''ഹരീഷേ നിങ്ങളുടെ കോമഡി കണ്ടാണ് ഞാൻ ഉറങ്ങാറ്''- അനുഭവങ്ങൾ പങ്കുവെച്ച് സുരേഷ് ഗോപിയും ഹരീഷ് കണാരനും
|''ഇത്തരത്തിലുള്ള കോമഡികള്‍ കണ്ട് ഉറങ്ങുമ്പോള്‍ ഉറക്കം സമ്പുഷ്ടമാകും''
മേ ഹൂം മൂസയില്‍ അഭിനയിക്കാനെത്തിയപ്പോഴുണ്ടായ അനുഭവങ്ങൾ പങ്കുവെച്ച് സുരേഷ്‌ഗോപിയും ഹരീഷ് കണാരനും. പത്ത് വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് തന്റെ പ്രിയ നടനെ കാണാനായെതെങ്കിൽ ആദ്യത്തെ ഷോട്ടിന് മുൻപ് തന്റെ ഡയലോഗുകൾ ഇങ്ങോട്ട് പറഞ്ഞായിരുന്നു സുരേഷ് ഗോപി ഞെട്ടിച്ചതെന്ന് ഹരീഷ് കണാരൻ പറഞ്ഞു.
'ബോസെടോ നമ്മളെ സുഭാഷ് ചന്ദ്രബോസ്' തുടങ്ങിയ ഡയലോഗുകളെല്ലാമാണ് തന്നെ കണ്ടപാടെ സുരേഷേട്ടൻ പറഞ്ഞത്, പിന്നെയാണ് ഞാനൊന്ന് ഫ്രീയായതെന്ന് ഹരീഷ് കണാരൻ പറഞ്ഞു. ഒരുപാട് ടെൻഷനും കാര്യങ്ങളൊക്കെ ഉണ്ടാവുമ്പോള്‍ ഹരീഷിന്‍റെ കോമഡികളാണ് കാണുന്നതെന്നാണ് സുരേഷേട്ടൻ തന്നോട് പറഞ്ഞതെന്നും ഹരീഷ് കണാരൻ ഓർത്തു.
എന്നാല്‍ ഇത്തരത്തിലുള്ള കോമഡികള്‍ കണ്ട് ഉറങ്ങുമ്പോള്‍ ഉറക്കം സമ്പുഷ്ടമാകുമെന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. കോവിഡ് സമയത്ത് ഹരീഷ് കാണാരന്റെയും മറ്റും കോമഡികൾ കണ്ട് ഡയലോഗുകളെല്ലാം മനഃപാഠമായെന്നും ആ കോമഡികൾ കണ്ടാണ് എല്ലാ ദിവസവും ഉറങ്ങിയിരുന്നതെന്നും സുരേഷേ് ഗോപി പറഞ്ഞു.
കോൺഫിഡന്റ് ഗ്രൂപ്പ് ആന്റ് തോമസ് തിരുവല്ലാ ഫിലിംസിന്റെ ബാനറിൽ ഡോ.സി.ജെ.റോയും തോമസ് തിരുവല്ലയും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന് വൻ സ്വീകീര്യതയാണ് ലഭിക്കുന്നത്. ജിബു ജേക്കബാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇന്ത്യൻ ആർമിയിൽ അംഗമായ മലപ്പുറം പൊന്നാനിക്കാരനായ മൂസ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ സുരേഷ് ഗോപി അവതരിപ്പിക്കുന്നത്. രാജ്യത്തെ അകമഴിഞ്ഞു സ്‌നേഹിക്കുന്ന, സേവിക്കുന്ന ഒരു കഥാപാത്രം. അദ്ദേഹത്തിന്റെ ജീവിതത്തിൽ അരങ്ങേറുന്ന സംഭവങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. കാർഗിൽ, വാഗാ ബോർഡർ, പുഞ്ച്, ഡൽഹി, ജയ്പ്പൂർ, പൊന്നാനി, പ്രദേശങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം പൂർത്തിയായത്.
വലിയ മുതൽ മുടക്ക്, വ്യത്യസ്ത ലൊക്കേഷനുകൾ, മലയാളത്തിലേയും അന്യഭാഷകളിലേയും അഭിനേതാക്കൾ, നൂറു ദിവസങ്ങളോളം നീണ്ടു നിന്ന ചിത്രീകരണം ഇതൊക്കെ ഈ ചിത്രത്തിന്റെ വ്യാപ്തിയെ സൂചിപ്പിക്കുന്നുണ്ട്. നിരവധി നാടകീയ മുഹൂർത്തങ്ങളും സംഘർഷങ്ങളും ചിത്രത്തിലടങ്ങിയിട്ടുണ്ട്.
പുനം ബജ്വാ, അശ്വിനി റെഡ്ഢി, സൈജു കുറുപ്പ്, ഹരിഷ് കണാരൻ, ജോണി ആന്റണി, മേജർ രവി, മിഥുൻ രമേശ്, ശരൺ, ശ്രിന്ദ, ശശാങ്കൻ മയ്യനാട് എന്നിവരും ചിത്രത്തിൽ പ്രധാന താരങ്ങളാണ്. ഇവർക്കൊപ്പം തെരഞ്ഞെടുത്ത നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നു. രചന-രൂപേഷ് റെയ്ൻ. റഫീഖ് അഹമ്മദ്, ഹരി നാരായണൻ, സജാദ് എന്നിവരുടെ വരികൾക്ക് ശ്രീനാഥ് ശിവശങ്കരൻ ഈണം പകർന്നിരിക്കുന്നു. വിഷ്ണു ശർമ്മ ഛായാഗ്രഹണവും സൂരജ് ഇ.എസ്.എഡിറ്റിംഗും നിർവ്വഹിക്കുന്നു.
കലാസംവിധാനം-സജിത് ശിവഗംഗ, മേക്കപ്പ്-പ്രദീപ് രംഗൻ, കോസ്റ്റ്യൂം ഡിസൈൻ-നിസ്സാർ റഹ്മത്ത്, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ-രാജേഷ് ഭാസ്‌ക്കർ, അസ്സോസ്സിയേറ്റ് ഡയറക്ടേർസ്-ഷബിൽ, സിന്റോ, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്-സഫി അയിരൂർ, പ്രൊഡക്ഷൻ കൺട്രോളർ-സജീവ് ചന്തിരൂർ എന്നിവരും നിർവഹിച്ചു.