നിങ്ങള്‍ കാണിച്ച സഹിഷ്ണുതക്ക് നന്ദി; ക്രിസ് റോക്കിനോട് മാപ്പു പറഞ്ഞ് അക്കാദമി
|മിസ്റ്റർ റോക്ക്, ഞങ്ങളുടെ സ്റ്റേജിൽ നിങ്ങൾ അനുഭവിച്ചതിന് ഞങ്ങൾ നിങ്ങളോട് ക്ഷമ ചോദിക്കുന്നു
94ാമത് ഓസ്കര്‍ പുരസ്കാരച്ചടങ്ങില്‍ വച്ച് മുഖത്തടിയേറ്റ സംഭവത്തില്‍ അവതാരകനും കൊമേഡിയനുമായ ക്രിസ് റോക്കിനോട് മാപ്പു പറഞ്ഞ് അക്കാദമി. അക്കാദമി ഓഫ് മോഷൻ പിക്ചർ ആർട്സ് ആൻഡ് സയൻസസ് ക്രിസിന്‍റെ മുഖത്തടിച്ച വില്‍ സ്മിത്തിനെ വിമര്‍ശിക്കുകയും സംഭവത്തെ വിശദമായി വിലയിരുത്തുകയും ചെയ്തു.
"മിസ്റ്റർ റോക്ക്, ഞങ്ങളുടെ സ്റ്റേജിൽ നിങ്ങൾ അനുഭവിച്ചതിന് ഞങ്ങൾ നിങ്ങളോട് ക്ഷമ ചോദിക്കുന്നു, ആ നിമിഷത്തെ നിങ്ങളുടെ സഹിഷ്ണുതയ്ക്ക് നന്ദി'' സംഭവത്തില്‍ വില്‍ സ്മിത്തിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും അക്കാദമി അറിയിച്ചതായി വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്യുന്നു. സംഭവത്തെ കുറിച്ച് അക്കാദമി ഔദ്യോഗികമായി അന്വേഷിക്കുന്നുണ്ട്. ''സംഭവത്തെ കുറിച്ച് ഞങ്ങൾ ഔദ്യോഗികമായി ഒരു ഔപചാരിക അവലോകനം ആരംഭിച്ചിട്ടുണ്ട്, ഞങ്ങളുടെ ബൈലോകൾ, പെരുമാറ്റ മാനദണ്ഡങ്ങൾ, കാലിഫോർണിയ നിയമം എന്നിവയ്ക്ക് അനുസൃതമായി തുടർ നടപടികളും അനന്തരഫലങ്ങളും ഉണ്ടാകും'' അക്കാദമി അറിയിച്ചു. മാർച്ച് 28 തിങ്കളാഴ്ച നടന്ന യോഗത്തിന് ശേഷമാണ് അക്കാദമിയുടെ പ്രസ്താവന പുറത്തു വന്നത്. പെരുമാറ്റ മാനദണ്ഡങ്ങളെക്കുറിച്ചുള്ള അഞ്ച് പേജുള്ള രേഖയും അവലോകനം ചെയ്യപ്പെട്ടു
വില്‍ സ്മിത്തിന് സിനിമകളില്‍ നിന്നുള്ള വിലക്ക് നേരിടേണ്ടി വരും. സംഭവത്തിനു ശേഷം വില്‍ സ്മിത്തിനോട് പുറത്തുപോകണമെന്ന് ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം അതിനു തയ്യാറായില്ല. ഏപ്രില്‍ 18ന് ചേരുന്ന യോഗത്തില്‍ വില്‍ സ്മിത്തിനെതിരെ വോട്ടെടുപ്പിലൂടെ നടപടി സ്വീകരിക്കും. അടുത്ത 15 ദിവസത്തിനുള്ളില്‍ അദ്ദേഹത്തിന് ഇക്കാര്യത്തില്‍ വിശദീകരണം നല്‍കാമെന്നും അക്കാദമി വ്യക്തമാക്കി. അതേസമയം, സംഭവത്തിനു പിന്നാലെ ക്രിസ് റോക്കിന്‍റെ കോമഡി ഷോയുടെ ടിക്കറ്റുകള്‍ക്കുള്ള വില്‍പനയിലും വിലയിലും വര്‍ധനവുണ്ടായി.
ഭാര്യ ജാഡ പിങ്കറ്റ് സ്മിത്തിനെക്കുറിച്ചുള്ള പരാമര്‍ശമാണ് ഓസ്കര്‍ വേദിയില്‍ വച്ച് മികച്ച നടന്‍ കൂടിയായ വില്‍ സ്മിത്തിനെ ചൊടിപ്പിച്ചത്. മുടി കൊഴിയുന്ന രോഗാവസ്ഥയായ അലോപേഷ്യ ഏരിയേറ്റ ബാധിതയായ ജാഡയെ അതിന്‍റെ പേരിലാണ് ക്രിസ് റോക്ക് പരിഹസിച്ചത്. ഇതില്‍ പ്രകോപിതനായ വില്‍ സ്മിത്ത് ക്രിസ് റോക്കിന്‍റെ മുഖത്ത് അടിക്കുകയായിരുന്നു.