'രേഖ വേണ്ടോര് വാ...; നിലനിൽപ്പിനെ ചോദ്യം ചെയ്യുന്ന അവസ്ഥ വന്നാൽ ജീവൻ കൊടുത്തും പ്രതിഷേധിക്കും'; ത്രസിപ്പിക്കുന്ന നിലപാടിന്റെ നാവായ മാമുക്കോയ
|തന്റെ ഉറച്ച നിലപാടുകൾ തുറന്നുപറയാൻ യാതൊരു മടിയും കാണിക്കാതിരുന്ന ഉജ്വല സാമൂഹിക നിരീക്ഷകൻ കൂടിയായിരുന്നു അദ്ദേഹം.
സിനിമകളിൽ അതുല്യമായ നിരവധി വേഷങ്ങളിലൂടെ മലയാളികളെ കുടുകുടെ ചിരിപ്പിക്കാൻ മാത്രമല്ല രാജ്യത്തെ ജനങ്ങളെ ബാധിക്കുന്ന പല വിഷയങ്ങളിലും ത്രസിപ്പിക്കുന്ന നിലപാട് സ്വീകരിച്ച നടൻ കൂടിയായിരുന്നു മാമുക്കോയ. പൗരത്വ നിയമത്തിനെതിരായ പ്രതിഷേധ സമയത്ത് വിവിധ സമരപരിപാടികളിൽ പങ്കെടുത്ത് തന്റെ ശക്തമായ നിലപാട് സധൈര്യം വ്യക്തമാക്കിയിരുന്നു അദ്ദേഹം. തന്റെ ഉറച്ച നിലപാടുകൾ തുറന്നുപറയാൻ യാതൊരു മടിയും പേടിയും കാണിക്കാതിരുന്ന ഉജ്വല സാമൂഹിക നിരീക്ഷകൻ കൂടിയായിരുന്നു അദ്ദേഹം.
രാജ്യത്തെ മതത്തിന്റെ പേരിൽ ഭിന്നിപ്പിക്കുന്ന സിഎഎയ്ക്കും എൻആർസിക്കുമെതിരെ 2019ൽ കോഴിക്കോട്ടെ വിവിധ പ്രതിഷേധ പരിപാടികളിൽ നിറ സാന്നിധ്യമായി അദ്ദേഹം വിമർശന കൂരമ്പുകൾ എയ്തു. നിലനിൽപ്പിനെ ചോദ്യം ചെയ്യുന്നൊരു അവസ്ഥ വരുമ്പോൾ ജീവൻ കൊടുത്തും പ്രതിഷേധിക്കും എന്നാണ് അദ്ദേഹം ഒരു വേദിയിൽ പറഞ്ഞത്. 'ഞാൻ പൗരൻ, പേര് ഭാരതീയൻ പൗരത്വം ഔദാര്യമല്ല' എന്ന പ്രമേയത്തിൽ സംസ്‌കാരിക സാഹിതി കോഴിക്കോട് നടത്തിയ സാംസ്‌കാരിക പ്രതിഷേധ പരിപാടിയിൽ സംസാരിക്കുമ്പോഴായിരുന്നു ഇത്.
'ഈ രാജ്യത്ത് ഞാൻ ജനിച്ച് 74 കൊല്ലം ജീവിച്ചതിനിടയ്ക്ക് ഏറ്റവും കൂടുതൽ, 90 ശതമാനവും ഹിന്ദു സുഹൃത്തുക്കളും സഹോദരങ്ങളുമാണ്. ഞങ്ങളൊരു കുടുംബം പോലെ ജീവിച്ചതാ. ഇതിന് കത്തിവയ്ക്കരുത്. ഞങ്ങളെ നാട്ടിൽ ഞാനും കൽപ്പറ്റ നാരായണനും കുമാരനും ഒന്നിച്ചുജീവിച്ചിച്ച സൗഹൃദത്തിനും ബന്ധത്തിനുമൊക്കെ കോടാലി വെക്കുക എന്ന് പറഞ്ഞാൽ നിങ്ങടെ ഫാസിസത്തിനൊരു വിലയുമില്ലെന്ന് മനസിലാക്കണം'.
