'ഇതു വെറും പട്ടയമല്ല, വലിയ പ്രതീക്ഷ'; സ്റ്റാലിനെ അഭിനന്ദിച്ച് സൂര്യയും ജ്യോതികയും
|നരിക്കുറവർ, ഇരുളർ തുടങ്ങിയ ആദിവാസി വിഭാഗങ്ങളിൽപ്പെട്ട 282 പേർക്കാണ് കഴിഞ്ഞ ദിവസം സ്റ്റാലിൻ പട്ടയവും ജാതി സർട്ടിഫിക്കറ്റും വിതരണം ചെയ്തത്.
ചെന്നൈ: ആദിവാസി വിഭാഗത്തിൽപ്പെട്ടവര്‍ക്ക് പട്ടയവും ജാതി സർട്ടിഫിക്കറ്റും നൽകിയ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ നടപടിയെ അഭിനന്ദിച്ച് താരദമ്പതികളായ സൂര്യയും ജ്യോതികയും. ഗോത്രവർഗക്കാരുടെ വീടു തേടിയെത്തി മുഖ്യമന്ത്രി നൽകിയത് വെറും പട്ടയമല്ല, വലിയ പ്രതീക്ഷയാണെന്ന് സൂര്യ ട്വിറ്ററിൽ കുറിച്ചു.
നരിക്കുറവർ, ഇരുളർ തുടങ്ങിയ ആദിവാസി വിഭാഗങ്ങളിൽപ്പെട്ട 282 പേർക്കാണ് കഴിഞ്ഞ ദിവസം സ്റ്റാലിൻ പട്ടയവും ജാതി സർട്ടിഫിക്കറ്റും വിതരണം ചെയ്തത്.
'തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ ഗോത്രവർഗക്കാരുടെ വീട് തേടിയെത്തി നൽകിയത് വെറും പട്ടയം മാത്രമല്ല അതൊരു പ്രതീക്ഷയാണ്. കാലാകാലങ്ങളായി തുടരുന്ന ഗോത്രവർഗക്കാരുടെ പ്രശ്നങ്ങൾക്ക് ശാശ്വതമായ പരിഹാരം ഉണ്ടാകുമെന്ന പ്രതീക്ഷയാണത്'- സൂര്യ പറഞ്ഞു.
ജനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റപ്പെടുന്നതിനായി തന്നെക്കൊണ്ടാവുന്നതെല്ലാം ചെയ്യുന്ന വ്യക്തിയാണ് സ്റ്റാലിനെന്ന് ജ്യോതിക പ്രതികരിച്ചു. സത്യം നടപ്പാക്കുന്നതാണ് നീതി. അത് സ്റ്റാലിൻ തെളിയിച്ചു- ജ്യോതിക പറഞ്ഞു.
'എന്റെ ഹൃദയത്തിൽ നിന്ന് വരുന്ന വാക്കുകളാണ്. പ്രവൃത്തിയിലെ സത്യമാണ് നീതി. അത് നിങ്ങൾ പ്രവൃത്തിയിലൂടെ തെളിയിച്ചു. ആളുകളുടെ പ്രശ്നങ്ങൾ കഴിയുന്ന രീതിയിൽ പരിഹരിച്ചും നടപടികൾ വേഗത്തിലെടുത്തും നേതൃത്വം എന്നത് ഒരു പദവി മാത്രമല്ലെന്ന് നിങ്ങൾ തെളിയിച്ചു. വിദ്യാഭ്യാസ രംഗത്ത് സംഭവിച്ച ഗുണകരമായ മാറ്റങ്ങൾ 16 വർഷത്തിനിടയ്ക്ക് അനുഭവിക്കാൻ സാധിച്ചിട്ടില്ല. ഇരുളർക്കും കുറവർക്കും ജാതി സർട്ടിഫിക്കറ്റും പട്ടയവും നൽകിയതും മറ്റു ഇളവുകൾ അനുവദിച്ചതും വലിയ പ്രതീക്ഷയാണ്.'- ജ്യോതിക കൂട്ടിച്ചേർത്തു.
നേരത്തെ, ഇരുള ഗോത്രവിഭാഗക്കാരുടെ ഉന്നമനത്തിനായി സൂര്യയും ജ്യോതികയും ഒരു കോടി രൂപ സംഭാവന നൽകിയിരുന്നു. സൂര്യ നായകനായെത്തിയ ഏറ്റവും പുതിയ ചിത്രം ജയ് ഭീമിന്റെ റിലീസിന് മുന്നോടിയായാണ് ഒരു കോടിയുടെ ചെക്ക് താരങ്ങൾ തമിഴ്‌നാട് മുഖ്യമന്ത്രിക്ക് കൈമാറിയത്.
അതിനിടെ, ജാതിയുടെ പേരിൽ ക്ഷേത്രത്തിലെ അന്നദാന ചടങ്ങിൽ നിന്നും ഇറക്കിവിട്ട ആദിവാസി യുവതിയെ തേടി സ്റ്റാലിൻ വീട്ടിലെത്തി. ചെങ്കൽപേട്ട് ജില്ലയിൽ നരിക്കുറവ, ഇരുള സമുദായങ്ങളിൽപ്പെട്ടവർ താമസിക്കുന്ന പൂഞ്ചേരിയിൽ എത്തിയപ്പോഴാണ് മുഖ്യമന്ത്രി അശ്വതി എന്ന യുവതിയുടെ വീട് സന്ദർശിച്ചത്.
വീട്ടിൽ വച്ച് സ്റ്റാലിൻ മറ്റു കുടുംബങ്ങളുമായും സംവദിക്കുകയും അവരുടെ കാര്യങ്ങൾ ചോദിച്ചറിയുകയും ചെയ്തു. പരാതികൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള നിവേദനങ്ങളും മുഖ്യമന്ത്രി സ്വീകരിച്ചു. റോഡുകൾ ഉൾപ്പെടെ എല്ലാ സൗകര്യങ്ങളും ഒരുക്കുന്നതിന് എല്ലാ നടപടികളും സ്വീകരിക്കുമെന്നും അവരുടെ ജീവിതസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള കാര്യങ്ങൾ ചെയ്യുമെന്നും സ്റ്റാലിൻ ഉറപ്പുനൽകി.
രണ്ടാഴ്ച മുമ്പാണ് അന്നദാനം നടന്ന മഹാബലിപുരത്തെ പെരുമാൾ ക്ഷേത്രത്തിൽനിന്ന് അശ്വനിയെയും കൈക്കുഞ്ഞിനേയും ഇറക്കിവിട്ടത്. നരിക്കുറവർ വിഭാഗത്തിൽ പെട്ടവർ പന്തിയിൽ ഇരിക്കാൻ പാടില്ലെന്നായിരുന്നു ക്ഷേത്ര അധികൃതരുടെ വാദം. ഇതിൽ പ്രതിഷേധിച്ചുള്ള അശ്വനിയുടെ വീഡിയോ പുറത്തുവന്നതോടെ സംഭവം വിവാദമായിരുന്നു. ഇതു ശ്രദ്ധയിൽ പെട്ട ദേവസ്വം മന്ത്രി പി.കെ ശേഖർ ബാബു ക്ഷേത്രത്തിലെത്തി അശ്വനിക്കൊപ്പം ഇരുന്ന് ഭക്ഷണം കഴിച്ചിരുന്നു.