'ആ നമ്പർ സായിപല്ലവിയുടേതല്ല, എന്റേതാണ്'; 'അമരൻ' നിർമാതാക്കൾക്കെതിരെ വക്കീൽ നോട്ടീസുമായി എഞ്ചിനിയറിങ് വിദ്യാർത്ഥി
|നഷ്ടപരിഹാരമായി 1.1 കോടി രൂപ വേണമെന്ന് ആവശ്യപ്പെട്ടാണ് വിദ്യാർത്ഥി വക്കീൽ നോട്ടീസ് അയച്ചത്
ചെന്നൈ: ശിവകാര്‍ത്തികേയൻ - സായി പല്ലവി കോമ്പോയുടെ സൂപ്പര്‍ ഹിറ്റ് ചിത്രം ‘അമരൻ’ നിർമാതാക്കൾക്ക് വക്കീൽ നോട്ടീസ് അയച്ച് ചെന്നൈയിലെ വിദ്യാർത്ഥി. തന്റെ ഫോൺ നമ്പർ സിനിമയിൽ ഉപയോഗിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് എഞ്ചിനിയറിങ്ങ് വിദ്യാർത്ഥി വി. വി.വാഗീശൻ നോട്ടീസ് അയച്ചത്.
സിനിമയിൽ സായ് പല്ലവി അവതരിപ്പിക്കുന്ന ഇന്ദു റെബേക്ക വർഗീസിന്റേതായി കാണിക്കുന്നത് തന്റെ ഫോൺ നമ്പർ ആണെന്നും ചിത്രം ഇറങ്ങിയതിന് ശേഷം തുടർച്ചയായി കോളുകളെത്തുന്നുവെന്നും വിദ്യാർത്ഥി പറയുന്നു. തുടർച്ചയായി കോളുകളെത്തുന്നതോടെ ഉറങ്ങാനും പഠിക്കാനും സാധിക്കുന്നില്ല, മാനസികമായി ബുദ്ധിമുട്ടുന്നുവെന്നും ഇതോടെ തനിക്ക് സമാധാനം നഷ്ടമായെന്നും വാഗീശൻ പരാതിയിൽ പറഞ്ഞു. നഷ്ടപരിഹാരമായി 1.1 കോടി രൂപ വേണമെന്ന് ആവശ്യപ്പെട്ടാണ് വാഗീശൻ വക്കീൽ നോട്ടീസ് അയച്ചത്. തന്റെ ഫോൺ നമ്പർ മാറ്റില്ലെന്നും വാഗീശൻ വ്യക്തമാക്കി.
ആർമി ഓഫീസർ മേജർ മുകുന്ദ് വരദരാജന്റെ കഥ പറയുന്ന അമരൻ ബോക്സ്ഓഫീസ് റെക്കോർഡുകൾ തകർത്ത മുന്നേറുകയാണ്. ശിവകാർത്തികയൻ, സായ്പല്ലവി എന്നിവർ പ്രധാന വേഷത്തിലെത്തിയ ചിത്രം മികച്ച പ്രേക്ഷക നിരൂപക പ്രശംസകളാണ് നേടുന്നത്. രാജ്കുമാർ പെരിയസാമി സംവിധാനം ചെയ്ത് രാജ് കമൽ ഫിലിംസ് ഇൻ്റർനാഷണലും സോണി പിക്‌ചേഴ്‌സ് ഫിലിംസ് ഇന്ത്യയും ചേർന്നാണ് ചിത്രം നിർമ്മിച്ചത്. മേജർ മുകുന്ദായാണ് ശിവകാർത്തികേയൻ വേഷമിട്ടത്. സായ് പല്ലവി നായികയായി എത്തിയ ചിത്രത്തിൽ ഭുവൻ അറോറ, രാഹുല്‍ ബോസ്, ശ്രീകുമാര്‍, വികാസ് ബംഗര്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളിലുണ്ട്. 2024 ഒക്ടോബർ 31ന് റിലീസ് ചെയ്ത ചിത്രം പ്രദർശനം തുടരുകയാണ്.