ചുരുളി സിനിമക്കെതിരെയുള്ള ഹരജി പബ്ലിസിറ്റിക്ക് വേണ്ടിയാണെന്ന് ഹൈക്കോടതി
|ചിത്രത്തിലെ ഭാഷാ പ്രയോഗങ്ങളിൽ പ്രശ്നമില്ലെന്ന റിപ്പോർട്ട് ഡി.ജി.പി കോടതിക്ക് കൈമാറിയിട്ടുണ്ട്
ചുരുളി സിനിമക്കെതിരെയുള്ള ഹരജി പബ്ലിസിറ്റിക്ക് വേണ്ടിയാണെന്ന വിമർശനവുമായി ഹൈക്കോടതി. സിനിമയുടെ പ്രദർശനം തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി വിധി പറയാൻ മാറ്റി. ചിത്രത്തിലെ ഭാഷാ പ്രയോഗങ്ങളിൽ പ്രശ്നമില്ലെന്ന റിപ്പോർട്ട് ഡി.ജി.പി കോടതിക്ക് കൈമാറിയിട്ടുണ്ട്. ചിത്രം കാണാത്തവരാണ് വിമർശനം ഉന്നയിക്കുന്നവരിൽ കൂടുതൽ എന്നും കോടതി നിരീക്ഷിച്ചു.
സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലും മറ്റിടങ്ങളിലും കാര്യം അറിയാതെയുള്ള ഇത്തരം വിമർശനങ്ങൾ കൂടി വരുന്നുവെന്ന് ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണൻ ചൂണ്ടിക്കാട്ടി. ജഡ്ജിമാര്‍ വിധിയെഴുതി മഷി ഉണങ്ങും മുന്‍പ് അഭിപ്രായം പറഞ്ഞില്ലെങ്കില്‍ ഉറക്കം വരാത്ത ഒരു വിഭാഗമുണ്ട്. ഇത്തരത്തിലുള്ള ഇടപെടലുകളും പ്രവൃത്തികളും നിലവിലുള്ള സംവിധാനത്തെ തന്നെ തകര്‍ക്കുമെന്നും ജസ്റ്റിസ് കുഞ്ഞികൃഷ്ണൻ അഭിപ്രായപ്പെട്ടു.
നേരത്തെ സിനിമക്ക് പൊലീസ് ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു. സിനിമയിലെ ഭാഷാ പ്രയോഗം കഥാസന്ദർഭത്തിന് യോജിച്ചതാണെന്നും നടപടി എടുക്കാനാകില്ലെന്നും പ്രത്യേക അന്വേഷണസംഘം ഡി.ജി.പിക്ക് റിപ്പോർട്ട് നൽകിയിരുന്നു.ചുരുളി സിനിമയുടെ പ്രദർശനം തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജിയിൽ ഹൈക്കോടതി ഡി.ജി.പിയെ കക്ഷി ചേർക്കുകയായിരുന്നു. സിനിമ കണ്ട് ചിത്രത്തിൽ നിയമപരമായ പ്രശ്നങ്ങൾ ഉണ്ടോയെന്ന് റിപ്പോർട്ട് നൽകാൻ ഡി.ജി.പിയോട് ഹൈക്കോടതി നിർദേശിച്ചു. ചുരുളി സിനിമയുടെ പ്രദർശനം തടയണം എന്ന് ആവശ്യപ്പെട്ടുള്ള ഹരജിയിലായിരുന്നു ഹൈക്കോടതിയുടെ നടപടി. പൊതുധാർമികതയ്ക്ക് നിരക്കാത്ത സിനിമയാണ് ചുരുളിയെന്നും ചിത്രം ഒടിടിയിൽ നിന്നടക്കം നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ട് തൃശൂർ കോലഴി സ്വദേശിനിയായ അഭിഭാഷക പെഗ്ഗിഫെൻ ആണ് ഹൈക്കോടതിയെ സമീപിച്ചത്.