![വിജയ് സേതുപതി-വെട്രിമാരൻ വിടുതലൈ സിനിമയുടെ ഷൂട്ടിങ്ങിനിടെ അപകടം; സ്റ്റണ്ട്മാൻ മരിച്ചു വിജയ് സേതുപതി-വെട്രിമാരൻ വിടുതലൈ സിനിമയുടെ ഷൂട്ടിങ്ങിനിടെ അപകടം; സ്റ്റണ്ട്മാൻ മരിച്ചു](https://www.mediaoneonline.com/h-upload/2022/12/05/1337061-accident.webp)
വിജയ് സേതുപതി-വെട്രിമാരൻ 'വിടുതലൈ' സിനിമയുടെ ഷൂട്ടിങ്ങിനിടെ അപകടം; സ്റ്റണ്ട്മാൻ മരിച്ചു
![](/images/authorplaceholder.jpg?type=1&v=2)
ക്രെയിനിന്റെ ഇരുമ്പ് വടം പൊട്ടിയുണ്ടായ അപകടത്തിൽ സുരേഷ് 30 അടി ഉയരത്തിൽ നിന്ന് താഴേയ്ക്ക് വീഴുകയായിരുന്നു
ചെന്നൈ: വിജയ് സേതുപതി നായകനായി അഭിനയിക്കുന്ന വെട്രിമാരൻ സിനിമയുടെ ചിത്രീകരണത്തിനിടെ ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ചെന്നൈയ്ക്ക് സമീപം കേളമ്പാക്കത്ത് ഉണ്ടായ അപകടത്തിൽ സംഘട്ടന സംവിധാന സംഘത്തിലെ ഫൈറ്റിംഗ് പരിശീലകനായ സുരേഷ് (49) ആണ് മരിച്ചത്.
ജയമോഹന്റെ 'തുണൈവൻ' ചെറുകഥയെ ആസ്പദമാക്കി വെട്രിമാരൻ സംവിധാനം ചെയ്യുന്ന 'വിടുതലൈ' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് അപകടമുണ്ടായത്. ക്രെയിനിന്റെ ഇരുമ്പ് വടം പൊട്ടിയുണ്ടായ അപകടത്തിൽ സുരേഷ് 30 അടി ഉയരത്തിൽ നിന്ന് താഴേയ്ക്ക് വീഴുകയായിരുന്നു. വീഴ്ചയിൽ സുരേഷിന്റെ കഴുത്ത് ഒടിഞ്ഞു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. തീവണ്ടി അപകട ദൃശ്യം ചിത്രീകരിക്കുന്നതിന് ഇടയിലാണ് അപകടം നടന്നത്.
ചെന്നൈയ്ക്ക് സമീപം കേളമ്പാക്കത്താണ് അപകടമുണ്ടായത്. രണ്ട് വർഷമായി ചിത്രീകരണം തുടരുന്ന സിനിമയാണ് വിടുതലൈ. വെട്രിമാരൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയത്. സൂരി,ഗൗതം വസുദേവ് മേനോൻ, പ്രകാശ് രാജ്, രാജീവ് മേനോൻ, ഭവാനി ശ്രീ, ചേതൻ തുടങ്ങിയവരാണ് സിനിമയിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആർ എസ് ഇർഫോടെയ്ൻമെൻറിൻറെ ബാനറിൽ എൽറെഡ് കുമാർ ആണ് സിനിമ നിർമ്മിക്കുന്നത്. ചിത്രം രണ്ട് ഭാഗങ്ങളായാണ് പ്രദർശനത്തിനെത്തുക. ആദ്യ ഭാഗത്തിൻറെ ചിത്രീകരണം പൂർത്തിയായിട്ടുണ്ട്. രണ്ടാം ഭാഗത്തിന്റെ ചിത്രീകരണമാണ് ഇപ്പോൾ നടക്കുന്നത്.