Entertainment
നടന്റെ അഹങ്കാരം സിനിമയെ ബാധിച്ചു; വിജയ് ദേവരകോണ്ടയ്‌ക്കെതിരെ തിയറ്ററുടമ
Entertainment

'നടന്റെ അഹങ്കാരം സിനിമയെ ബാധിച്ചു'; വിജയ് ദേവരകോണ്ടയ്‌ക്കെതിരെ തിയറ്ററുടമ

Web Desk
|
26 Aug 2022 2:02 PM GMT

സിനിമയുടെ പ്രചാരണത്തിനെത്തിയപ്പോൾ താരം മേശയ്ക്ക് മുകളിൽ കാലെടുത്തുവെച്ച് സംസാരിച്ചത് സമൂഹമാധ്യമങ്ങളിൽ രൂക്ഷ വിമർശനത്തിന് കാരണമായിരുന്നു

തെലുങ്ക് സൂപ്പർ താരം വിജയ് ദേവരകോണ്ടയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി മുംബൈയിലെ പ്രമുഖ തിയറ്ററുടമയും മറാത്ത മന്ദിർ സിനിമയുടെ എക്സിക്യൂട്ടീവ് ഡയറക്ടറുമായ മനോജ് ദേശായി. തന്റെ പുതിയ ചിത്രം ലൈഗർ ഇറങ്ങും മുൻപ് നടന്ന ബഹിഷ്‌കരണ ആഹ്വാനങ്ങളെ താരം നേരിട്ട രീതി ശരിയായില്ല. നടന്റെ അഹങ്കാരം സിനിമയെ ബാധിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

സിനിമയുടെ പ്രചാരണത്തിനെത്തിയപ്പോൾ താരം മേശയ്ക്ക് മുകളിൽ കാലെടുത്തുവെച്ച് സംസാരിച്ചത് സമൂഹമാധ്യമങ്ങളിൽ രൂക്ഷ വിമർശനത്തിന് കാരണമായിരുന്നു. ഇത് ബഹിഷ്‌കരണാഹ്വാനത്തിലേക്കും നയിച്ചു. ലൈഗറിന്റെ നിർമ്മാണ പങ്കാളിയായി കരൺ ജോഹർ ഉണ്ടെന്നുളളതയിരുന്നു ബഹിഷ്‌കരണത്തിനുളള മറ്റൊരു കാരണം. കോഫി വിത്ത് കരൺ എന്ന ടോക് ഷോയിൽ തെന്നിന്ത്യൻ സൂപ്പർ നായിക നയൻതാരയ്‌ക്കെതിരെയുളള കരൺ ജോഹറിന്റെ പരാമർശങ്ങളിൽ നേരത്തെ വിമർശനങ്ങൾ ഉയർന്നിരുന്നു. ഷോയുടെ അവതാരകൻ കരൺ ജോഹർ സാമന്തയോട് ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ അഭിനേത്രിയായി കാണുന്ന നടി ആരാണ് എന്ന് ചോദിക്കുന്നുണ്ട്. നയൻതാര എന്നായിരുന്നു സാമന്തയുടെ മറുപടി. തൊട്ടു പിന്നാലെ 'അവർ എന്റെ ലിസ്റ്റിലില്ല' എന്നായിരുന്നു കരണിന്റെ കമന്റ്. ഇതാണ് ആരാധകരെ പ്രകോപിതരാക്കിയത്. കൂടാതെ കരൺ ജോഹറിനെതിരെ നേരത്തെയുളള ആരോപണങ്ങളും ഈ അവസരത്തിൽ ചർച്ചചെയ്യപ്പെട്ടു.

ഇതിനുപുറമെ വിജയ് ദേവരകൊണ്ടയും ലൈഗറിലെ നായിക അനന്യ പാണ്ഡേയും വിജയുടെ വീട്ടിൽ നടന്ന ഒരു പൂജയിൽ പങ്കെടുത്തിരുന്നു. ഇതിൽ താരങ്ങൾ സോഫയിൽ ഇരിക്കുകയും പുരോഹിതർ നിൽക്കുകയുമാണ് ചെയ്യുന്നത്. ഇത് സംസ്‌കാരമില്ലായ്മയാണെന്നും പുരോഹിതരോടുള്ള അനാദരവാണെന്നും ഒരു വിഭാഗം കുറ്റപ്പെടുത്തുന്നു. ഇത് ചൂണ്ടിക്കാട്ടിയും സിനിമ ബഹിഷ്‌കരിക്കാനായി ട്വീറ്റുകൾ ഉയർന്നതോടെ ട്രെൻഡിങ് ലിസ്റ്റിൽ ബോയ്്ക്കോട്ട് ലൈഗർ ഹാഷ്ടാഗ് ഇടം പിടിക്കുകയും ചെയ്തു. ഭാഷകൾക്ക് അതീതമായി ആരാധകരെ സൃഷ്ടിക്കുന്ന വിജയ് ദേവരകൊണ്ടയ്ക്ക് കേരളത്തിലും വലിയ ആരാധക പിന്തുണയുണ്ട്. തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം ഭാഷകളിൽ തിയറ്ററിലെത്തിയ ചിത്രത്തിൽ അനന്യ പാണ്ഡെ, രമ്യ കൃഷ്ണൻ തുടങ്ങിയവർക്കൊപ്പം ബോക്‌സിങ് ഇതിഹാസം മൈക്ക് ടൈസണും സ്‌ക്രീനിലെത്തുന്നു. പുരി ജഗന്നാഥാണ് സംവിധാനം.

Similar Posts