Entertainment
മാളൂട്ടി, ഹെലൻ, മഞ്ഞുമ്മൽ ബോയ്സ്...; നെഞ്ചിടിപ്പ് കൂട്ടിയ അതിജീവനം, മലയാളത്തിലെ സർവൈവൽ ത്രില്ലറുകൾ
Entertainment

മാളൂട്ടി, ഹെലൻ, മഞ്ഞുമ്മൽ ബോയ്സ്...; നെഞ്ചിടിപ്പ് കൂട്ടിയ അതിജീവനം, മലയാളത്തിലെ സർവൈവൽ ത്രില്ലറുകൾ

Web Desk
|
23 Feb 2024 3:03 PM GMT

ഹോളിവുഡിൽ കാസ്റ്റ് എവേ, ദ റെവനന്റ്, 127 അവേഴ്സ്, ലൈഫ് ഓഫ് പൈ തുടങ്ങി നിരവധി സിനിമകൾ ഉദാഹരണമായുണ്ട്.

ജാൻ-എ-മന്നിന് ശേഷം ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മൽ ബോയ്സ് മികച്ച പ്രതികരണങ്ങളുമായി തിയേറ്ററുകളിൽ മുന്നേറുകയാണ്. യഥാർഥ സംഭവത്തെ ആസ്പദമാക്കിയുള്ള സർവൈവൽ ത്രില്ലറാണ് ചിത്രം. കൊച്ചിയിലെ മഞ്ഞുമ്മലിൽ നിന്നും ഒരു സുഹൃദ് സംഘം കൊടൈക്കനാലിലേക്ക് യാത്ര പോവുന്നതും അവിടെ നിന്ന് അവർക്ക് അഭിമുഖീകരിക്കേണ്ടിവരുന്ന അപ്രതീക്ഷിത സംഭവങ്ങളുമാണ് 'മഞ്ഞുമ്മൽ ബോയ്സ്'ന്റെ പ്രമേയം. പ്രേക്ഷകർക്ക് വ്യത്യസ്തമായ യാത്രാനുഭവത്തോടൊപ്പം വേറിട്ട കഥാപശ്ചാത്തലവും ചിത്രം സമ്മാനിക്കുന്നുണ്ട്.


കൊടൈക്കനാലിലെ ഡെവിൾസ് കിച്ചൻ അഥവാ ഗുണ കേവ്സും അവിടുത്തെ നിഗൂഢതകളുമാണ് ചിത്രം ഒപ്പിയെടുത്തത്. നെഞ്ചിടിപ്പ് കൂട്ടുന്ന ഒട്ടനേകം മുഹൂർത്തങ്ങൾ സഹിതം മഞ്ഞുമ്മൽ ബോയ്സ് പ്രേക്ഷകനെ പിടിച്ചിരുത്തുന്നുണ്ട്. സ്ക്രീനിൽ കാണുന്നത് യഥാർഥത്തിൽ സംഭവിച്ചതാണെന്നതും പ്രേക്ഷകനെ വല്ലാതെ അലട്ടുന്നതാണ്. മലയാളത്തിൽ പുറത്തിറങ്ങിയ സർവൈവൽ ത്രില്ലറുകളുടെ പട്ടികയിൽ മുൻപന്തിയിൽ ഇടംപിടിക്കാനും ചിത്രത്തിനായി. അന്യഭാഷകളിൽ സർവൈവൽ ത്രില്ലറുകൾ ധാരാളം പുറത്തിറങ്ങിയിട്ടുണ്ട്. ഹോളിവുഡിൽ കാസ്റ്റ് എവേ, ദ റെവനന്റ്, 127 അവേഴ്സ്, ലൈഫ് ഓഫ് പൈ, ദ മാർഷ്യൻ, ഇൻ ടു ദ വൈൽഡ് തുടങ്ങി നിരവധി ക്ലാസിക് സിനിമകൾ തന്നെ ഉദാഹരണമായുണ്ട്. എന്നാൽ, മലയാളത്തിൽ ഇത്തരം സിനിമകൾ താരതമ്യേന കുറവാണ്. മാളൂട്ടി, ഹെലൻ, ടേക്ക് ഓഫ്, മലയൻകുഞ്ഞ് തുടങ്ങിയ ചിത്രങ്ങളാണ് ഈ പട്ടികയിൽ എടുത്തുപറയാവുന്നവ.

