'പതിനഞ്ചാം വിവാഹ വാര്‍ഷികത്തില്‍ ആ സന്തോഷ വാര്‍ത്ത'; അച്ഛനാകുന്ന സന്തോഷം പങ്കുവെച്ച് നരേന്
|ഭാര്യ മഞ്ജുവിനും മകള്‍ തന്മയക്കും കൂടെ നില്ക്കുന്ന ചിത്രങ്ങളോടെയാണ് നരേന് സന്തോഷ വാര്‍ത്ത പങ്കുവെച്ചത്
പതിനഞ്ചാം വിവാഹ വാര്‍ഷിക ദിനത്തില്‍ അതീവ സന്തോഷകരമായ വാര്‍ത്ത പങ്കുവെച്ച് നടന് നരേന്. വീണ്ടും അച്ഛനാകാന്‍ പോകുന്നതിന്റെ സന്തോഷമാണ് താരം സമൂഹ മാധ്യമത്തിലൂടെ പങ്കുവെച്ചത്. ഭാര്യ മഞ്ജുവിനും മകള്‍ തന്മയക്കും കൂടെ നില്ക്കുന്ന ചിത്രങ്ങളോടെയാണ് നരേന് സന്തോഷ വാര്‍ത്ത പങ്കുവെച്ചത്. 2007ലായിരുന്നു മഞ്ജു ഹരിദാസുമായുള്ള നരേന്റെ വിവാഹം.
'ഞങ്ങളുടെ 15ആം വിവാഹ വാർഷികത്തിന്റെ ഈ പ്രത്യേക ദിനത്തിൽ, ഞങ്ങളുടെ കുടുംബം ഒരു പുതിയ അംഗത്തെ പ്രതീക്ഷിക്കുന്നു എന്ന നല്ലവാർത്ത നിങ്ങളുമായി പങ്കിടുന്നതിൽ സന്തോഷമുണ്ട്' നരേൻ ഫേസ്ബുക്കില്‍ കുറിച്ചു.
അടൂര്‍ ഗോപാലകൃഷ്ണന് സംവിധാനം ചെയ്ത 'നിഴല്‍ക്കൂത്ത്' എന്ന ചിത്രത്തിലൂടെയാണ് നരേന് ചലച്ചിത്ര അഭിനയ രംഗത്തേക്കെത്തുന്നത്. ജയരാജ് സംവിധാനം ചെയ്ത ഫോര്‍ ദ പീപ്പിളിലെ പൊലീസ് ഓഫീസറുടെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഫോര്‍ ദി പീപ്പിളിന്റെ തമിഴ്, തെലുഗ്, ബംഗാളി പതിപ്പുകളിലും , ചിത്രത്തിന്റെ രണ്ടാഭാഗത്തിലും പൊലീസ് ഓഫീസറുടെ വേഷം കൈകാര്യം ചെയ്തതും നരേന് ആയിരുന്നു. കാര്‍ത്തി നായകനായ കൈതി, കമല്‍ ഹാസന് നായകനായ വിക്രം എന്നിവയിലും ശക്തമായ വേഷം നരേന് അവതരിപ്പിച്ചിരുന്നു. കൈതി 2 ആണ് നരേന്റെ അടുത്ത വലിയ ചിത്രം.