Entertainment
the kerala story, film, entertainment
Entertainment

'ദി കേരള സ്റ്റോറി'ക്ക് 'എ' സർട്ടിഫിക്കറ്റ്; പത്ത് രംഗങ്ങള്‍ വെട്ടിമാറ്റണമെന്ന് സെൻസർ ബോർഡ്

Web Desk
|
2 May 2023 1:51 AM GMT

കേരള മുൻ മുഖ്യമന്ത്രിയുടെ അഭിമുഖ ഭാഗം ഒഴിവാക്കാനും നിർദേശം

ദി കേരള സ്റ്റോറിക്ക് എ സർട്ടിഫിക്കറ്റോടെ കേന്ദ്ര സെൻസർ ബോർഡിന്റെ പ്രദർശനാനുമതി. ചിത്രത്തിൽ 10 മാറ്റങ്ങൾ വരുത്തണമെന്ന് സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ നിർദേശിച്ചു. സിനിമയിലെ ചില സംഭാഷണങ്ങൾ ഒഴിവാക്കണമെന്നാണ് എക്‌സാമിനിങ് കമ്മിറ്റിയുടെ നിർദേശം. കേരള മുൻ മുഖ്യമന്ത്രിയുടെ അഭിമുഖ ഭാഗം ഒഴിവാക്കാനും നിർദേശമുണ്ട്.

'ഏറ്റവും വലിയ കാപട്യക്കാരാണ് ഇന്ത്യൻ കമ്മ്യൂണിസ്റ്റുകൾ' എന്ന സംഭാഷണത്തിൽ നിന്നും 'ഇന്ത്യൻ' എന്ന വാക്ക് നീക്കണം. ഹിന്ദു ദൈവങ്ങളെ മോശക്കാരാക്കി ഉപയോഗിക്കുന്ന സംഭാഷണങ്ങൾ സഭ്യമായ രീതിയിൽ പുനക്രമീകരിക്കാനും സെൻസർ ബോർഡ് ആവശ്യപ്പെട്ടു. കമ്മ്യൂണിസ്റ്റ് പാർട്ടി നേതാക്കൾ പൂജ ചടങ്ങുകളിൽ ഭാഗമാകില്ലെന്ന ഡയലോഗും ചിത്രത്തിൽ നിന്നും നീക്കം ചെയ്യാനാണ് ആവശ്യം. ടീസർ പുറത്തിറങ്ങിയതിന് പിന്നാലെ വാസ്തവ വിരുദ്ധവും വിദ്വേഷം ജനിപ്പിക്കുന്നതുമായ ഉള്ളടക്കം പ്രചരിപ്പിക്കുന്നതായി ചിത്രത്തിനെതിരെ രൂക്ഷവിമർശനം ഉയർന്നിരുന്നു.

32,000 മലയാളി സ്ത്രീകളെ മതം മാറ്റി ഐ.എസിൽ എത്തിച്ചെന്ന് ആരോപിച്ചുകൊണ്ടാണ് 'കേരളാ സ്റ്റോറി'യുടെ ടീസർ വീഡിയോ പുറത്തിറങ്ങിയത്. കേരളമെന്ന കൊച്ചു സംസ്ഥാനത്തെ പിടിച്ചുകുലുക്കിയ ഒരുപറ്റം സംഭവങ്ങളുടെ വസ്തുനിഷ്ഠവും യഥാർത്ഥവുമായ ആഖ്യാനം ആണ് തങ്ങൾ ലക്ഷ്യമിടുന്നതെന്നും ഇവർ അവകാശപ്പെടുന്നു.

വിപുൽ അമൃത് ലാൽ നിർമിച്ച ചിത്രം സുദീപ്‌തോ സെൻ ആണ് സംവിധാനം ചെയ്തത്. ചിത്രത്തിൽ നായികയായി എത്തുന്ന അദാ ശർമ, ശാലിനി ഉണ്ണികൃഷ്ണൻ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. നഴ്‌സ് ആയി ജനങ്ങൾക്ക് സേവനം ചെയ്യാൻ ആഗ്രഹിച്ചിരുന്ന ശാലിനി തീവ്രവാദ സംഘടനകൾ നടത്തുന്ന പെൺവാണിഭത്തിൽപ്പെടുകയായിരുന്നു എന്നാണ് ടീസർ പറയുന്നത്. തുടർന്ന് ഫാത്തിമാ ബാ ആയി മാറിയ അവർ ഐ.എസിൽ ചേരാൻ നിർബന്ധിതയായി. ഇപ്പോൾ താൻ ഐ.എസ് തീവ്രവാദിയായി അഫ്ഗാനിസ്ഥാനിൽ ജയിലിൽ കഴിയുന്നു എന്നും ഈ കഥാപാത്രം പറയുന്നുണ്ട്. മെയ് 5നാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്.

അതേസമയം ദി കേരള സ്റ്റോറിക്കെതിരെ ഡൽഹി ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥികൾ ഇന്ന് പ്രതിഷേധിക്കും. എസ്എഫ്ഐയുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടക്കുക. ജെഎൻയുവിലെ സബർമതി ധാബയിലാണ് പ്രതിഷേധം. സമൂഹത്തെ ധ്രുവീകരിക്കാനുള്ള ശ്രമമാണ് സിനിമയെന്ന് എസ്.എഫ്.ഐ പറഞ്ഞു.

Similar Posts