വയനാടിനെ ചേർത്ത് പിടിച്ച് താരങ്ങൾ; സൂര്യയും കാർത്തിയും ജ്യോതികയും ചേർന്ന് 50 ലക്ഷം,10 ലക്ഷം നൽകി രശ്മിക
|വയനാട്ടിലെ ദുരിതബാധിതര്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സഹായങ്ങള്‍ ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്ന് എത്തുകയാണ്.
വയനാട്: വയനാട് ഉരുൾപൊട്ടലിന്‍റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനസഹായം നൽകി തെന്നിന്ത്യൻ താരങ്ങൾ. സൂര്യ, ജ്യോതിക, കാർത്തി എന്നിവർ ചേർന്ന് 50 ലക്ഷം രൂപയും രശ്മിക മന്ദാന 10 ലക്ഷം രൂപയുമാണ് ദുരിതാശ്വാസ നിധിയിലേക്ക് നൽകിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം വിക്രം 20 ലക്ഷം രൂപ നൽകിയിരുന്നു. ഹൃദയം തകർന്നുപോകുന്നു എന്നാണ് സൂര്യ വയനാട്ടിലെ ദുരന്തത്തോട് പ്രതികരിച്ചത്. ഉരുൾപൊട്ടലിന്റെ ദുരിതം അനുഭവിക്കുന്നവർക്കായി പ്രാർത്ഥിക്കുന്നു. രക്ഷാപ്രവർത്തകർക്കൊപ്പംചേർന്ന് ദുരിതബാധിതരെ സഹായിക്കുന്ന ജനങ്ങളോടും സർക്കാർ ഏജൻസി അംഗങ്ങളോടും ബഹുമാനംമാത്രം എന്നാണ് സൂര്യ സോഷ്യൽ മീഡിയയിൽ കുറിച്ചത്.
വാർത്ത കണ്ടപ്പോൾ ഹൃദയം നുറുങ്ങിപ്പോയെന്നാണ് രശ്മിക സോഷ്യൽ മീഡിയയിൽ കുറിച്ചത്. ദുരിതബാധിതരുടെ കുടുംബങ്ങൾക്കായി പ്രാർത്ഥിക്കുന്നുവെന്നും രശ്മിക എഴുതി. 10 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് താരം സംഭാവന ചെയ്തിട്ടുണ്ടെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സൂര്യയും ജ്യോതികയും കാർത്തിയും ചേർന്ന് 50 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു കൈമാറിയെന്ന് ഇവരുടെ മാനേജേഴ്സ് ആണ് സ്ഥിരീകരിച്ചത്.
വയനാട്ടിലെ ദുരിതബാധിതര്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സഹായങ്ങള്‍ ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്ന് എത്തുകയാണ്. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി, വ്യവസായി രവി പിള്ള, കല്യാണ്‍ ജ്വല്ലേഴ്സ് ഉടമ കല്ല്യാണരാമന്‍ എന്നിവര്‍ അഞ്ച് കോടി രൂപ വീതം ധനസഹായം പ്രഖ്യാപിച്ചതായി മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.