മരക്കാര്‍ റിലീസ്; തർക്കങ്ങൾ പരിഹരിക്കാൻ സർക്കാർ വിളിച്ച യോഗം ഇന്ന്
|സിനിമമന്ത്രി സജി ചെറിയാൻ വിളിച്ച യോഗത്തിൽ നിർമാതാക്കളുടെ സംഘടനാ ഭാരവാഹികളും തിയറ്റർ ഉടമകളും പങ്കെടുക്കും
മോഹൻലാൽ ചിത്രം മരക്കാറിന്‍റെ റിലീസുമായി ബന്ധപ്പെട്ട തർക്കങ്ങൾ പരിഹരിക്കാൻ സർക്കാർ വിളിച്ച യോഗം ഇന്ന്. സിനിമമന്ത്രി സജി ചെറിയാൻ വിളിച്ച യോഗത്തിൽ നിർമാതാക്കളുടെ സംഘടനാ ഭാരവാഹികളും തിയറ്റർ ഉടമകളും പങ്കെടുക്കും. സിനിമ ഒ.ടി.ടിയിൽ റിലീസ് ചെയ്യാനുള്ള നിർമാതാവ് ആന്‍റണി പെരുമ്പാവൂരിന്‍റെ തീരുമാനത്തിനെതിരെ തിയറ്റർ ഉടമകൾ രംഗത്തു വന്നിരുന്നു. പ്രശ്ന പരിഹാരത്തിന് സിനിമാ സംഘടനകൾ തമ്മിൽ നടത്തിയ ചർച്ച പരാജയപ്പെട്ടതോടെയാണ് മന്ത്രിയുടെ ഇടപെടൽ.
മരക്കാര്‍ റിലീസ് സംബന്ധിച്ചായിരുന്നു കഴിഞ്ഞ ഏതാനും ദിവസങ്ങളായി മലയാള സിനിമാ മേഖലയിലെ സജീവ ചര്‍ച്ച. ഫിലിം ചേംബറിന്‍റെ മധ്യസ്ഥതയില്‍ തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്കും നിര്‍മ്മാതാവ് ആന്‍റണി പെരുമ്പാവൂരും നടത്തിയ ചര്‍ച്ചയും തീരുമാനമാകാതെ പിരിഞ്ഞിരുന്നു. ആമസോണ്‍ പ്രൈമിലൂടെ ചിത്രം റിലീസ് ചെയ്യുമെന്നായിരുന്നു ഏറ്റവും ഒടുവില്‍ പുറത്തുവന്ന റിപ്പോര്‍ട്ട്. ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലെ പുതു റിലീസുകള്‍ സംബന്ധിച്ച വിവരങ്ങള്‍ നല്‍കുന്ന 'ലെറ്റ്സ് ഒ.ടി.ടി ഗ്ലോബല്‍' എന്ന പേജാണ് ഇക്കാര്യം പുറത്തുവിട്ടത്.