സൂരരൈ പോട്രും ജയ് ഭീമും സൂര്യയുടെ പിറന്നാളിന് തിയറ്ററുകളില്‍
|ജൂലൈ 22 മുതൽ 24 വരെ തമിഴ്നാട്ടിലെ തെരഞ്ഞെടുത്ത തിയറ്ററുകളിൽ രണ്ട് ചിത്രങ്ങളും പ്രദർശിപ്പിക്കും
ചെന്നൈ: ഒടിടി പ്ലാറ്റ്ഫോമുകളിലൂടെ പ്രേക്ഷകരിലെത്തിയ ചിത്രമാണ് സൂരരൈ പോട്രും ജയ് ഭീമും. ആമസോണ്‍ പ്രൈമിലൂടെയാണ് ഈ രണ്ടും ചിത്രങ്ങളും റിലീസ് ചെയ്തത്. ഇരുസിനിമകളും മികച്ച അഭിപ്രായം നേടിയിരുന്നു. ഇപ്പോഴിതാ തിയറ്റര്‍ അനുഭവം നഷ്ടപ്പെട്ടു എന്നു കരുതുന്ന ആരാധകര്‍ക്കായി ചിത്രങ്ങള്‍ വീണ്ടും പ്രേക്ഷകരിലേക്കെത്തുകയാണ്. ഇത്തവണ തിയറ്ററില്‍ സൂരരൈ പോട്രും ജയ് ഭീമും ആരാധകര്‍ക്ക് കാണാം.
സൂര്യയുടെ പിറന്നാളിനോടനുബന്ധിച്ചാണ് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുക. ജൂലൈ 22 മുതൽ 24 വരെ തമിഴ്നാട്ടിലെ തെരഞ്ഞെടുത്ത തിയറ്ററുകളിൽ രണ്ട് ചിത്രങ്ങളും പ്രദർശിപ്പിക്കും. ബിഗ് സ്ക്രീനിൽ ഈ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾ പിടിക്കാൻ സൂര്യയുടെ ആരാധകർ ശ്വാസമടക്കി കാത്തിരിക്കുകയാണ്. ജൂലൈ 23നാണ് സൂര്യയുടെ 47ാം പിറന്നാള്‍. ഹിറ്റ് ചിത്രങ്ങളുടെ സ്ക്രീനിങ്ങിന് പുറമെ തമിഴ്നാട്ടിലുടനീളം സൂര്യയുടെ ആരാധകർ സേവനപരിപാടികളും സംഘടിപ്പിക്കും.
സുധ കൊങ്ങരയാണ് സൂരരൈ പ്രോടിന്റെ സംവിയിക. ഇന്ത്യയിലെ ആദ്യ ബജറ്റ് എയര്‍ലൈനായ എയര്‍ ഡെക്കാന്റെ സ്ഥാപകന്‍ ക്യാപ്റ്റൻ ജി.ആര്.ഗോപിനാഥിന്റെ ആത്മകഥ 'സിംപ്ലി ഫ്ലൈ' യെ ആധാരമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. മലയാളിയായ അപര്‍ണ ബാലമുരളിയായിരുന്നു ചിത്രത്തിലെ നായിക.
പ്രേക്ഷകപ്രീതിയും നിരുപക ശ്രദ്ധയും ഒരുപോലെ സ്വന്തമാക്കിയ 'ജയ് ഭീം'അടിസ്ഥാന വര്‍ഗത്തിന്റെ നീതിക്കുവേണ്ടിയുള്ള പോരാട്ടത്തെ കുറിച്ചാണ് പറയുന്നത്. കഴിഞ്ഞ വർഷം നവംബറിലാണ് ജയ് ഭീം ആമസോൺ പ്രൈമിലൂടെ റിലീസ് ചെയ്തത്. 1993 ല്‍ ഇരുള വിഭാഗത്തിൽപ്പെട്ട യുവാവിന്റെ കസ്റ്റഡി മരണവും അത് തെളിയിക്കാൻ അഡ്വ.ചന്ദ്രു നടത്തിയ നിയമപോരാട്ടവുമായിരുന്നു സിനിമയ്ക്കാധാരം. സൂര്യയുടെ ബാനറായ ടു ഡി എന്റര്‍ടെയ്ന്‍മെന്റ്സാണ് ചിത്രം നിര്‍മ്മിച്ചത്.