ജിയോ മാമി മുംബൈ ഫിലിം ഫെസ്റ്റിവലിൽ ഇടം നേടി ‘തടവ്’: മലയാളത്തിൽ നിന്നുള്ള ഏക ചിത്രം
|70 ഭാഷകളിൽ നിന്നായി 250ൽ അധികം ചിത്രങ്ങളാണ് മേളയിൽ പ്രദർശിപ്പിക്കുക
അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയമായ ജിയോ മാമി മുംബൈ ഫിലിം ഫെസ്റ്റിവലിൽ ഇടം നേടി മലയാള ചലച്ചിത്രം 'തടവ്'. മത്സര വിഭാഗത്തിൽ ആണ് ചിത്രം പ്രദർശിപ്പിക്കുന്നത്. സൗത്ത് ഏഷ്യയിൽ നിന്ന് മത്സര വിഭാഗത്തിലേക്ക് മാത്രമായി ലഭിച്ച ആയിരത്തിൽ അധികം എൻട്രികളിൽ നിന്ന് പതിനാല് ചിത്രങ്ങൾ മാത്രമാണ് മത്സര വിഭാഗത്തിൽ ഇടം പിടിച്ചത്.
എഫ് ആർ പ്രൊഡക്ഷൻസിന്റെയും ബഞ്ച് ഓഫ് കോക്കനട്ട്സിന്റെയും ബാനറിൽ ഫാസിൽ റസാഖ്, പ്രമോദ് ദേവ് എന്നിവർ നിർമ്മിച്ച് ഫാസിൽ റസാഖ് എഴുതി സംവിധാനം ചെയ്ത ചിത്രമാണ് ‘തടവ്'. മലയാളത്തിൽ നിന്ന് ഇത്തവണ ഫാസിൽ റസാഖിന്റെ തടവ് മാത്രമാണ് മത്സര വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്.
പുതുമുഖങ്ങളായ ബീന R ചന്ദ്രൻ, സുബ്രഹ്മണ്യൻ, അനിത M N, വാപ്പു, ഇസ്ഹാക്ക് മുസാഫിർ എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ. നാൽപത്തിലധികം പുതുമുഖങ്ങൾ അഭിനയിച്ച ചിത്രം പൂർണ്ണമായും ചിത്രീകരിച്ചത് പാലക്കാട് പട്ടാമ്പിക്കടുത്തുള്ള പ്രദേശങ്ങളിലാണ്.
ഛായാഗ്രഹണം: മൃദുൽ എസ്, എഡിറ്റിംഗ് വിനായക് സുതൻ, ഓഡിയോഗ്രഫി ഹരികുമാർ മാധവൻ നായർ, സംഗീതം വൈശാഖ് സോമനാഥ്, ഫൈനൽ മിക്സ് റോബിൻ കുഞ്ഞിക്കുട്ടി MPSE എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
മുകേഷ് അംബാനിയുടെ ടെലികോം കമ്പനിയായ ജിയോയാണ് ഫെസ്റ്റിവലിന്റെ ടൈറ്റിൽ സ്പോൺസർ. നിത അംബാനി ഫെസ്റ്റിവൽ ബോർഡ് ഓഫ് ട്രസ്റ്റിയുടെ സഹ അധ്യക്ഷയാണ്. മഹീന്ദ്ര ഗ്രൂപ്പ് തലവൻ ആനന്ദ് മഹീന്ദ്ര, പിവിആർ സിനിമാസ് ചെയർപേഴ്സൺ അജയ് ബിജിലി, സോയ അക്തർ, വിക്രമാദിത്യ മോട്വാനെ, സിദ്ധാർത്ഥ് റോയ് കപൂർ, ഇഷ അംബാനി തുടങ്ങിയവർ ട്രസ്റ്റിയിൽ ഉൾപ്പെടുന്നു.
ഒക്ടോബർ 27 മുതൽ നവംബർ 5 വരെ മുംബൈ യിൽ വെച്ച് നടക്കുന്ന മേളയിൽ 70 ഭാഷകളിൽ നിന്നായി 250ൽ അധികം ചിത്രങ്ങളാണ് പ്രദർശിപ്പിക്കുക. കഴിഞ്ഞ വർഷം ടോവിനോ തോമസ് നായകനായ ബേസിൽ ജോസഫ് ചിത്രം 'മിന്നൽ മുരളി'യായിരുന്നു ഫെസ്റ്റിവൽ ഓപ്പൺ ചിത്രം.