'മലയാള സിനിമയ്ക്ക് കിട്ടിയ വരദാനമായിരുന്നു മാമുക്ക': മാമുക്കോയയുടെ കുടുംബത്തെ സന്ദർശിച്ച് സുരേഷ് ഗോപി
|"കോവിഡ് വന്ന സമയത്ത് വിളിച്ചതാണ്, അന്നാണ് അവസാനമായി സംസാരിക്കുന്നതും"
കോഴിക്കോട്: അന്തരിച്ച നടൻ മാമുക്കോയയുടെ വീട് സന്ദർശിച്ച് സുരേഷ് ഗോപി. കോഴിക്കോട് അരക്കിണറിലെ വീട്ടിലെത്തിയ സുരേഷ് ഗോപി കുടുംബത്തിനൊപ്പം ഏറെ നേരം ചെലവഴിച്ച ശേഷമാണ് മടങ്ങിയത്.
മലയാള സിനിമയ്ക്ക് കിട്ടിയ വരദാനമായിരുന്നു മാമുക്കോയ എന്ന് പറഞ്ഞ സുരേഷ് ഗോപി അദ്ദേഹത്തിന്റെ വിയോഗം വലിയ നഷ്ടമാണെന്നും കൂട്ടിച്ചേർത്തു. വളരെയേറെ സൗഹൃദം കാത്തു സൂക്ഷിച്ച ഒരാളായിരുന്നു മാമുക്ക. കോവിഡ് വന്ന സമയത്ത് വിളിച്ചതാണ്. അന്നാണ് അവസാനമായി സംസാരിക്കുന്നതും. കാലാകാരെന്ന നിലയിൽ ഓരോ ആളുകൾക്കും ഓരോ പ്രത്യേകതകളുണ്ട്. മാമുക്ക ഒരു കാലത്ത് സത്യേട്ടൻ തന്ന വരദാനം പോലെ മലയാള സിനിമയിലേക്ക് വളരെ വ്യത്യസ്തതയാർന്ന രൂപവും ഭാവചലനങ്ങളും വർത്തമാനവും ഒക്കെയായി വന്നതാണ്. അദ്ദേഹത്തിന് ശേഷം ആരെങ്കിലും അതുപോലെ ഉണ്ടാകുമോ എന്ന് സംശയമാണ്. സുരേഷ് ഗോപി പറഞ്ഞു.
സുരേഷ് ഗോപി എത്തിയതിന് അൽപസമയം മുമ്പ് മുഖ്യമന്ത്രി പിണറായി വിജയനും മാമുക്കോയയുടെ വീട് സന്ദർശിച്ചിരുന്നു. കോഴിക്കോട് ജില്ലയിലെ ഔദ്യോഗിക പരിപാടികൾക്കത്തിയ മുഖ്യമന്ത്രി ആദ്യം തന്നെ മാമുകോയയുടെ വീട് സന്ദർശിക്കാൻ തീരുമാനിക്കുകയായിരുന്നു.. അരക്കിണറിലെ വീട്ടിലെത്തി 10 മിനിറ്റോളം ചെലവഴിച്ച മുഖ്യമന്ത്രി കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേർന്നു.. മന്ത്രിമാരായ മുഹമ്മദ് റിയാസ് , എ. കെ. ശശീന്ദ്രൻ എന്നിവർക്കൊപ്പമാണ് അദ്ദേഹം എത്തിയത്.
മാമുക്കോയയെ കാണാൻ ചലച്ചിത്ര താരങ്ങൾ എത്താത്തത് വിവാദമമായിരുന്നെങ്കിലും ഇതിൽ പരാതിയില്ലെന്നായിരുന്നു കുടുംബത്തിന്റെ പ്രതികരണം.