ലിയോയ്ക്ക് പുലർച്ചെ പ്രത്യേക ഷോ അനുവദിക്കണമെന്ന ആവശ്യം തള്ളി മദ്രാസ് ഹൈക്കോടതി
|ലിയോയുടെ പ്രദർശനത്തിന് അനുമതി നൽകാൻ സർക്കാരിനോട് നിർദേശിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി
വിജയ്- ലോകേഷ് ചിത്രം ലിയോയ്ക്ക് പുലര്‍ച്ചെ നാല് മണിക്ക് ഷോ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള നിർമാതാക്കളുടെ ഹരജി മദ്രാസ് ഹൈക്കോടതി തള്ളി. ലിയോയുടെ പ്രദർശനത്തിന് അനുമതി നൽകാൻ സർക്കാരിനോട് നിർദേശിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. എന്നാൽ ചിത്രത്തിന് പുലർച്ചെ മുതൽ കേരളത്തിൽ ഷോ ഉണ്ടാകും. പുലര്‍ച്ചെയുള്ള ഷോകള്‍ അനുവദിക്കണം എന്ന വിതരണക്കാരുടെ ആവശ്യം നിര്‍മാതാക്കള്‍ അംഗീകരിക്കുകയായിരുന്നു. ഒക്ടോബർ 19നാണ് ചിത്രം തിയറ്ററുകളിൽ എത്തുക.
റിലീസ് ദിനമായ ഒക്ടോബർ 19ന് പുലര്‍ച്ചെ നാലിനും ഒൻപതിനുമായി രണ്ട് സ്പെഷ്യൽ ഷോകളും 20 മുതല്‍ 24 വരെയുള്ള ദിനങ്ങളില്‍ രാവിലെ ഏഴിന് ഒരു സ്പെഷ്യല്‍ ഷോയും നടത്താനുള്ള അനുമതിക്കായാണ് നിര്‍മാതാക്കളായ സെവന്‍ സ്ക്രീന്‍ സ്റ്റുഡിയോസ് തമിഴ്നാട് സര്‍ക്കാരിനെ സമീപിച്ചത്.
നിലവിൽ രാവിലെ ഒൻപത് മണി മുതൽ മാത്രമേ തമിഴ്നാട്ടിൽ സിനിമയുടെ പ്രദർശനം ആരംഭിക്കുകയുള്ളു. എന്നാൽ അയൽ സംസ്ഥാനങ്ങളിൽ നേരത്തെ പ്രദർശനം ആരംഭിക്കുന്നത് തമിഴ്നാട്ടിലെ കലക്ഷനെ ബാധിക്കുമെന്ന് നിർമാതാക്കള്‍ പറഞ്ഞു. റിലീസിന്‍റെ പിറ്റേ ദിവസം മുതലെങ്കിലും തുടർച്ചയായി എഴു മണി മുതൽ ഷോ അനുവദിക്കണമെന്നും നിർമാതാക്കള്‍ ആവശ്യപ്പെട്ടു.
ശ്രീ ഗോകുലം മൂവീസാണ് കേരളത്തില്‍ ലിയോ തീയറ്റേറിലെത്തിക്കുന്നത്. റെക്കോർഡ് തുകയ്ക്കാണ് വിതരണാവകാശം വാങ്ങിയത്. നാലുമണിക്ക് ഷോ ആരംഭിച്ചില്ലെങ്കിൽ വലിയ നഷ്ടമുണ്ടാകുമെന്ന ഗോകുലത്തിന്റെ വാദം നിര്‍മാതാക്കള്‍ അനുവദിക്കുകയായിരുന്നു. അതേസമയം, കാത്തിരിപ്പിന് വിരാമമിട്ട് ചിത്രത്തിന്റെ ടിക്കറ്റ് ബുക്കിങ്ങ് നാളെ മുതല്‍ ആരംഭിക്കും. രാവിലെ 10 മണി മുതൽ ബുക്ക് മൈ ഷോ, പേ ടിഎം, ടിക്കറ്റ് ന്യൂ, ക്യാച്ച് മൈ സീറ്റ്.കോം എന്നീ ആപ്ലിക്കേഷൻ, വെബ്സൈറ്റ് വഴി ബുക്ക് ചെയ്യാം