'കശ്മീർ ഫയൽസ്' ഓസ്‌കർ ചുരുക്കപ്പട്ടികയിലുണ്ടോ? അഗ്നിഹോത്രി കള്ളം പറഞ്ഞോ? യാഥാർത്ഥ്യം എന്താണ്?
|ചിത്രത്തിന്റെ വിമർശകർക്കുള്ള മറുപടിയായാണ് വിവേക് അഗ്നിഹോത്രിയും അനുപം ഖേറും അടക്കം 'ഓസ്‌കാർ തിരഞ്ഞെടുപ്പിനെ' ആഘോഷിച്ചത്
മുംബൈ: ഇത്തവണ ഓസ്‌കർ പുരസ്‌കാരങ്ങൾക്കായുള്ള ചുരുക്കപ്പട്ടികയിൽ വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത 'ദ കശ്മീർ ഫയൽസ്' ഉൾപ്പെട്ടതായി വലിയ തോതിൽ പ്രചാരണം നടക്കുന്നുണ്ട്. വിവേക് അഗ്നിഹോത്രി തന്നെയാണ് പുരസ്‌കാരത്തിനുള്ള ചുരുക്കപ്പട്ടികയിൽ ഇന്ത്യയിൽനിന്നുള്ള അഞ്ചു ചിത്രങ്ങൾക്കൊപ്പം കശ്മീർ ഫയൽസും ഉൾപ്പെട്ടതായി അവകാശപ്പെട്ടത്. ചിത്രത്തിലെ അഭിനേതാക്കളായ അനുപം ഖേർ, മിഥുൻ ചക്രവർത്തി, പല്ലവി ജോഷി തുടങ്ങിയവർ മികച്ച അഭിനേതാക്കളുടെ വിഭാഗത്തിലും ചുരുക്കപ്പട്ടികയിൽ ഇടംപിടിച്ചതായി അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു.
ചിത്രത്തിന്റെ വിമർശകർക്കുള്ള മറുപടിയായാണ് അഗ്നിഹോത്രിയും അനുപം ഖേറും ഇക്കാര്യം ചൂണ്ടിക്കാട്ടി ആഘോഷിച്ചത്. എന്നാൽ, ചിത്രത്തിന്റെ അണിയറപ്രവർത്തകരുടെ അവകാശവാദവും ആഘോഷവും അസ്ഥാനത്താണെന്ന് തിരുത്തുകയാണ് സോഷ്യൽ മീഡിയ. ഓസ്‌കർ പുരസ്‌കാരത്തിനു പരിഗണിക്കാനുള്ള ആദ്യ പട്ടികയിൽ മാത്രമാണ് ചിത്രം ഉൾപ്പെട്ടിട്ടുള്ളത്. ഒറ്റ നോട്ടത്തിൽ അഗ്നിഹോത്രിയുടെ വാദം ശരിയാണെങ്കിലും ഇക്കാര്യം ആഘോഷിക്കപ്പെടുന്ന തരത്തിലല്ല അതെന്നതാണ് യാഥാർത്ഥ്യം.
അഗ്നിഹോത്രിയുടെ വാദത്തിൽ ശരിയുണ്ടോ?
2023ലെ അക്കാദമി അവാർഡിനായി പരിഗണിക്കപ്പെടാൻ യോഗ്യത നേടിയ 301 ഫീച്ചർ ചിത്രങ്ങളുടെ കൂട്ടത്തിലാണ് കശ്മീർ ഫയൽസ് ഉൾപ്പെട്ടിട്ടുള്ളത്. വിവേക് അഗ്നിഹോത്രി അവകാശപ്പെട്ടതു പോലെ ഇന്ത്യയിൽനിന്ന് അഞ്ച് ചിത്രങ്ങൾക്കു മാത്രമല്ല ഈ യോഗ്യത ലഭിച്ചത്. കാന്താര, ആർ.ആർ.ആർ, ഗംഗുബായ്, റോക്കട്രി ഉൾപ്പെടെ നിരവധി ഇന്ത്യൻ ചിത്രങ്ങൾ ഇക്കൂട്ടത്തിലുണ്ട്. ജൂറിയുടെ വിലയിരുത്തലും പ്രേക്ഷക പ്രതികരണവും ബോക്‌സ് ഓഫിസ് വിജയവുമെല്ലാം പരിഗണിച്ചുള്ള ഒരു തിരഞ്ഞെടുപ്പല്ല ഇത്.
