Entertainment
T. Padmanabhans life story hits the silver screen
Entertainment

ടി. പത്മനാഭന്റെ ജീവിതകഥ വെള്ളിത്തിരയിലെത്തുന്നു

Web Desk
|
3 Dec 2023 12:00 PM GMT

'നളിനകാന്തി' എന്ന പേരിൽ നോവലിസ്റ്റും തിരക്കഥാകൃത്തുമായ സുസ്മേഷ് ചന്ത്രോത്താണ് ചിത്രമൊരുക്കുന്നത്

ജീവിതത്തിൽ 95 വർഷവും എഴുത്തിൽ മുക്കാൽ നൂറ്റാണ്ടും സജീവമായി പിന്നിടുന്ന മലയാളത്തിലെ ഏറ്റവും മുതിർന്ന എഴുത്തുകാരിലൊരാളായ ടി. പത്മനാഭന്റെ ജീവിതകഥ സിനിമയാകുന്നു. കഥാകൃത്തും നോവലിസ്റ്റും തിരക്കഥാകൃത്തുമായ സുസ്മേഷ് ചന്ത്രോത്താണ് 'നളിനകാന്തി' എന്ന പേരിൽ ടി. പത്മനാഭന്റെ ജീവിതകഥ വെള്ളിത്തിരയിലെത്തിക്കുന്നത്. പത്മിനി എന്ന ചിത്രത്തിന് ശേഷം സുസ്‌മേഷ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് നിളിനകാന്തി. പ്രശസ്ത മലയാളി ചിത്രക്കാരി ടി.കെ പത്മിനിയുടെ ജീവിതകഥയായിരുന്നു പത്മിനിയുടെ ഇതിവൃത്തം.

1931 ൽ കണ്ണൂർ ജില്ലയിലെ പള്ളിക്കുന്നിലാണ് തിണക്കൽ പത്മനാഭൻ എന്ന ടി. പത്മനാഭന്റെ ജനിച്ചത്. കഥകൾ മാത്രമെഴുതി മലയാളസാഹിത്യത്തിലും ഇന്ത്യൻ സാഹിത്യത്തിലും വ്യക്തിമുദ്ര പതിപ്പിച്ച ടി. പത്മനാഭന്റെ അനേകം കഥകൾ സിനിമയായിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് അദ്ദേഹത്തിന്റെ ജീവിതവും സാഹിത്യവും ചലച്ചിത്രരൂപത്തിലെത്തുന്നത്. കേന്ദ്ര-കേരള സാഹിത്യ അക്കാദമി അവാർഡുകൾ തുടങ്ങി സംസ്ഥാന സർക്കാരിന്റെ പരമോന്നത പുരസ്‌കാരമായ കേരള ജ്യോതിയും എഴുത്തച്ഛൻ പുരസ്‌കാരവും വരെ നേടിയ സർഗ്ഗധനനായ എഴുത്തുകാരനാണ് ടി. പത്മനാഭൻ.

ജീവിതത്തിൽ ധിക്കാരിയെന്നും നിഷേധിയെന്നും പേരുകേൾപ്പിച്ചിട്ടുള്ള എഴുത്തുകാരന്റെ ജീവിതത്തിലെ ഇന്നുവരെ ആരും കണ്ടിട്ടില്ലാത്ത സ്വകാര്യജീവിതവും സാഹിത്യസംഭാവനകളും നളിനകാന്തിയിലൂടെ പ്രേക്ഷകരിലേക്കെത്തുന്നു. മൂന്നുവർഷത്തോളം നീണ്ട പ്രയത്നത്തിനൊടുവിലാണ് സുസ്മേഷ് ചന്ത്രോത്ത് നളിനകാന്തി പൂർത്തിയാക്കുന്നത്.

