ഒരു പ്രത്യേക രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിൽ വിശ്വസിക്കുന്നവരാണ് എന്നെ ട്രോളുന്നത്: സ്വര ഭാസ്കര്‍
|തന്‍റെ സൈബര്‍ പോരാട്ടം ഗാര്‍ഹിക പീഡനത്തെ അതിജീവിച്ചിച്ചവളുടെ പോരാട്ടങ്ങള്‍ക്ക് തുല്യമെന്ന് സ്വര ഭാസ്കര്‍
തനിക്ക് നേരെയുള്ള സൈബര്‍ അതിക്രമങ്ങള്‍ക്കു പിന്നില്‍ അജണ്ടയുണ്ടെന്ന് നടി സ്വര ഭാസ്കര്‍. തന്‍റെ ട്വിറ്റര്‍ പോരാട്ടങ്ങളെ ഗാര്‍ഹിക പീഡനത്തെ അതിജീവിച്ചവളുടെ പോരാട്ടങ്ങളോടാണ് സ്വര ഭാസ്കര്‍ താരതമ്യം ചെയ്തത്. തനിക്കെതിരെയുണ്ടാകുന്ന സൈബര്‍ ആക്രമണങ്ങളെ എങ്ങനെയാണ് നേരിടാറുള്ളതെന്ന് സ്വര ഭാസ്കര്‍ വിശദീകരിച്ചു.
ഒരു പ്രത്യേക രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിൽ വിശ്വസിക്കുന്നവരാണ് തന്നെ ട്രോളുന്നത്. എന്തിനാണ് അവർ അത് ചെയ്യുന്നതെന്ന് അറിയാമെന്ന് സ്വര ഭാസ്കര്‍ പറഞ്ഞു. ട്വിറ്ററിലെ വിവാദങ്ങൾ ഏതൊക്കെ തലത്തിലാണ് ഉണ്ടാവുക എന്നതിനെ കുറിച്ച് അവബോധമുണ്ടെന്നും സ്വര ഭാസ്കര്‍ കൂട്ടിച്ചേർത്തു.
മനുഷ്യൻ എന്ന നിലയില്‍ ഉള്ളില്‍ തകരുന്നതായി തോന്നുമ്പോഴും അതൊന്നും പുറത്തു കാണിക്കാതെ സൈബർ ആക്രമണങ്ങളെ നേരിടാൻ താന്‍ സജ്ജമാണെന്ന് സ്വര ഭാസ്കര്‍ പറഞ്ഞു. സ്ഥിരമായി ഗാര്‍ഹിക പീഡനം നേരിടേണ്ടി വരുന്ന സ്ത്രീ, ആ അവസ്ഥയ്ക്ക് ഒരു മാറ്റവുമുണ്ടാവാത്ത സാഹചര്യത്തില്‍ നേരിടാന്‍ ചില തന്ത്രങ്ങള്‍ കണ്ടെത്തും. എപ്പോള്‍ അടികിട്ടുമെന്ന് അറിയാം. ആ അതിക്രമത്തെ നേരിടാന്‍ പഠിക്കുന്നു. സൈബര്‍ അതിക്രമങ്ങള്‍ക്കെതിരായ തന്‍റെ പോരാട്ടം അതിനു സമാനമാണെന്നും കണക്റ്റ് എഫ്എം കാനഡയോട് സംസാരിക്കവെ സ്വര ഭാസ്കർ വിശദീകരിച്ചു.
ഏകദേശം എല്ലാ ദിവസവും അഭിമുഖീകരിക്കേണ്ടി വരുന്ന സൈബര്‍ അതിക്രമങ്ങളെ നേരിടുന്നതിനെ കുറിച്ച് സ്വര ഭാസ്കര്‍ പറഞ്ഞതിങ്ങനെ- "ഞാൻ കമന്റുകൾ വായിക്കാറില്ല. എനിക്കു വരുന്ന സന്ദേശങ്ങള്‍ തുറക്കാറില്ല. അതുകൊണ്ട് പലപ്പോഴും പ്രധാനപ്പെട്ട പല മെസേജുകളും വായിക്കാൻ സാധിക്കാറില്ല. തെറാപ്പിയാണ് മറ്റൊരു വഴി".