'എന്റെ നിലനിൽപ്പിനെ ചോദ്യം ചെയ്യുന്നൊരു അവസ്ഥ വരുമ്പോൾ ഞാനെങ്ങനെയാണ് പ്രതിഷേധിക്കുകയെന്ന് പറയാനാവില്ല. അത് ചെലപ്പോൾ ജീവൻ കൊടുത്തുകൊണ്ടായിരിക്കും. കാരണം, അതെന്റെ നിലനിൽപ്പിന് വേണ്ടി മാത്രമല്ല, എന്റെ കുട്ടികൾക്കും അവരുടെ കുട്ടികൾക്കുമൊക്കെ വേണ്ടി ഞാൻ പട പൊരുതും. എല്ലാവരും ഇതിനു വേണ്ടി ശബ്ദിക്കണം.
'ഇനിയെന്ത് പേടിക്കാൻ, തല പോകാൻ നിക്കുമ്പോഴാണോ ചെറിയ വിരലിന്റേയും കൈയിന്റേയുമൊക്കെ കണക്ക് നോക്കുന്നത്. പ്രതികരിക്കണം. അങ്ങേയറ്റം പ്രതികരിക്കണം. കാരണം എന്റെ നിലനിൽപ്പിനാ. വേറൊന്നിനും വേണ്ടിയല്ല. ഞാൻ ജനിച്ചുവീണ ഈ രാജ്യത്ത്, വളർന്നു മരിച്ചുപോവേണ്ട ഈ പ്രദേശത്ത് എനിക്ക് ജീവിക്കണം. അതിന്റെയവകാശം ഒരുത്തന്റേയും കുത്തകയല്ല. അതെനിക്കുള്ളതാണ്. ഞാനും എന്റെ സൃഷ്ടാവും തമ്മിലുള്ള ബന്ധം, പിന്നെ ഈ ഭൂപ്രകൃതിയും ഞാനും തമ്മിലുള്ള ബന്ധം... ഇതിനെയൊന്നും ചോദ്യം ചെയ്യാൻ ഒരു ശക്തിക്കും സാധിക്കൂല'.
'ഈ അവസ്ഥയിൽ ജീവിച്ചുമരിച്ചുപോവുക എന്നല്ലാതെ, അതെന്തിന് നിങ്ങളിവിടെ ജീവിക്കുന്നു എന്നൊക്കെ ചോദിച്ചാൽ, അത് ചോദിക്കുമ്പോൾ പറയാം. അല്ലാത ഇതിന് രേഖ തയാറാക്കി കാണിക്കാൻ പറഞ്ഞാൽ എവിടെ പോയിട്ട് ആരോട് എന്ത് രേഖ?. എന്തിന് രേഖ? രേഖയൊന്നുമല്ല ആവശ്യം. അപ്പോ രേഖയൊന്നും ഉണ്ടാക്കണ്ട, നിങ്ങള് വിചാരിച്ച എന്താച്ചാ ചെയ്‌തോ, ഇങ്ങ്ട് വാ... ഇത്രയേ പറയാനുള്ളൂ...'- മാമുക്കോയയുടെ വാക്കുകൾ. ഇതു കൂടാതെ മുസ്‌ലിം യൂത്ത് ലീഗ് കോഴിക്കോട് സംഘടിപ്പിച്ച ശാഹീൻബാഗ് സമരത്തിലും മാമുക്കോയ പങ്കെടുത്ത് കേന്ദ്രസർക്കാരിനും ഫാഷിസത്തിനുമെതിരെ ശക്തമായ വിമർശനം ഉന്നയിച്ചിരുന്നു.