മാളൂട്ടി

ഭരതന്റെ സംവിധാനത്തിൽ 1990ൽ റിലീസായ മാളൂട്ടിയാണ് മലയാളം സർവൈവൽ ത്രില്ലറുകളുടെ പട്ടികയിൽ മുൻപന്തിയിൽ. ഉർവശിയും ജയറാമും ബേബി ശ്യാമിലിയും മികച്ച അഭിനയം കാഴ്ചവെച്ച ചിത്രം വി.എഫ്.എക്സും മറ്റ് സാങ്കേതിക സംവിധാനങ്ങളുമില്ലാത്ത കാലത്ത് മലയാളിയുടെ നെഞ്ചിടിപ്പ് കൂട്ടിയ ലക്ഷണമൊത്ത സർവൈവൽ ത്രില്ലറാണ്. മാളൂട്ടി എന്ന കുഞ്ഞ് പറമ്പിലെ ആഴത്തിലുള്ള കുഴൽക്കിണറിൽ വീഴുന്നതും മണിക്കൂറുകൾ നീണ്ട രക്ഷാ പ്രവർത്തനത്തിനൊടുവിൽ കുഞ്ഞിനെ രക്ഷപ്പെടുത്തുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം.


കണ്ണ് നിറയ്ക്കുന്നതും ആകാംക്ഷാഭാരിതവുമായി നിരവധി മുഹൂർത്തങ്ങൾ ചിത്രത്തിലുണ്ട്. മാളൂട്ടിയായെത്തിയ ബേബി ശ്യാമിലി പ്രകടനംകൊണ്ട് കയ്യടി നേടുകയും ചെയ്തു. ആ വർഷത്തെ മികച്ച ബാലതാരത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡും ശ്യാമിലി നേടിയിരുന്നു.

നീരാളി

2018ൽ മോഹൻലാൽ നായകനായി പുറത്തിറങ്ങിയ ചിത്രമാണ് നീരാളി. ബോളിവുഡ് സംവിധായകനും എഡിറ്ററും കൂടിയായ അജോയ് വര്‍മയുടെ ആദ്യ മലയാള ചിത്രം കൂടിയായിരുന്നു ഇത്. രത്‌നക്കല്ലുകളുടെ മൂല്യം നിശ്ചയിക്കുന്ന ഒരു ജെമ്മോളജിസ്റ്റാണ് മോഹൻലാലിന്റെ സണ്ണി ജോർജ്. പ്രസവം അടുത്ത് ആശുപത്രിയിൽ കഴിയുന്ന ഭാര്യ മോളിക്കുട്ടിയെ കാണാൻ ബംഗളൂരുവില്‍ നിന്ന് കമ്പനി വണ്ടിയിൽ സണ്ണി യാത്ര തിരിക്കുന്നു. ഒപ്പം ഡ്രൈവര്‍ വീരപ്പനും ഉണ്ട്. ആ യാത്രയ്ക്കിടയിൽ അവർ വലിയൊരു അപകടത്തിൽപെടുന്നതും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് നീരാളിയുടെ പ്രമേയം. മോഹൻലാലിനൊപ്പം പാർവതി നായർ, നദിയ മൊയ്തു എന്നിവരാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മൂൺഷോട്ട് എൻറർടെയിൻമെന്റിന്റെ ബാനറിൽ സന്തോഷ് ടി. കുരുവിള നിർമിച്ച ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയത് സാജു തോമസാണ്. വൻ പ്രതീക്ഷയോടെ വന്ന ചിത്രം പക്ഷേ ബോക്സ് ഓഫീസിൽ പരാജയമായിരുന്നു.


