലര്‍ത്തിയാണ് ചിത്രത്തിന്‍റെ തിരക്കഥയൊരുക്കിയിരിക്കുന്നത്. നിത്യജീവിതത്തില്‍ നാം കണ്ടുമുട്ടുന്ന മനുഷ്യരും അനുഭവങ്ങളുമൊക്കെയാണ് ചിത്രം ഒപ്പിയെടുത്തിട്ടുള്ളത്.




കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് ഒരു പ്രതിയുമായി രണ്ട് പൊലീസുകാര്‍ സ്റ്റേറ്റ് ബസില്‍ യാത്ര ചെയ്യുമ്പോള്‍ അരങ്ങേറുന്ന സംഭവ വികാസങ്ങളിലൂടെയാണ് സ്റ്റേറ്റ് ബസിന്‍റെ കഥ വികസിക്കുന്നതെന്ന് സംവിധായകന്‍ ചന്ദ്രന്‍ നരീക്കോട് പറഞ്ഞു. ചിത്രം ഒരു യാത്രയിലൂടെയാണ് മുന്നോട്ട് പോകുന്നത്. ഒരു കെ എസ് ആര്‍ ടി സി ബസിനകത്ത് നടക്കുന്ന സംഭവമാണ് കഥയുടെ ഇതിവൃത്തം . സ്നേഹത്തിന്‍റെയും സാഹോദര്യത്തിന്‍റെയും പകയുടെയും ജീവിതമുഹൂര്‍ത്തങ്ങളിലൂടെയാണ് സ്റ്റേറ്റ്ബസ് കടന്നുപോകുന്നത്. സംവിധായകന്‍ ചൂണ്ടിക്കാട്ടി. എല്ലാത്തരം പ്രേക്ഷകരെയും രസിപ്പിക്കുന്ന വിധത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നും സംവിധായകന്‍ വ്യക്തമാക്കി. വടക്കന്‍ കേരളത്തിന്‍റെ ഗ്രാമീണ ദൃശ്യങ്ങള്‍ വളരെ മനോഹരമായി ക്യാമറ ഒപ്പിയെടുത്തിട്ടുണ്ട്. ഏറെ നാളുകള്‍ക്ക് ശേഷം പ്രശസ്ത സംഗീതജ്ഞന്‍ മോഹന്‍ സിത്താര ഒരുക്കിയ പശ്ചാത്തല സംഗീതവും ഈ ചിത്രത്തിന്‍റെ പുതുമയാണ്. അനുഗ്രഹീത സംഗീത പ്രതിഭ വിദ്യാധരന്‍ മാഷാണ് ഗാനങ്ങള്‍ക്ക് സംഗീതം ഒരുക്കിയിട്ടുള്ളത്. സമീപകാലത്തിറങ്ങിയ മലയാളചിത്രങ്ങളില്‍ നിന്നെല്ലാം പ്രമേയവും ആവിഷ്ക്കാരവും കൊണ്ട് വേറിട്ട് നില്‍ക്കുന്ന ഒരു ചിത്രം കൂടിയാണ് സ്റ്റേറ്റ് ബസ്.വടക്കന്‍ കേരളത്തിന്‍റെ വിവിധ പ്രദേശങ്ങളായിരുന്നു ചിത്രത്തിന്‍റെ ലൊക്കേഷന്‍.



അഭിനേതാക്കള്‍- വിജിലേഷ്, സന്തോഷ് കീഴാറ്റൂര്‍, സിബി തോമസ്, ശിവദാസന്‍, സദാനന്ദന്‍, കബനി തുടങ്ങി ഒട്ടേറെ പുതുമുഖങ്ങളും ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ബാനര്‍-സ്റ്റുഡിയോ സി സിനിമാസ്,സംവിധാനം- ചന്ദ്രന്‍ നരിക്കോട്, നിര്‍മ്മാണം - ഐബി രവീന്ദ്രന്‍-പത്മകുമാര്‍, കഥ,തിരക്കഥ-പ്രമോദ് കൂവേരി, ഛായാഗ്രഹണം- പ്രസൂണ്‍ പ്രഭാകര്‍, സംഗീതം-വിദ്യാധരന്‍ മാസ്റ്റര്‍, പശ്ചാത്തലസംഗീതം-മോഹന്‍ സിത്താര, ചിത്രസംയോജനം-ഡീജോ പി വര്‍ഗ്ഗീസ്, ചമയം-പീയൂഷ് പുരഷു, കലാസംവിധാനം- മധു വെള്ളാവ്, പ്രൊജക്റ്റ് ഡിസൈനര്‍- ധീരജ് ബാല, വസ്ത്രാലങ്കാരം- വിജേഷ് വിശ്വം, ടൈറ്റില്‍ ഡിസൈന്‍- ശ്രീനി പുറയ്ക്കാട്ട, വി എഫ് എക്സ്-ജയേഷ് കെ പരമേശ്വരന്‍, കളറിസ്റ്റ്- എം മഹാദേവന്‍, പി ആര്‍ ഒ- പി ആര്‍ സുമേരന്‍, സബ്ടൈറ്റില്‍സ്- ആര്‍ നന്ദലാല്‍, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്- വിനോദ്കുമാര്‍ വി വി, ഗാനരചന- എം ഉണ്ണികൃഷ്ണന്‍, പ്രശാന്ത് പ്രസന്നന്‍, സുരേഷ് രാമന്തളി, ഗായകര്‍-വിജയ് യേശുദാസ്, വിദ്യാധരന്‍ മാസ്റ്റര്‍, ജിന്‍ഷ ഹരിദാസ്.സ്റ്റിൽസ് - വിനോദ് പ്ലാത്തോട്ടം.തുടങ്ങിയവരാണ് സ്റ്റേറ്റ് ബസിന്‍റെ അണിയറപ്രവര്‍ത്തകര്‍

Similar Posts