പോയി ഓസ്കര് കൊണ്ടുവാ...ജൂഡ് ആന്റണിയോട് രജനീകാന്ത്
|2018ലെ പ്രളയം ആസ്പദമാക്കി ഒരുക്കി ജൂഡ് ആന്റണി ജോസഫ് ഒരുക്കിയ ചിത്രം ആദ്യമായി 200 കോടി ക്ലബിലെത്തിയ മലയാള സിനിമ കൂടിയാണ്
തിരുവനന്തപുരം: ഇന്ത്യയുടെ ഔദ്യോഗിക ഓസ്കര് എന്‍ട്രിയാണ് മലയാള ചിത്രമായ 2018. 2018ലെ പ്രളയം ആസ്പദമാക്കി ഒരുക്കി ജൂഡ് ആന്റണി ജോസഫ് ഒരുക്കിയ ചിത്രം ആദ്യമായി 200 കോടി ക്ലബിലെത്തിയ മലയാള സിനിമ കൂടിയാണ്. ഇപ്പോഴിതാ സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് ചിത്രത്തെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ജൂഡ് തന്നെയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്.
'ജൂഡ് ആന്റണി എന്തൊരു സിനിമയാണ് ഇത്, എങ്ങനെയാണ് ഇത് ചിത്രീകരിച്ചത്, മനോഹരമായ വർക്ക്' എന്നും രജനീകാന്ത് പറഞ്ഞു. രജനീകാന്തിന്റെ അനുഗ്രഹം ഓസ്കറിനായി തേടിയെന്നും സംവിധായകൻ ജൂഡ് ആന്റണി ജോസഫ് വ്യക്തമാക്കി. പോയി ഓസ്കർ കൊണ്ടുവാ, അതിന് തന്റെ അനുഗ്രഹവും പ്രാർത്ഥനയും നിങ്ങൾക്ക് ഉണ്ടാവുമെന്നും രജനികാന്ത് പറഞ്ഞതായി ജൂഡ് ആന്തണി ജോസഫ് വ്യക്തമാക്കി.
തലൈവർ 170ന്റെ ചിത്രീകരണത്തിനായി രജനികാന്ത് ഇപ്പോൾ കേരളത്തിലാണ് ഉള്ളത്. ടി.ജെ ജ്ഞാനവേലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പത്ത് ദിവസമാണ് അദ്ദേഹം കേരളത്തിലുണ്ടാവുക. . മഞ്ജു വാര്യരും ഫഹദും രജനികാന്ത് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ ഉണ്ട്. അമിതാഭ് ബച്ചനാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, വിനീത് ശ്രീനിവാസൻ, ഇന്ദ്രൻസ്, ലാൽ, നരേൻ, അപർണ്ണ ബാലമുരളി, തൻവി റാം, സുധീഷ്, സിദ്ദിഖ്, രഞ്ജി പണിക്കർ, ജാഫർ ഇടുക്കി, അജു വർഗ്ഗീസ്, ജിബിൻ ഗോപിനാഥ്, ഡോക്ടർ റോണി, ശിവദ, വിനിതാ കോശി തുടങ്ങി മലയാളത്തിലെ മുൻനിരതാരങ്ങളെ അണിനിരത്തി ഒരുക്കിയ 2018 മെയ് 5 നാണ് തിയറ്റർ റിലീസ് ചെയ്തത്.
‘കാവ്യാ ഫിലിംസ്’, ‘പി കെ പ്രൈം പ്രൊഡക്ഷൻസ് ‘എന്നിവയുടെ ബാനറിൽ വേണു കുന്നപ്പള്ളി, സി കെ പത്മകുമാർ, ആന്റോ ജോസഫ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. അഖിൽ പി ധർമജന്റേതാണ് സഹതിരക്കഥ. അഖിൽ ജോർജ്ജാണ് ഛായാഗ്രാഹകൻ. ചമൻ ചാക്കോ ചിത്രസംയോജനം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ സംഗീതം നോബിൻ പോളും സൗണ്ട് ഡിസൈൻ വിഷ്ണു ഗോവിന്ദുമാണ് കൈകാര്യം ചെയ്തിരിക്കുന്നത്. കേരളീയർക്ക് ഒരിക്കലും മറക്കാനാവാത്ത ‘2018’ എന്ന വർഷവും ആ വർഷത്തിൽ നമ്മളെ തേടിയെത്തിയ പ്രളയമെന്ന മഹാമാരിയും പ്രേക്ഷകർക്ക് മുന്നിൽ ഒരു നേർക്കാഴ്ചയെന്നോണം അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ മലയാളികളുടെ മനോധൈര്യത്തിന്റയും ആത്മവിശ്വാസത്തിന്റയും ഒത്തൊരുമയുടെയും കഥയാണ് ദൃശ്യാവിഷ്കരിച്ചിരിക്കുന്നത്.