ഹെലൻ

സർവൈവൽ ത്രില്ലർ വിഭാഗത്തിലെത്തി പ്രേക്ഷക പ്രശംസ നേടിയ മറ്റൊരു മലയാളചിത്രമാണ് ഹെലൻ. അന്ന ബെൻ നായികയായെത്തിയ ചിത്രം ചിക്കൻ ഹബ്ബിലെ ഫ്രീസറിൽ കുടുങ്ങി പോകുന്ന പെൺകുട്ടിയുടെ കഥയാണ് പറയുന്നത്. -18 ഡിഗ്രി സെൽഷ്യസിൽ ഒരു രാത്രി മുഴുവൻ ഫ്രീസറിൽ അകപ്പെട്ട ഹെലൻ അഭിമുഖീകരിച്ച പ്രശ്നങ്ങളും അതിജീവനവും പ്രേക്ഷകരെ മുൾമുനയിൽ നിർത്തുന്നതായിരുന്നു. ലാൽ, നോബിൾ ബാബു തോമസ്, അജു വർഗീസ്, റോണി ഡേവിഡ്, ബിനു പപ്പു എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളായെത്തിയത്. മാത്തുക്കുട്ടി സേവ്യർ ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു ഹെലൻ.


ടേക്ക് ഓഫ്

2014-ൽ ഇറാഖിലെ തിക്രിത് നഗരത്തിൽ ഇന്ത്യൻ നഴ്‌സുമാർ നേരിട്ട ദുരനുഭവത്തെ ആസ്പദമാക്കി 2017 ൽ പുറത്തിറങ്ങിയ ചിത്രമാണ് ടേക്ക് ഓഫ്. മഹേഷ് നാരായണൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രം മലയാളത്തിലെ സർവൈവൽ ത്രില്ലറുകളിൽ മികച്ചതാണ്. പാർവതി തിരുവോത്ത് എന്ന നായികയുടെ കരിയറിലും സുപ്രധാനമാണ് ടേക്ക് ഓഫ്. ഷെബിൻ ബെക്കർ, ആന്റോ ജോസഫ് എന്നിവർ ചേർന്ന് നിർമിച്ചിരിക്കുന്ന ടേക്ക് ഓഫിൽ കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, ആസിഫ് അലി എന്നിവരും പ്രധാന വേഷങ്ങളിലെത്തിയിരുന്നു.


മലയൻകുഞ്ഞ്

സജിമോൻ പ്രഭാകർ സംവിധാനം ചെയ്ത് 2022-ൽ പുറത്തിറങ്ങിയ ചിത്രമാണ് മലയൻകുഞ്ഞ്. ഫഹദ് ഫാസിലും രജിഷ വിജയനുമാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ തുടങ്ങിയ പ്രകൃതിദുരന്തങ്ങൾ മലയോര മേഖലകളിലെ മനുഷ്യരെ എങ്ങനെ ബാധിക്കുന്നുവെന്നതാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിൽ തുറന്നുകാട്ടിയത്. ഇന്ദ്രൻസ്, ജാഫർ ഇടുക്കി, ദീപക് പറമ്പോല്‍ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മഹേഷ് നാരായണൻ തിരക്കഥയെഴുതിയ ചിത്രം നിർമിച്ചത് ഫാസിലായിരുന്നു. വർഷങ്ങൾക്കുശേഷം എ.ആർ റഹ്മാൻ മലയാളത്തിൽ സംഗീതം നിർവഹിച്ച ചിത്രമെന്ന പ്രത്യേകതയും മലയൻകുഞ്ഞിനുണ്ടായിരുന്നു.


വൈറസ്, 2018 തുടങ്ങിയ ചിത്രങ്ങളും അതിജീവനത്തിന്റെ കഥയാണ് മലയാളിക്ക് മുന്നിലെത്തിച്ചത്. കേരളത്തെ അത്രമേൽ ഭീതിയിലാഴ്ത്തിയ നിപ വൈറസിനെ മലയാളി എങ്ങനെ ചെറുത്തു തോൽപ്പിച്ചു എന്ന കഥയാണ് വൈറസ് പറഞ്ഞതെങ്കിൽ മഹാപ്രളയ കാലത്തിന്റെ ചലച്ചിത്രാവിഷ്കാരമായിരുന്നു 2018. നിലവിൽ മലയാള സിനിമ മഞ്ഞുമ്മൽ ബോയ്സിൽ എത്തിനിൽക്കുമ്പോൾ ഇനിയും പരീക്ഷണങ്ങൾക്കുള്ള സാധ്യതയാണ് പ്രസ്തുത ഴോണർ തുറന്നിടുന്നത്.

Similar Posts