'നളിനകാന്തി'യിൽ ടി. പത്മനാഭനൊപ്പം പ്രമുഖ ചലച്ചിത്രതാരം അനുമോൾ, രാമചന്ദ്രൻ, പത്മാവതി, കാർത്തിക് മണികണ്ഠൻ, ശ്രീകല മുല്ലശ്ശേരി എന്നിവരും ഒന്നിക്കുന്നുണ്ട്. 'നിധി ചാല സുഖമാ' എന്ന പ്രശസ്തമായ കഥയിലെ കഥാപാത്രത്തിന് ശബ്ദം നൽകിയിരിക്കുന്നത് പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായ എസ്. എൻ. സ്വാമിയാണ്. കേരളത്തിലെ പ്രശസ്ത ചിത്രകാരന്മാരും ചിത്രകാരികളുമായ ശ്രീജ പള്ളം, കന്നി എം, സചീന്ദ്രൻ കാറഡുക്ക, സുധീഷ് വേലായുധൻ എന്നിവരുടെ പെയിന്റിംഗുകളും രേഖാചിത്രങ്ങളും സിനിമയുടെ കഥാഗതിയുടെ നിർണ്ണായകഭാഗമാകുന്നുണ്ട്.

അഞ്ച് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. ഷിബു ചക്രവർത്തിയുടെ വരികൾക്ക് സുദീപ് വാലനാടാണ് ഈണമിട്ടത്. കണ്ണൂർ, പള്ളിക്കുന്ന്, എറണാകുളം, ചെറായി എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയായ 'നളിനകാന്തി' ജനുവരി മുതൽ പ്രദർശനത്തിനെത്തും. 'പത്മിനി' സിനിമയുടെ നിർമ്മാതാവായ ടി. കെ ഗോപാലനാണ് കൊൽക്കത്ത കൈരളി സമാജത്തിന്റെ ബാനറിൽ നളിനകാന്തി നിർമ്മിക്കുന്നത്. മികച്ച ഛായാഗ്രഹകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം രണ്ടുതവണ നേടിയ മനേഷ് മാധവനാണ് ഛായാഗ്രഹണം. മികച്ച ശബ്ദരൂപകൽപ്പനയ്ക്കുള്ള സംസ്ഥാന പുരസ്‌കാരം മൂന്ന് തവണ നേടിയ രംഗനാഥ് രവി ശബ്ദരൂപകൽപ്പനയും നിർവ്വഹിക്കുന്നു.

ഫിലിം എഡിറ്റർ : രിഞ്ജു ആർ. വി., സൗണ്ട് മിക്സിംഗ് : ബിജു പി. ജോസ്, സിങ്ക് സൗണ്ട് : ബിനു ഉലഹന്നാൻ, വി.എഫ്.എക്സ് : സഞ്ജയ് എസ്, സെക്കന്റ് യൂണിറ്റ് കാമറാമാൻ : പ്രവീൺ പുത്തൻപുരയ്ക്കൽ, പാടിയവർ : ദീപ പാലനാട്, അനഘ ശങ്കർ, സുദീപ് പാലനാട്, പെയിന്റിംഗ്സ് ആൻഡ് ഡ്രോയിംഗ്സ് : ശ്രീജ പള്ളം, കന്നി എം, സചീന്ദ്രൻ കാറഡുക്ക, സുധീഷ് വേലായുധൻ, അഡീഷണൽ സിങ്ക് സൗണ്ട് : വിഷ്ണു കെ. പി, കളറിസ്റ്റ് : രമേഷ് അയ്യർ, ഡി. ഐ: വിസ്ത ഒബ്സ്‌ക്യൂറ എന്റർടെയിൻമെൻസ്, ടൈറ്റിൽ കാലിഗ്രഫി : മനോജ് ഗോപിനാഥ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ : ലെൻസ് ആന്റ് പേപ്പർ മീഡിയ എന്നിവരാണ് ചിത്രത്തിന്റെ മറ്റു അണിയറ പ്രവർത്തകർ.

Similar Posts