Entertainment
10 കോടിയുടെ സമ്മാനം നൽകി ഉണ്ടാക്കിയ സുകേഷ് ചന്ദ്രശേഖർ -ജാക്വലിൻ ഫെർണാണ്ടസ് പ്രേമം ഉടൻ ഒടിടിയിൽ?
Entertainment

10 കോടിയുടെ സമ്മാനം നൽകി ഉണ്ടാക്കിയ സുകേഷ് ചന്ദ്രശേഖർ -ജാക്വലിൻ ഫെർണാണ്ടസ് 'പ്രേമം' ഉടൻ ഒടിടിയിൽ?

Web Desk
|
21 Dec 2021 2:13 PM GMT

ഹോളിവുഡ് നടി ആഞ്ജലീന ജൂലിക്ക് തുല്യയാണ് ജാക്വലിനെന്നും അതുപോലെയുള്ള സൂപ്പർ ഹീറോ സീരിസ് അർഹിക്കുന്നുവെന്നും സുകേഷ് പ്രലോഭിപ്പിച്ചു

ആഡംബര വസ്തുക്കൾ നൽകിയും പലർക്കും പണം നൽകിയും ബോളിവുഡ് നടി ജാക്വലിൻ ഫെർണാണ്ടസുമായി 200 കോടിയുടെ തട്ടിപ്പുകേസ് പ്രതി സുകേഷ് ചന്ദ്രശേഖർ പടുത്തുയർത്തിയ പ്രേമബന്ധം സിനിമയാകുന്നു. 52 ലക്ഷം രൂപ വിലയുള്ള കുതിരയും ഒമ്പത് ലക്ഷം രൂപ വിലമതിക്കുന്ന പേർഷ്യൻ പൂച്ചയുമടക്കം 10 കോടി രൂപയുടെ സമ്മാനങ്ങൾ നൽകി നടിയുമായി സുകേഷുണ്ടാക്കിയ ബന്ധം ഒടിടിയിലെത്തിക്കാൻ ചില സംവിധായകർ രംഗത്തെത്തിയിരിക്കുകയാണ്. പല ഒടിടി പ്ലാറ്റ്‌ഫോം അധികൃതരും സിനിമ ഏറ്റെടുത്ത് വിതരണം ചെയ്യാനും സന്നദ്ധരാണ്. നടിയുമായി സുകേഷ് സ്വകാര്യ നിമിഷങ്ങളടക്കം ചെലവഴിക്കുന്നത് വരെയെത്തിയ അത്യധികം നാടകീയമായ സംഭവം അടിസ്ഥാനമാക്കി സിനിമയൊരുക്കാനാണ് പലരുടെയും നീക്കം. സംഭവം സിനിമയായോ സീരീസായോ അഭ്രപാളിയിലെത്തും. സുകേഷായും ജാക്വലിനായും അഭിനയിക്കുന്നവരുടെ പേരുകളും ചർച്ചയായിട്ടുണ്ട്. ജാക്വലിനെ നായികയാക്കി 500 കോടിയുടെ സൂപ്പർ ഹീറോ ഫിലിം നിർമിക്കാമെന്ന് സുകേഷ് വാഗ്ദാനം നൽകിയിരുന്നു. കൂടുതൽ സിനികളിൽ നടി ഒപ്പുവെക്കാതിരുന്ന സാഹചര്യം ഉപയോഗപ്പെടുത്തിയായിരുന്നു സുകേഷിന്റെ വാഗ്ദാനം. ഇന്ത്യയിലെ ആദ്യ സൂപ്പർ ഹീറോ സിനിമ നിർമിക്കുമെന്നും ഹോളിവുഡ് വിഎഫ്എക്‌സ് ആർട്ടിസ്റ്റുകളെ കൊണ്ടുവരുമെന്നും ആഗോള തലത്തിൽ പുറത്തിറങ്ങുന്ന ചിത്രമായിരിക്കുമെന്നും ഇയാൾ ജാക്വലിന് വാക്ക് നൽകി. ഹോളിവുഡ് നടി ആഞ്ജലീന ജൂലിക്ക് തുല്യയാണ് ജാക്വലിനെന്നും അതുപോലെയുള്ള സൂപ്പർ ഹീറോ സീരിസ് അർഹിക്കുന്നുവെന്നും സുകേഷ് പ്രലോഭിപ്പിച്ചു.

സ്വകാര്യ ജെറ്റിൽ വിനോദയാത്ര, അത്യാഡംബര ബ്രാൻഡായ ചാനൽ, ഗൂച്ചി എന്നിവയുടെ മൂന്ന് ഡിസൈനർ ബാഗുകൾ, ഗൂച്ചിയുടെ രണ്ടു ജോഡി ജിം വസ്ത്രങ്ങൾ, ലൂയി വിറ്റൺ ഷൂസ്, രണ്ട് ജോഡി ഡയമണ്ട് കമ്മൽ, ബഹുവർണക്കല്ലുകൾ പതിച്ച ബ്രെയ്സ്ലറ്റ്, മിനി കൂപ്പർ കാർ (ഇത് പിന്നീട് തിരിച്ചുകൊടുത്തു) എന്നിവ നൽകിയതായി ഇഡി കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പറഞ്ഞിരുന്നു.

