Entertainment
കേരള സ്റ്റോറി സാങ്കൽപ്പികമെന്നും മതം മാറ്റത്തെക്കുറിച്ച് രേഖയില്ലെന്നും എഴുതിക്കാണിക്കണം: സുപ്രിംകോടതി
Entertainment

'കേരള സ്റ്റോറി' സാങ്കൽപ്പികമെന്നും മതം മാറ്റത്തെക്കുറിച്ച് രേഖയില്ലെന്നും എഴുതിക്കാണിക്കണം: സുപ്രിംകോടതി

Web Desk
|
18 May 2023 1:29 PM GMT

അടുത്ത തവണ കേസ് പരിഗണിക്കും മുന്‍പ് ജഡ്ജിമാർ സിനിമ കാണണമെന്ന ആവശ്യം ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അംഗീകരിച്ചു

ഡല്‍ഹി: 'ദി കേരള സ്റ്റോറി' എന്ന സിനിമയുടെ കഥ സാങ്കല്‍പ്പിമെന്നും 32000 പേര്‍ മതംമാറിയെന്നതിന് ആധികാരിക രേഖകളില്ലെന്നും എഴുതിക്കാണിക്കണമെന്ന് സുപ്രിംകോടതി. സിനിമയുടെ പശ്ചിമ ബംഗാളിലെ പ്രദര്‍ശന വിലക്ക് സ്റ്റേ ചെയ്യുന്നതിനിടെയാണ് കോടതിയുടെ ഉത്തരവ്. 32000 പേരെ മതംമാറ്റിയെന്ന് പറയുന്നത് വസ്തുതകളെ വളച്ചൊടിക്കലാണെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് നിരീക്ഷിച്ചു.

അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിക്കാന്‍ സുപ്രിംകോടതിയുണ്ട്. അതുപോലെ ഒരു സമൂഹത്തെ അപകീർത്തിപ്പെടുത്തുന്നതും അനുവദിക്കാനാവില്ലെന്ന് കോടതി വാക്കാല്‍ പറഞ്ഞു. സിനിമയുടെ ബംഗാളിലെ വിലക്കിനെതിരെ നിര്‍മാതാക്കള്‍ നല്‍കിയ ഹരജി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് പി.എസ് നരസിംഹ, ജസ്റ്റിസ് ജെ.ബി പർദിവാല എന്നിവരടങ്ങിയ ബെഞ്ചാണ് പരിഗണിച്ചത്.

രാജ്യത്തിന്റെ മറ്റു പ്രദേശങ്ങളിൽ പ്രദർശനം നടത്താമെങ്കിൽ ബംഗാളിൽ പ്രദർശന വിലക്ക് എന്തിനെന്നു ചോദിച്ചാണ് സംസ്ഥാന സർക്കാർ നടപടി സുപ്രിംകോടതി സ്റ്റേ ചെയ്തത്. പ്രത്യക്ഷമായോ പരോക്ഷമായോ പ്രദർശനം തടയരുതെന്നു ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് ഉത്തരവിട്ടു.

32,000 സ്ത്രീകൾ മതപരിവർത്തനം നടത്തിയെന്നതിന് ആധികാരിക വിവരമൊന്നും ഇല്ലെന്ന് കേരള സ്റ്റോറിയുടെ നിർമാതാക്കൾ സുപ്രിംകോടതിയിൽ സമ്മതിച്ചു. സാങ്കൽപ്പിക കഥ എന്നതിനൊപ്പം മതം മാറ്റത്തെക്കുറിച്ചുള്ള ആധികാരിക രേഖകൾ ഇല്ലെന്നതും സ്‌ക്രീനിൽ എഴുതിക്കാണിക്കണമെന്നു കോടതി നിർദേശിച്ചു. 40 മണിക്കൂറിനുള്ളിൽ ഇക്കാര്യം നടപ്പിലാക്കണം.

കേരള സ്റ്റോറിക്ക് സെൻസർ ബോർഡ് നൽകിയ പ്രദര്‍ശനാനുമതി പിൻവലിക്കണമെന്ന ആവശ്യത്തില്‍ വേനലവധിക്ക് ശേഷം ജൂലൈ 18ന് വാദം കേൾക്കും. അതിനു മുൻപായി ജഡ്ജിമാർ സിനിമ കാണണമെന്ന ആവശ്യം ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അംഗീകരിച്ചു.

Related Tags :
Similar Posts