ഓസ്‌കാർ പുരസ്‌കാര പട്ടികയിൽ ഇടംനേടാൻ നിശ്ചിത മാനദണ്ഡങ്ങൾ അക്കാദമി നിർദേശിക്കുന്നുണ്ട്. ഇവ പൂർത്തിയാക്കിയ ചിത്രങ്ങളെല്ലാം ആദ്യപട്ടികയിൽ ഉൾപ്പെടും. ചിത്രത്തിന് ചുരുങ്ങിയത് 40 മിനിറ്റ് ദൈർഘ്യമുണ്ടാകണം, നിർണിതമായ വിഡിയോ-ഓഡിയോ മാനദണ്ഡങ്ങൾ പാലിക്കണം, അമേരിക്കയിലെ തിരഞ്ഞെടുക്കപ്പെട്ട ആറ് മെട്രോ നഗരങ്ങളിലെ തിയറ്റുകളിൽ ഒന്നിൽ പെയ്ഡ് പ്രദർശനം നടത്തണം, നിശ്ചിത സമയത്തിനകം റിലീസ് ചെയ്യണം തുടങ്ങിയ നിബന്ധനകളാണ് ഇതിനുള്ളത്.
ചിത്രത്തിന്റെ സാങ്കേതികരംഗത്തും ഉള്ളടക്കത്തിലുമുള്ള വിശദമായ വിലയിരുത്തൽ, ബോക്‌സ് ഓഫീസ് കളക്ഷൻ പരിശോധന, പ്രേക്ഷക പ്രതികരണം തുടങ്ങിയവയൊന്നും ഈ ഘട്ടത്തിൽ നടത്തില്ല. മുകളിൽ നിർദേശിക്കപ്പെട്ട നിബന്ധനകൾ പാലിച്ച ഏതു ചിത്രവും ആദ്യഘട്ടത്തിൽ ഇടംനേടുമെന്നുറപ്പാണ്.
ഈയൊരു പ്രാഥമിക മാനദണ്ഡം പൂർത്തീകരിച്ചാണ് മറ്റ് ഇന്ത്യൻ ചിത്രങ്ങൾക്കൊപ്പം കശ്മീർ ഫയൽസും ആദ്യഘട്ടത്തിൽ ഇടംപിടിച്ചത്. അല്ലാതെ ആഘോഷിക്കപ്പെടുന്ന പോലെ ഉള്ളടക്കം ഉൾപ്പെടെയുള്ള മേന്മകൾ വിലയിരുത്തിയുള്ളൊരു തിരഞ്ഞെടുപ്പല്ല ഇത്.
സമാനമായി ചിത്രത്തിലെ അഭിനേതാക്കളും ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടതായുള്ള അവകാശവാദം തെറ്റിദ്ധരിപ്പിക്കുന്നതാണ്. ചിത്രം ആദ്യപട്ടികയിൽ ഉൾപ്പെട്ടതിനൊപ്പം അഭിനേതാക്കളും വിവിധ പുരസ്‌കാരങ്ങൾക്കുള്ള നാമനിർദേശത്തിന് അർഹരായിട്ടുണ്ടെന്നു മാത്രമേയുള്ളൂ.
ആർ. മാധവൻ, ഷാറൂഖ് ഖാൻ, കിച്ച സുദീപ്, ഋഷഭ് ഷെട്ടി പോലെ അനുപം ഖേറിനും മിഥുൻ ചക്രവർത്തിക്കുമെല്ലാം പുരസ്‌കാരത്തിനു പരിഗണിക്കപ്പെടാനുള്ള യോഗ്യത ലഭിക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്.
Summary: Has The Kashmir Files been shortlisted for Oscar Awards 2023? A Factcheck