Entertainment
ചിമ്പുവിനെ വിലക്കണമെന്ന നിർമാതാക്കളുടെ ആവശ്യം തള്ളി ഹൈക്കോടതി
Entertainment

ചിമ്പുവിനെ വിലക്കണമെന്ന നിർമാതാക്കളുടെ ആവശ്യം തള്ളി ഹൈക്കോടതി

Web Desk
|
11 Nov 2023 11:14 AM GMT

കൊറോണ കുമാര്‍ എന്ന ചിത്രത്തിന്‍റെ നിര്‍മാതാക്കളായ വേല്‍ ഫിലിംസ് നല്‍കിയ ഹരജിയാണ് കോടതി തള്ളിയത്

മദ്രാസ്: തമിഴ് താരം ചിമ്പുവിനെ സിനിമയില്‍ നിന്നും വിലക്കണമെന്ന നിർമാതാക്കളുടെ ആവശ്യം തള്ളി മദ്രാസ് ഹൈക്കോടതി. ചിമ്പു അഭിനയിക്കാമെന്ന് ഏറ്റ് കരാർ തയാറാക്കിയ കൊറോണ കുമാര്‍ എന്ന ചിത്രത്തിന്‍റെ നിര്‍മാതാക്കളായ വേല്‍ ഫിലിംസ് നല്‍കിയ ഹരജിയാണ് കോടതി തള്ളിയത്.


കുറച്ചുകാലമായി മദ്രാസ് ഹൈക്കോടതിയില്‍ ചിമ്പുവും വേല്‍ ഫിലിംസും തമ്മിലുള്ള കേസ് നടക്കുന്നുണ്ട്. ഇതിന്‍റെ ഭാഗമായി തങ്ങളുടെ കൊറോണ കുമാര്‍ എന്ന പ്രൊജക്ട് പൂര്‍ത്തിയാക്കും വരെ ചിമ്പുവിന് മറ്റ് ചിത്രങ്ങളില്‍ അഭിനയിക്കുന്നത് വിലക്കണം എന്നാണ് നിർമാതാക്കള്‍ ആവശ്യപ്പെട്ടത്. എന്നാല്‍ കോടതി അത് അംഗീകരിച്ചില്ല. ഇത്തരം ആവശ്യങ്ങള്‍ക്ക് നിയമപരമായ സാധുതയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.


ഇതിന് മുൻപ് 10 കോടിക്ക് ചിത്രത്തിൽ അഭിനയിക്കാമെന്ന് ഏറ്റ ചിമ്പു 4.5 കോടി രൂപ അഡ്വാൻസ് വാങ്ങിയ ശേഷം അഭിനയിക്കാൻ തയാറാകുന്നില്ലെന്ന് കാണിച്ച് വേല്‍ ഫിലിംസ് കോടതിയെ സമീപിച്ചിരുന്നു. എന്നാൽ രേഖകള്‍ പ്രകാരം ഒരു കോടി രൂപ മാത്രമാണ് ചിമ്പുവിന് നൽകിയതെന്നും കേസ് അവസാനിക്കും വരെ ആ തുക കോടതിയിൽ കെട്ടിവെക്കണമെന്നും കോടതി ചിമ്പുവിന് നിർദേശം നൽകിയിരുന്നു.



അവസാനമായി പുറത്തിറങ്ങിയ ചിമ്പു ചിത്രം പത്തുതലൈക്ക് തിയറ്ററിൽ പ്രതീക്ഷിച്ചത്ര വിജയം നേടാൻ കഴിഞ്ഞിരുന്നില്ല. കമൽ ഹാസൻ പ്രൊഡക്ഷൻ ഹൌസിന്‍റെ ചിത്രമാണ് ചിമ്പുവിന്‍റേതായി ഇനി വരാനുള്ളത്.

Similar Posts