ജയ് ഭീം ഐ.എം.ഡി.ബി റേറ്റിങ്ങില്‍ ഒന്നാമത്; ഷോഷാങ്ക് റിഡംപ്ഷനെ പിന്തള്ളി
|ഐ.എം.ഡി.ബി ലിസ്റ്റിൽ ഒന്നാമതെത്തുന്ന ആദ്യ തമിഴ് ചിത്രം കൂടിയാണ് ജയ് ഭീം.
തമിഴ് ചിത്രം ജയ് ഭീം ഐ.എം.ഡി.ബി റേറ്റിങ്ങില്‍ ഒന്നാമതെത്തി. ഹോളിവുഡ് ചിത്രം ഷോഷാങ്ക് റിഡംപ്ഷനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ജയ് ഭീം നേട്ടം കൈവരിച്ചത്. 9.6 ആണ് ജയ് ഭീമിന്റെ റേറ്റിങ്. ഷോഷാങ്ക് റിഡംപ്ഷന്‍റേത് 9.3 ഉം. ഐ.എം.ഡി.ബി ലിസ്റ്റിൽ ഒന്നാമതെത്തുന്ന ആദ്യ തമിഴ് ചിത്രം കൂടിയാണ് ജയ് ഭീം.
സിനിമ നിരൂപകരും ആസ്വാദകരും ഒരേപോലെ ആശ്രയിക്കുന്ന ആഗോള ചലച്ചിത്ര വെബ്‌സൈറ്റ് ആണ് ഐ.എം.ഡി.ബി അഥവ ഇന്റര്‍നെറ്റ് മൂവി ഡാറ്റാബേസ്. ചലച്ചിത്രങ്ങള്‍, അഭിനേതാക്കള്‍, ടെലിവിഷന്‍ പരിപാടികള്‍, നിര്‍മ്മാണ കമ്പനികള്‍, വീഡിയോ ഗെയിമുകൾ, ദൃശ്യവിനോദ മാധ്യമങ്ങളില്‍ വരുന്ന കഥാപാത്രങ്ങള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ ഈ ഓണ്‍ലൈന്‍ ഡാറ്റബേസ് ശേഖരിക്കും. 1990 ഒക്ടോബര്‍ 17-നാണ് ഈ വെബ്സൈറ്റ് ആരംഭിച്ചത്.
ടി.ജെ ജ്ഞാനവേല്‍ സംവിധാനം ചെയ്ത ജയ് ഭീം നവംബര്‍ 2 ന് ആമസോണ്‍ പ്രൈമിലൂടെയാണ് റിലീസ് ചെയ്തത്. മദ്രാസ് ഹൈക്കോടതിയിലെ മുൻ ജഡ്ജിയായ ജസ്റ്റിസ് ചന്ദ്രുവിന്റെ ജീവിതാനുഭവങ്ങളാണ് ചിത്രത്തിനാധാരം. ഒപ്പം തമിഴ്നാട്ടിലെ ദുരൂഹമായ ജാതിവ്യവസ്ഥയുടെയും പാവങ്ങൾ നേരിടുന്ന നീതിനിഷേധത്തിന്‍റെയും പച്ചയായ യാഥാര്‍ഥ്യവും ജയ് ഭീം വരച്ചു കാട്ടുന്നു.
1995 ല്‍ മോഷണമാരോപിക്കപ്പെട്ട് പൊലീസ് പിടിയിലായ ആദിവാസി യുവാവ് രാജക്കണ്ണിന്റെ തിരോധാനവുമായി ബന്ധപ്പെട്ട നിയമപോരാട്ടമാണ് ചിത്രത്തിന്റെ പ്രമേയം. സൂര്യ, ലിജി മോള്‍ ജോസ്, കെ. മണികണ്ഠന്‍, രജിഷ വിജയന്‍, പ്രകാശ് രാജ്, റാവു രമേശ് തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. 2ഡി എന്‍റര്‍ടെയിന്‍മെന്‍റിന്‍റെ കീഴില്‍ സൂര്യയും ജ്യോതികയും ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മാണം.
സ്റ്റീഫന്‍ കിങ്ങിന്റെ നോവലിനെ അടിസ്ഥാനപ്പെടുത്തി ഫ്രാങ്ക് ഡറാബോണ്ട് സംവിധാനം ചെയ്ത ചിത്രമാണ് 'ദ ഷോഷാങ്ക് റിഡംപ്ഷന്‍'. ടിം റോബിന്‍സ്, മോര്‍ഗന്‍ ഫ്രീമാന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. വര്‍ഷങ്ങളായി ഐ.എം.ഡി.ബി റേറ്റിങില്‍ ഒന്നാം സ്ഥാനത്തായിരുന്നു ചിത്രം.