"അപർണ ഒരു ദിവസം മുഴുവൻ കാത്തിട്ടും ചാക്കോച്ചൻ വന്നില്ല, ഇവിടെയാരും വേറെ പണിയില്ലാത്തവരല്ല"; സുവിൻ കെ വർക്കി
|"ഇൻഡസ്ട്രിയിലെ പലരും അഭിമുഖീകരിക്കുന്ന പ്രശ്നമാണിത്. പേടി കാരണം ആരും പുറത്തുപറയുന്നില്ലെന്നേയുള്ളൂ"; ക്യൂ സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിലായിരുന്നു സുവിൻ തുറന്നടിച്ചത്
കുഞ്ചാക്കോ ബോബനെതിരെ കൂടുതൽ ആരോപണങ്ങളുമായി 'പദ്‌മിനി' സിനിമയുടെ നിർമാതാവ് സുവിൻ കെ വർക്കി. രണ്ടരക്കോടി രൂപ പ്രതിഫലം വാങ്ങിയിട്ടും പ്രമോഷനിൽ പങ്കെടുക്കാതെ നടൻ കുഞ്ചാക്കോ ബോബന്‍ വഞ്ചിച്ചെന്ന ആരോപണത്തിന് പിന്നാലെ ക്യൂ സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിലായിരുന്നു സുവിൻ തുറന്നടിച്ചത്.
"സിനിമയുടെ ടീസർ, ഓഡിയോ ലോഞ്ച് തുടങ്ങി ഒരു ഓഫ്‌ലൈൻ മാർക്കറ്റിങ് മാർക്കറ്റിങ് പരിപാടികൾക്കും ചാക്കോച്ചൻ സഹകരിച്ചിട്ടില്ല. ഒരു പടം ഓഫ്‌ലൈനിൽ മാർക്കറ്റ് ചെയ്തെങ്കിൽ മാത്രമേ ഫാമിലി ഓഡിയൻസ് അടക്കമുള്ളവരിലേക്ക് അത് എത്തുകയുള്ളൂ. ചാക്കോച്ചന്റെ അസാന്നിധ്യം സിനിമയെ നല്ലരീതിയിൽ ബാധിച്ചിട്ടുണ്ട്. നായകന്റെ താരപരിവേഷം കണ്ടാണല്ലോ ആളുകൾ ആദ്യം സിനിമ ശ്രദ്ധിക്കുന്നത്."
ദേശീയ അവാർഡ് നേടിയ സംവിധായകനും നടിയുമാണ് ഈ സിനിമയിലുള്ളത്. സെന്ന ഹെഗ്‌ഡെയും അപർണ ബാലമുരളിയും നൂറുശതമാനം ചിത്രത്തിന്റെ പ്രമോഷൻ വർക്കുകൾക്ക് നൽകിയിട്ടുണ്ട്. അപർണ ഒരു ദിവസം രാവിലെ മുതൽ വൈകുന്നേരം ആറുമണി വരെ ക്രൗൺ പ്ലാസയിൽ ഇന്റർവ്യൂ, പ്രൊമോഷൻ വർക്കുകൾക്കായി കാത്തിരുന്നു. അദ്ദേഹം എത്തിയില്ല. മറ്റ് ആർട്ടിസ്റ്റുകളും സംവിധായകരുമൊന്നും വേറെ പണിയില്ലാതെ ഇരിക്കുന്നവരല്ല. അവരുടെ സമയത്തിനും വിലയുണ്ട്. സെൽഫ് റെസ്‌പെക്ട് പോലും കിട്ടാതെ വരുമ്പോഴാണ് ആളുകൾ വിവരം പുറത്തുപറയാൻ നിർബന്ധിതരാകുന്നത്; സുവിൻ പറയുന്നു.
"ഞാനിത് പുറത്തുപറഞ്ഞതോടെ എല്ലാവരുടെയും കണ്ണിലെ കരടായി. ഇൻഡസ്ട്രിയിലെ പലരും അഭിമുഖീകരിക്കുന്ന പ്രശ്നമാണിത്. പേടി കാരണം ആരും പുറത്തുപറയുന്നില്ലെന്നേയുള്ളൂ. മലയാള സിനിമയിലെ ഉന്നത താരങ്ങൾ വരെ പ്രൊമോഷൻ വർക്കിന് ഓടി നടക്കുമ്പോൾ തുടർച്ചയായി ഒരാൾക്ക് മാത്രം എന്താണ് പ്രശ്‌നം? അദ്ദേഹം പറയുന്ന പ്രൊഡക്ഷൻ ഹൗസ്, ഡിസ്ട്രിബ്യൂട്ടർ ഇതൊക്കെ ചെയ്യുന്ന പടങ്ങൾക്ക് അദ്ദേഹം എല്ലാ രീതിയിലും സഹകരിക്കും. അല്ലാത്ത പടങ്ങളുടെ അവസ്ഥ ഇതാണ്. നിർമാതാക്കളുടെ അസോസിയേഷനിൽ പോലും ചാക്കോച്ചന് വേണ്ടിയാണ് വാദിച്ചത്"; സുവിൻ പറഞ്ഞു.
പദ്‌മിനി സിനിമയുടെ 25 ദിവസത്തെ ഷൂട്ടിനു വേണ്ടി 2.5 കോടി രൂപയാണ് കുഞ്ചാക്കോ ബോബൻ പ്രതിഫലം വാങ്ങിയത്. അഭിമുഖങ്ങളിലോ പ്രമോഷന്റെ ഭാഗമായുള്ള ടിവി പരിപാടികളിലോ പങ്കെടുത്തിട്ടില്ലെന്നായിരുന്നു ആരോപണം. കുഞ്ചാക്കോ ബോബന്റെ ഭാര്യ നിയോഗിച്ച മാർക്കറ്റിങ് കൺസൽറ്റന്റ് ചിത്രത്തെക്കുറിച്ച് മോശം പറയുകയും സിനിമയുടെ പ്രമോഷൻ ടീം പദ്ധതിയിട്ടിരുന്ന മറ്റെല്ലാ പ്രമോഷനൽ പ്ലാനുകളും തള്ളിക്കളയുകയും ചെയ്‌തുവെന്ന് സുവിൻ സോഷ്യൽ മീഡിയയിൽ പറഞ്ഞിരുന്നു.
ആരോപണത്തിന് പിന്നാലെ സിനിമയുടെ പോസ്റ്ററിൽ നിന്ന് കുഞ്ചാക്കോ ബോബനെ നീക്കം ചെയ്‌ത് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയും ചെയ്‌തിരുന്നു. കുഞ്ചാക്കോ ബോബൻ, അപർണ ബാലമുരളി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സെന്ന ഹെഗ്ഡെ സംവിധാനം ചെയ്ത ചിത്രമാണ് പദ്‌മിനി. ലിറ്റിൽ ബിഗ് ഫിലിംസിന്റെ ബാനറിൽ സുവിൻ വർക്കി, പ്രശോഭ് കൃഷ്ണ എന്നിവരാണ് ചിത്രത്തിന്റെ നിർമാണം. ലിറ്റിൽ ബിഗ് ഫിലിംസ് നിർമിച്ച കുഞ്ഞിരാമായണത്തിന്റെ തിരക്കഥാകൃത്ത് ദീപു പ്രദീപ് തന്നെയാണ് പദ്മിനിയുടെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്.