'ഞാന്‍ ഏറ്റവും കൂടുതല്‍ കരഞ്ഞ വര്‍ഷം': ഹൃദയം തൊടും കുറിപ്പുമായി സുപ്രിയ മേനോന്‍
|'എന്‍റെയും അമ്മയുടെയും ജീവിതത്തിലെ ഏറ്റവും പ്രയാസമേറിയ വർഷമാണ് കടന്നുപോയത്'
അച്ഛന്‍റെ ചരമ വാർഷിക ദിനത്തിൽ ഹൃദയം തൊടും കുറിപ്പുമായി നിര്‍മാതാവ് സുപ്രിയ മേനോൻ. ഏറ്റവും കൂടുതൽ കണ്ണീരൊഴുക്കിയ വർഷമാണ് കടന്നുപോയത്. ഈ ഒരു വർഷത്തിൽ അച്ഛനെക്കുറിച്ച് പറയാതെയോ ചിന്തിക്കാതെയോ ഒരു ദിവസം പോലും കടന്നുപോയിട്ടില്ല. അച്ഛന്‍റെ രക്തം തന്‍റെ സിരകളിൽ ഓടുന്നതിനാല്‍ ഏതു പ്രതിസന്ധികളെയും നേരിടാൻ കഴിയുമെന്നും സുപ്രിയ മേനോന്‍ കുറിച്ചു.
സുപ്രിയ മേനോന്‍റെ കുറിപ്പ്
"അച്ഛൻ ഞങ്ങളെ വിട്ടു പോയിട്ട് ഒരു വർഷം പിന്നിടുന്നു. ഞാൻ ഏറ്റവും കൂടുതൽ കണ്ണീരൊഴുക്കിയ വർഷമാണ് കടന്നുപോയത്. എന്‍റെ ഫോണിലെ സ്പീഡ് ഡയൽ ലിസ്റ്റിലെ അച്ഛന്‍റെ നമ്പർ ഡയൽ ചെയ്യുന്ന ശീലം നിർത്താന്‍ എനിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. എന്‍റെ ഫോണിലെ ചിത്രങ്ങളും വിഡിയോകളും സ്ക്രോൾ ചെയ്ത് അച്ഛന്‍റെ നല്ല നിമിഷങ്ങളും ഞാൻ ഇതുവരെ കണ്ടിട്ടില്ലാത്ത ചിത്രങ്ങളും തിരയുന്ന ശീലവും ഉപേക്ഷിക്കാൻ കഴിയുന്നില്ല. സംഭവിച്ചത് വിശ്വസിക്കാൻ കഴിയാതെ രോഷത്തോടെ ഒരുപാടു ദിവസങ്ങള്‍ കഴിച്ചുകൂട്ടിയ വര്‍ഷം.
എന്തുകൊണ്ടാണ് എനിക്ക് ഇങ്ങനെ സംഭവിച്ചത്? എന്തുകൊണ്ട് എന്റെ അച്ഛൻ? അച്ഛന്റെ ശബ്ദം കേൾക്കുകയോ ആലിംഗനത്തിന്റെ ഊഷ്മളത അനുഭവിക്കുകയോ ചെയ്തിട്ട് ഒരു വർഷമായിരിക്കുന്നു. നമ്മൾ പരസ്പരം സംസാരിക്കുകയോ കാണുകയോ ചെയ്യാത്ത ഏറ്റവും ദൈർഘ്യമേറിയ സമയം. ഈ ഒരു വർഷത്തിൽ അച്ഛനെക്കുറിച്ച് പറയാതെയോ ചിന്തിക്കാതെയോ ഒരു ദിവസം പോലും കടന്നുപോയിട്ടില്ല. അച്ഛൻ എന്‍റെ സ്വപ്നങ്ങളിൽ വരുമെന്നും നമ്മൾ ഒരുമിച്ചിരിക്കുമെന്നും പ്രതീക്ഷിച്ച ഒരു വർഷം. ഞാൻ തനിച്ചായിപ്പോയെന്നും അച്ഛനെപ്പോലെ ആർക്കും എന്നെ പിന്തുണയ്ക്കാൻ കഴിയില്ലെന്നും മനസ്സില്ലാമനസ്സോടെ അംഗീകരിച്ച വർഷം.
എന്‍റെയും അമ്മയുടെയും ജീവിതം ഇനിയൊരിക്കലും മാറ്റാനാവാത്തവിധം മാറിമറിഞ്ഞു. എന്‍റെയും അമ്മയുടെയും ജീവിതത്തിലെ ഏറ്റവും പ്രയാസമേറിയ വർഷമാണ് കടന്നുപോയത്. മുന്നോട്ടുള്ള യാത്രയില്‍ അച്ഛൻ ഒപ്പമില്ലെന്നുള്ള ഓർമ പോലും ഭയാനകമാണ്. പക്ഷേ ഒരു കാര്യത്തിൽ എനിക്കുറപ്പുണ്ട്, അച്ഛന്‍റെ രക്തം എന്റെ സിരകളിൽ ഓടുന്നതിനാല്‍ ഏതു പ്രതിസന്ധികളെയും നേരിടാൻ എനിക്ക് കഴിയും. അച്ഛൻ തെളിച്ച വഴിയിലൂടെയാണ് എന്‍റെ മുന്നോട്ടുള്ള യാത്ര. ഒരു വർഷം- ഞങ്ങൾ അച്ഛനെ ഒരുപാടു മിസ് ചെയ്യുന്നു"