![The happiest time of the year; Dulquer Salmaan wishes Umma on her birthday The happiest time of the year; Dulquer Salmaan wishes Umma on her birthday](https://www.mediaoneonline.com/h-upload/2023/05/04/1367439-untitled-1.webp)
'വർഷത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ സമയം'; ഉമ്മയ്ക്ക് ജന്മദിനാശംസയുമായി ദുൽഖർ സൽമാൻ
![](/images/authorplaceholder.jpg?type=1&v=2)
''വീട്ടിൽ എല്ലാവരും ഒരുമിച്ചുണ്ടെന്ന് ഉറപ്പു വരുത്തുന്ന ഒരു സമയം കൂടിയാണിത്''
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് നടൻ മമ്മൂട്ടിയുടേത്. പ്രിയ പത്നി സുൽഫത്തിന്റെ ജന്മജദിനമാണ് ഇന്ന്. ഉമ്മയ്ക്ക് ജന്മദിനാശംസ നേർന്ന് നടൻ ദുൽഖർ സൽമാൻ പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ ശ്രദ്ധയാകർഷിക്കുന്നത്. ഉമ്മയുടെ ചിത്രം പങ്കുവെച്ചാണ് ദുൽഖർ ആശംസ നേർന്നത്.
''പിറന്നാൾ ആശംസകൾ മാ. ഉമ്മച്ചിയുടെ പിറന്നാൾ ആഘോഷത്തിൽ നിന്നാണ് നമ്മുടെ വീട്ടിലെ കേക്ക് മുറികളുടെ ആഴ്ച്ച ആരംഭിക്കുന്നത്. വീട്ടിൽ എല്ലാവരും ഒരുമിച്ചുണ്ടെന്ന് ഉറപ്പു വരുത്തുന്ന ഒരു സമയം കൂടിയാണിത്. മക്കളും പേരക്കുട്ടികളും ഒപ്പമുള്ളതു കൊണ്ട് വർഷത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ സമയമാണ് ഉമ്മക്കിതെന്ന് എനിക്കുറപ്പാണ്. ഞങ്ങൾക്കായി ഉമ്മ വീട് ഒരുക്കും, ഞങ്ങളുടെ ഇഷ്ടപ്പെട്ട വിഭവങ്ങൾ തയാറാക്കി, എല്ലാവരെയും വഷളാക്കുന്നതിന്റെ പ്രധാന പങ്ക് ഉമ്മയ്ക്കാണ്. ഉമ്മയെ ആഘോഷിക്കാൻ ഒരു ദിവസം മതിയാകില്ലെന്ന് എനിക്കറിയാം. പക്ഷെ ഉമ്മ ഈ ഒരു ദിവസം മാത്രമെ സമ്മതിക്കാറുള്ളൂ എന്നതാണ് സത്യം. ഉമ്മക്കിതൊന്നും ഇഷ്ടമല്ലെങ്കിലും ഇതു നഷ്ടപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല. പിറന്നാൾ ആശംസകൾ ഉമ്മ'' ദുൽഖർ സൽമാൻ ഫേസ്ബുക്കിൽ കുറിച്ചു.
തന്നെ ഏറ്റവും കൂടുതൽ സ്വാധീനിച്ചിട്ടുള്ളത് ഉമ്മ സുൽഫത്താണെന്ന് ദുൽഖർ നിരവധി അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്. ഉമ്മയ്ക്കൊപ്പമുള്ള രസകരമായ നിമിഷങ്ങൾ ദുൽഖർ പലപ്പോഴായി പങ്കുവച്ചിട്ടുമുണ്ട്. അഭിലാഷ് ജോഷിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന 'കിങ്ങ് ഓഫ് കൊത്ത' യുടെ തിരക്കിലാണിപ്പോൾ ദുൽഖർ. ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ചിത്രം ഓണം റിലീസായി എത്തുമെന്നാണ് റിപ്പോർട്ട്. അഭിനയത്തിൽ മാത്രമല്ല നിർമാണ മേഖലയിലും സജീവമാണ് ദുൽഖർ. താരത്തിന്റെ നിർമാണത്തിൽ ഒരുങ്ങുന്ന ചിത്രം 'അടി' വിഷു റിലീസമായി എത്തിയിരുന്നു. ഷൈൻ ടോം ചാക്കോ, അഹാന കൃഷ്ണ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രം സമ്മിശ്ര പ്രതികരണങ്ങളാണ് നേടിയത്.