ജിബൂട്ടിയിൽ നിർമിച്ച ആദ്യ മലയാള ചിത്രം ഗൾഫിൽ പ്രദർശനം തുടങ്ങി; കേരളത്തിൽ റിലീസ് നാളെ
|ആഫ്രിക്കയിലെ ജിബൂട്ടിയിലാണ് ചിത്രത്തിന്റെ 80 ശതമാനവും ചിത്രീകരിച്ചത്
ആഫ്രിക്കൻ രാജ്യമായ ജിബൂട്ടിയിൽ നിർമിച്ച ആദ്യ മലയാള ചിത്രം ഗൾഫിൽ പ്രദർശനത്തിനെത്തി. കേരളത്തിൽ നാളെയാണ് ചിത്രം പ്രദർശിപ്പിക്കുക. തികച്ചും വ്യത്യസ്തമായ രീതിയിൽ കഥ പറയുന്ന ചിത്രം മികച്ച ജനപ്രീതി നേടുമെന്ന പ്രതീക്ഷയിലാണ് അണിയറശിൽപ്പികൾ.
ഓരോ സിനിമയും ഓരോ രീതിയിലാണ് പ്രേക്ഷകരെ സ്വാധീനിക്കുന്നതെന്ന് നടനും സംവിധായകനുമായ ദിലീഷ് പോത്തൻ പറഞ്ഞു. ജിബൂട്ടിയുടെ പ്രചാരണത്തിന്റെ ഭാഗമായി ദുബൈയിൽ എത്തിയ അദ്ദേഹം വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു.
ഏറെ വെല്ലുവിളികൾ നിറഞ്ഞതായിരുന്നു ജിബൂട്ടിയുടെ ചിത്രീകരണമെന്ന് സംവിധായകൻ എസ്.ജെ സിനു പറഞ്ഞു. ആഫ്രിക്കയിലെ ജിബൂട്ടിയിലാണ് ചിത്രത്തിന്റെ 80 ശതമാനവും ചിത്രീകരിച്ചത്. രണ്ട് വർഷം മുൻപാണ് ചിത്രീകരണം തുടങ്ങിയത്. ആ സമയത്ത് കോവിഡ് ലോക്ഡൗണായി. തുടർന്ന് ജിബൂട്ടി സർക്കാരിന്റെ സഹായത്തോടെയാണ് ചിത്രം പൂർത്തീകരിച്ചത്. ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന അമിത് ചക്കാലക്കൽ, ബിജു സോപാനം എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.