Entertainment
ആ ജഗതി ചിത്രം വിക്രമിന്റേതല്ല; പ്രചരിക്കുന്നത് പഴയ ചിത്രം
Entertainment

ആ ജഗതി ചിത്രം വിക്രമിന്റേതല്ല; പ്രചരിക്കുന്നത് പഴയ ചിത്രം

Web Desk
|
23 Dec 2021 1:38 PM GMT

അജുവിനു തൊട്ടു പിറകെ സംവിധായകൻ തരുൺ മൂർത്തിയും അഭിനേത്രി ശ്വേത മേനോനും അതേ ചിത്രം പങ്കുവെച്ചിരുന്നു

മലയാളികളുടെ പ്രിയപ്പെട്ട ഹാസ്യ സമ്രാട്ടാണ് ജഗതി ശ്രീകുമാർ. അദ്ദേഹം സിബിഐ അഞ്ചാം ഭാഗത്തിൽ അഭിനയിക്കാൻ പോകുന്നു എന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. ഇതോടൊപ്പം ജഗതി ശ്രീകുമാർ മേക്കപ്പിടുന്ന ചിത്രമാണിപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ഇത് നടൻ അജു വർഗീസ് അടക്കമുള്ള ഏതാനും താരങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. എന്നാൽ ആ ചിത്രം സിബിഐ അഞ്ചാം ഭാഗത്തിന്റെ സെറ്റിൽ നിന്നുള്ളതല്ല. ജഗതി ശ്രീകുമാർ മുൻ വർഷം അഭിനയിച്ച പരസ്യ ചിത്രത്തിന്റെ മേക്കിംഗ് വീഡിയോയിൽ നിന്നുള്ള ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പരക്കുന്നത്.

അജുവിനു തൊട്ടു പിറകെ സംവിധായകൻ തരുൺ മൂർത്തിയും അഭിനേത്രി ശ്വേത മേനോനും അതേ ചിത്രം പങ്കുവെച്ചിരുന്നു. സിബിഐ അഞ്ചിന് ഒരുങ്ങുന്ന വിക്രം എന്ന ക്യാപ്ഷനോടെയാണ് നടി ചിത്രം പോസ്റ്റു ചെയ്തത്. എന്നാൽ സിബിഐയിൽ ജഗതിയുടെ ഭാഗം ഇതുവരെ ചിത്രീകരിച്ചിട്ടില്ലായെന്നാണ് ലഭിക്കുന്ന വിവരം.

സിബിഐയിൽ സേതുരാമയ്യരായി മമ്മൂട്ടിയെത്തിയപ്പോൾ വിക്രമെന്ന സുപ്രധാന കഥാപാത്രത്തെ അവതരിപ്പച്ചത് ജഗതി ശ്രീകുമാറായിരുന്നു. സിബിഐ പരമ്പരയിലെ ആദ്യ നാല് ഭാഗങ്ങളിലും അദ്ദേഹം അഭിനയിച്ചു. 2012 ലെ അപകടത്തെ തുടർന്നാണ് അദ്ദേഹം സിനിമാ ജീവിതത്തിൽ നിന്ന് വിട്ടു നിന്നത്. എന്നാൽ സിബിഐ അഞ്ചാം ഭാഗത്തിൽ ജഗതി ശ്രീകുമാർ ഉണ്ടാകണമെന്നത് മമ്മൂട്ടിക്കും സംവിധായകൻ കെ മധുവിനും നിർബന്ധമായിരുന്നു. ഇതിനു പിന്നാലെയാണ് ചിത്രത്തിൽ അഭിനയിക്കുമെന്ന തീരുമാനമുണ്ടായത്. സിബിഐയുടെ ചിത്രീകരണമിപ്പോൾ കാക്കനാട് പുരോഗമിക്കുകയാണ്.

അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതി കണക്കിലെടുത്ത് തിരുവനന്തപുരത്തെ ജഗതിയുടെ വീട്ടിൽ തന്നെ സിനിമ ചിത്രീകരണമുണ്ടാകുമെന്നാണ് ലഭ്യമായ വിവരം. സിബിഐ അഞ്ചാം ഭാഗത്തിൽ മമ്മൂട്ടിക്കും ജഗതി ശ്രീകുമാറിനുമൊപ്പം മുകേഷ,് രഞ്ജി പണിക്കർ, ആശ ശരത്, രമേശ് പിഷാരടി, ദിലീഷ് പോത്തൻ, സൗബിൻ സാഹിർ എന്നിവർ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കും. സ്വർഗ ചിത്ര ഫിലിംസിന്റെ ബാനറിൽ സ്വർഗ ചിത്ര അപ്പച്ചനാണ് സിബിഐ അഞ്ചാം ഭാഗം നിർമ്മിക്കുന്നത്

2007 ൽ പുറത്തിറങ്ങിയ വേഷം എന്ന മമ്മൂട്ടി ചിത്രത്തിനു ശേഷം അപ്പച്ചൻ നിർമാണരംഗത്തേക്ക് തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. അഖിൽ ജോർജ് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് ജേക്‌സ് ബിജോയിയാണ്.

Similar Posts