ജാക്വിലിൻ ഫെർണാണ്ടസിനെ പരിചയപ്പെടാൻ സഹായി പിങ്കി ഇറാനിക്ക് വൻ തുക നൽകിയതായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും വ്യക്തമാക്കിയിരുന്നു. തിഹാർ ജയിലിൽവെച്ച് നടത്തിയ ചോദ്യം ചെയ്യലിലാണ് ജാക്വിലിൻ ഫെർണാണ്ടസിന് സുകേഷ് ചന്ദ്രശേഖറിനെ പരിചയപ്പെടുത്തിയതായും ഇതിനു പകരമായി വൻതുക ലഭിച്ചതായും പിങ്കി ഇറാനിയുടെ വെളിപ്പെടുത്തലുണ്ടായതെന്നും അവർ അറിയിച്ചു.

ശേഖർ രത്‌നവേല എന്ന പേരിലാണ് സുകേഷ് ജാക്വിലിനുമായി അടുക്കാൻ ശ്രമിച്ചത്. മേക്കപ്പ് ആർട്ടിസ്റ്റ് ഷാൻ മുട്ടത്തിൽ വഴിയാണ് ജാക്വിലിനുമായി അടുപ്പം സ്ഥാപിച്ചത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ഓഫിസ് നമ്പരിൽ നിന്നെന്ന വ്യാജേന ഫോൺ കോൾ നടത്തിയതായും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ദക്ഷിണേന്ത്യൻ ഭാഷകളിൽ നിരവധി ചിത്രങ്ങൾ നിർമിക്കുന്നുണ്ടെന്നും അവയിൽ നായികയാക്കാമെന്നും സുകേഷ് നടിക്ക് വാഗ്ദാനം നൽകിയതായും ഇ.ഡി കണ്ടെത്തി. കേസിൽ പലവട്ടം ജാക്വലിനെ ഇഡി ചോദ്യം ചെയ്തിരുന്നു. പലപ്പോഴും നടി ചോദ്യം ചെയ്യലിനെത്താത്തതും വാർത്തയായിരുന്നു.

ടി നോറ ഫത്തേഹിക്കും സുകേഷ് വിലമതിക്കുന്ന സമ്മാനങ്ങൾ നൽകിയതായി റിപ്പോർട്ടുണ്ട്. അത്യാഢംബര കാർ വാങ്ങുന്നതുമായി ബന്ധപ്പെട്ട് സുകേഷും നോറയും നടത്തിയ ചാറ്റും ദേശീയ മാധ്യമങ്ങൾ പുറത്തുവിട്ടിരുന്നു. 2020 ഡിസംബറിൽ സുകേഷ് നോറക്ക് ഒരു ബി.എം.ഡബ്ല്യു കാർ സമ്മാനമായി നൽകിയതായാണ് ഇ.ഡിയുടെ കണ്ടെത്തൽ. കേസുമായി ബന്ധപ്പെട്ട് നോറ ഫത്തേഫിയെയും ഇ.ഡി പലതവണ ചോദ്യം ചെയ്തിട്ടുണ്ട്.

സമീപ കാലത്തുണ്ടായ ഏറ്റവും വലിയ തട്ടിപ്പാണ് സുകേഷ് നടത്തിയത്. മലയാളി നടിയും മോഡലുമായ ഭാര്യ ലീന മരിയപോളും കേസിൽ പ്രതിയാണ്. ഫാർമസ്യൂട്ടിക്കൽ കമ്പനിയായ റാൻബാക്സിയുടെ പ്രൊമോട്ടർമാരായ ശിവിന്ദർ സിങ്, മൽവീന്ദർ സിങ് എന്നിവരുടെ കുടുംബത്തിൽ നിന്നാണ് സുകേഷ് ചന്ദ്രശേഖർ 200 കോടി തട്ടാൻ ശ്രമിച്ചത്. തട്ടിപ്പു നടത്തിയ ശേഷം ആഡംബര ജീവിതമാണ് ഇയാൾ നയിച്ചിരുന്നത്. ഇദ്ദേഹത്തിന്റെ 16 ലക്ഷ്വറി കാറുകളും കടലിനോട് അഭിമുഖമായ ബീച്ച് ബംഗ്ലാവും ഈയിടെ അന്വേഷണ സംഘം കണ്ടു കെട്ടിയിരുന്നു. ആന്ധ്ര, കേരളം, തമിഴ്നാട് എന്നിവിടങ്ങളിലെല്ലാം ഇദ്ദേഹത്തിന്റെ പേരിൽ വഞ്ചനാ കേസുകളുണ്ട്. രാഷ്ട്രീയക്കാരുടെയും സെലിബ്രിറ്റികളുടെയും അടുപ്പക്കാരൻ എന്ന് പരിചയപ്പെടുത്തിയാണ് ഇയാൾ ആളുകളുടെ വിശ്വാസം നേടിയിരുന്നത്. എഐഎഡിഎംകെ നേതാവ് ടിടിവി ദിനകരനുമായി അമ്പത് കോടിയുടെ ഇടപാടും ഇയാൾ ഉണ്ടാക്കിയിരുന്നു. പാർട്ടി ഗ്രൂപ്പ് പോരിൽ രണ്ടില ചിഹ്നം ഉറപ്പിക്കാനായി തെരഞ്ഞെടുപ്പ് കമ്മിഷനിൽ 'കൈക്കൂലി' നൽകാനാണ് ഇത്രയും പണം ആവശ്യപ്പെട്ടിരുന്നത്. കേസിൽ അറസ്റ്റിലായ ഇദ്ദേഹത്തിൽ നിന്ന് 1.3 കോടി രൂപ കണ്ടെത്തിയിരുന്നു.

Sukesh Chandrasekhar's love affair with Bollywood actress Jacqueline Fernandez become movie

Similar Posts