Entertainment
തെരുവുനാടകങ്ങളിലൂടെ ഇടതുപക്ഷ ആശയങ്ങൾ ജനങ്ങളിലെത്തിച്ച നടന്‍: പൂ രാമുവിനെ അനുസ്മരിച്ച് എം.കെ സ്റ്റാലിന്‍
Entertainment

'തെരുവുനാടകങ്ങളിലൂടെ ഇടതുപക്ഷ ആശയങ്ങൾ ജനങ്ങളിലെത്തിച്ച നടന്‍': പൂ രാമുവിനെ അനുസ്മരിച്ച് എം.കെ സ്റ്റാലിന്‍

Web Desk
|
28 Jun 2022 6:31 AM GMT

'പൂ രാമുവിന്‍റെ സംഭാവനകൾ പുരോഗമന ചിന്താഗതിയുള്ളവർ എന്നും ഓർക്കും'

ചെന്നൈ: നടന്‍ പൂ രാമുവിന് അന്ത്യോപചാരം അര്‍പ്പിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. അഭിനയത്തിലൂടെ തമിഴ്‌നാട്ടുകാരുടെ ഹൃദയത്തിൽ തന്റേതായ ഇടം നേടന്‍ നടൻ പൂ രാമുവിന് കഴിഞ്ഞെന്ന് സ്റ്റാലിന്‍ അനുസ്മരിച്ചു. വിയോഗ വാർത്ത അറിഞ്ഞപ്പോള്‍ അതിയായ ദുഃഖം തോന്നി. തെരുവുനാടകങ്ങളിലൂടെ ഇടതുപക്ഷ ആശയങ്ങൾ സാധാരണ ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ പൂ രാമു നൽകിയ സംഭാവനകൾ പുരോഗമന ചിന്താഗതിയുള്ളവർ എന്നും ഓർക്കുമെന്നും എം കെ സ്റ്റാലിന്‍ പ്രസ്താവനയില്‍ പറഞ്ഞു.

ഹൃദയാഘാതത്തെ തുടര്‍ന്ന് ജൂൺ 24നാണ് പൂ രാമുവിനെ ചെന്നൈയിലെ രാജീവ് ഗാന്ധി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയാണ് അന്ത്യം സംഭവിച്ചത്.

പരിയേറും പെരുമാൾ, കർണൻ, സൂരരൈ പോട്ര് തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു. സൂരരൈ പോട്രിൽ സൂര്യയുടെയും കർണനിൽ ധനുഷിന്‍റെയും അച്ഛനായാണ് രാമു അഭിനയിച്ചത്. പേരൻപ്, തിലഗർ, നീർ പാർവൈ, തങ്ക മീൻകൾ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. കോടിയിൽ ഒരുവൻ എന്ന ചിത്രത്തിലാണ് അവസാനം അഭിനയിച്ചത്.

2008ല്‍ പുറത്തിറങ്ങിയ പൂ എന്ന സിനിമയിലൂടെയാണ് രാമു സിനിമയിലെത്തിയത്. അതിനുശേഷമാണ് പൂ രാമു എന്ന് അറിയപ്പെടാന്‍ തുടങ്ങിയത്. സിനിമയിലെത്തും മുന്‍പ് തെരുവില്‍ നാടകങ്ങൾ ചെയ്യുമായിരുന്നു അദ്ദേഹം.

പൂ രാമുവിന്‍റെ മൃതദേഹം ഊരപ്പാക്കത്തെ പെരിയാർ നഗറിലെ വസതിയിൽ പൊതുദർശനത്തിന് വച്ചിരിക്കുകയാണ്. സംസ്‌കാരം ഇന്ന് നടക്കും. നടൻ മമ്മൂട്ടി, കാളി വെങ്കട്ട്, സംവിധായകൻ ലെനിൻ ഭാരതി എന്നിവരുൾപ്പെടെ സിനിമാ മേഖലയിലെ നിരവധി അഭിനേതാക്കളും സാങ്കേതിക വിദഗ്ധരും നടന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി.




Similar Posts