Entertainment
വെള്ളിത്തിരയിലെ ധോണി; സുശാന്തിന്‍റെ ഓര്‍മകളില്‍ ആരാധകര്‍
Entertainment

വെള്ളിത്തിരയിലെ ധോണി; സുശാന്തിന്‍റെ ഓര്‍മകളില്‍ ആരാധകര്‍

Web Desk
|
14 Jun 2022 10:22 AM GMT

2020 ജൂൺ 14നാണ് ആരാധകരെ കണ്ണീരിലാഴ്‍ത്തി സുശാന്ത് ഈ ലോകത്തോട് വിട പറഞ്ഞത്

ബോളിവുഡ് നടൻ സുശാന്ത് സിങ് രജ്‍പുത് വിടപറഞ്ഞിട്ട് രണ്ട് വർഷം. 2020 ജൂൺ 14നാണ് ആരാധകരെ കണ്ണീരിലാഴ്‍ത്തി സുശാന്ത് ഈ ലോകത്തോട് വിട പറഞ്ഞത്.

എല്ലാവരോടും ചെറുപുഞ്ചിരിയോടെയും സ്നേഹത്തോടെയും പെരുമാറിയിരുന്ന യുവനടന്‍റെ വിയോഗവാർത്ത ബോളിവുഡിനെ മാത്രമല്ല, ലോകമെമ്പാടുമുള്ള സിനിമാപ്രേമികളെ ദുഃഖത്തിലാഴ്‍ത്തി. സിനിമയിലെത്തി ചുരുങ്ങിയകാലം കൊണ്ടുതന്നെ ഒട്ടേറെ ആരാധകരെ സ്വന്തമാക്കാൻ സുശാന്തിന് കഴിഞ്ഞിരുന്നു. പട്‍ന സ്വദേശികളായ കൃഷ്‍ണകുമാർ സിംഗ് - ഉഷാ സിംഗ് ദമ്പതിമാരുടെ ഇളയ മകനായാണ് 1986ൽ സുശാന്ത് ജനിച്ചത്. പഠനത്തിൽ മാത്രമല്ല സ്‍പോര്‍ട്‍സിലും എന്നും മുന്നിലായിരുന്നു സുശാന്ത്.ദേശീയ തലത്തിൽ ഫിസിക്സ് ഒളിമ്പ്യാഡിൽ ജേതാവായ സുശാന്ത് ഐ.എസ്.എം ധൻബാദ് അടക്കം പതിനൊന്ന് എഞ്ചിനീയറിങ് എൻട്രൻസുകളും പാസായിട്ടുണ്ട്. ബാരി ജോണിന്‍റെ ആക്‍ടിങ് ക്ലാസിന് പോയപ്പോഴാണ് തന്റെ ഭാവി എഞ്ചിനീയറിങ് അല്ല, നൃത്തവും അഭിനയവുമാണെന്ന് സുശാന്ത് മനസ്സിലാക്കിയത്.

പിന്നീട് നിരവധി നൃത്ത പരിപാടികളിലൂടെ സുശാന്തിനെ നമ്മൾ കണ്ടെങ്കിലും 2008 ൽ സ്റ്റാർ പ്ലസിലെ 'കിസ് ദേശ് മേ ഹെ മേരാ ദിൽ'എന്ന സീരിയലിലൂടെയായിരുന്നു സുശാന്തിന്‍റെ അഭിനയജീവിതം ആരംഭിച്ചത്. അടുത്ത വർഷം പുറത്തിറങ്ങിയ 'പവിത്ര രിഷ്‍താ' എന്ന പരമ്പരയിലൂടെ സുശാന്ത് ഏറെ പ്രേക്ഷകശ്രദ്ധ നേടി. അതിലെ കഥാപാത്രമാണ് താരത്തെ ബിഗ് സ്‍ക്രീനിലേക്ക് എത്തിച്ചത്.

കൈ പോ ചെ എന്ന ചിത്രത്തിലൂടെയാണ് സുശാന്ത് ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. മികച്ച നവാഗത നടനുള്ള ആ വർഷത്തെ ഫിലിം ഫെയർ പുരസ്‍കാരവും ചിത്രത്തിലൂടെ സുശാന്ത് സ്വന്തമാക്കി.റൊമാന്റിക് കോമഡി ചിത്രമായ 'ശുദ്ധ് ദേശി റൊമാൻസ്' ആക്ഷൻ ത്രില്ലർ 'ഡിറ്റക്ടീവ് ബ്യോംകേഷ് ബക്ഷി' എന്നീ ചിത്രങ്ങളിലും മികച്ച പ്രകടനമാണ് സുശാന്ത് കാഴ്‍ച വച്ചത്. ആമിർ ഖാനും അനുഷ്‍ക ശർമ്മയും പ്രധാനവേഷത്തിലെത്തിയ ആക്ഷേപഹാസ്യ ചിത്രമായ 'പികെ'യിലെ സർഫറാസ് യൂസഫ് എന്ന അതിഥിവേഷവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

എം എസ് ധോണിയുടെ ജീവചരിത്ര സിനിമയായ 'എം എസ് ധോണി: ദ അൺടോൾഡ് സ്റ്റോറി'യിൽ ധോണിയെ അവതരിപ്പിച്ചതും സുശാന്ത് ആയിരുന്നു.ധോണിയായി മികച്ച അഭിനയമാണ് സുശാന്ത് കാഴ്‌ച വച്ചത്.ബോക്‌സോഫീസിലും സിനിമ കോടികൾ വാരിക്കൂട്ടി. സംവിധായകൻ നീരജ് പാണ്ഡെ ധോണിയുടെ വേഷത്തിലേയ്ക്ക് സുശാന്തിനെ തെരഞ്ഞെടുക്കാനുള്ള കാരണം, ധോണിയേപ്പോലെ തന്നെ എളിമയുള്ള, കൂളായ മനുഷ്യനാണ് സുശാന്ത് എന്നതായിരുന്നു.

കേദാർനാഥ്, ചിച്ചോർ എന്നീ ചിത്രങ്ങളും ഏറെ ശ്രദ്ധ നേടി.വെറും ഏഴുവർഷത്തെ സിനിമാ ജീവിതത്തിൽ നിരവധി അവിസ്‍മരണീയമായ റോളുകളിൽ പകർന്നാടിയ സുശാന്ത് സിംഗ് രാജ്‍പുത് എന്ന യുവപ്രതിഭ, ചെയ്‍തുതീർക്കാൻ നിരവധി റോളുകൾ ബാക്കിവച്ചാണ് കളമൊഴിഞ്ഞത്. വിടപറഞ്ഞ് രണ്ട് വർഷം പിന്നിടുമ്പോഴും താരത്തിന്‍റെ മരണത്തിൽ ദുരൂഹതകൾ ഒഴിഞ്ഞിട്ടില്ല.

Similar Posts