മമ്മൂട്ടിയുടെ 'വണ്‍' ഇനി നെറ്റ്ഫ്ലിക്സില്‍, റിലീസ് തിയതി പ്രഖ്യാപിച്ചു
|ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ അടക്കം രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് കാരണമായ മമ്മൂട്ടി ചിത്രം വണ്‍ ഇനി ഒ.ടി.ടി റിലീസിന്. നെറ്റ്ഫ്ലിക്സാണ് ചിത്രത്തിന്റെ ഒ.ടി.ടി അവകാശം സ്വന്തമാക്കിയത്. ചിത്രം വരുന്ന ഏപ്രില്‍ 27ന് നെറ്റ്ഫ്ലിക്സില്‍ റിലീസ് ചെയ്യും. കടക്കല്‍ ചന്ദ്രന് എന്ന മുഖ്യമന്ത്രിയായാണ് ചിത്രത്തില്‍ മമ്മൂട്ടിയെത്തുന്നത്. ചിറകൊടിഞ്ഞ കിനാവുകള്‍ക്ക് ശേഷം സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്ത ചിത്രം കൂടിയാണിത്. ബോബി-സഞ്ജയ് ആണ് തിരക്കഥ. ഇച്ചായീസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ശ്രീലക്ഷ്മിയാണ് നിര്‍മ്മാണം.
ജനങ്ങള്‍ക്ക് ഉപകാരപ്പെടാത്ത ജനപ്രതിനിധികളെ തിരിച്ചുവിളിക്കാനുള്ള 'റൈറ്റ് ടു റീകോള്‍ ബില്‍' നിയമസഭയില്‍ അവതരിപ്പിക്കാന്‍ ശ്രമിക്കുന്ന മുഖ്യമന്ത്രി നേരിടുന്ന പ്രതിബന്ധങ്ങളാണ് സിനിമയുടെ പ്രമേയം. രണ്ട് മണിക്കൂര്‍ 29 മിനുട്ടാണ് ദൈര്‍ഘ്യം. ജോജു ജോര്‍ജ്, നിമിഷ സജയന്, മുരളി ഗോപി തുടങ്ങി വന്‍ താരനിര ചിത്രത്തിന്റെ ഭാഗമാണ്. മധു, അലന്‍സിയര്‍, ബിനു പപ്പു, രഞ്ജിത് ബാലകൃഷ്ണന്, ബാലചന്ദ്രമേനോന്, സിദ്ദീഖ്, സുരേഷ് കൃഷ്ണ, സലിംകുമാര്‍, തോമസ് മാത്യു എന്നിവരും ചിത്രത്തിലുണ്ട്.
കേരള മുഖ്യമന്ത്രി പിണറായി വിജയനോട് സമാനതയുള്ള ദൃശ്യങ്ങളും ഡയലോഗുകളുമായാണ് വണ്ണിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയിരുന്നത്. മുഖ്യമന്ത്രിക്കെതിരായ പ്രതിപക്ഷ ആക്ഷേപവും മറുപടിയുമായി നീങ്ങുന്ന ട്രെയിലര്‍ പഞ്ച് ഡയലോഗുകളാല്‍ സമ്പന്നമാണ്. കേരള രാഷ്ട്രീയത്തില്‍ ഏറെ വിവാദം സൃഷ്ടിച്ച മുഖ്യമന്ത്രിക്കെതിരായ 'ചെത്തുകാരന്റെ മകന്' പരാമര്‍ശം പരോക്ഷമായി ട്രെയിലറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 'കണ്ട അമ്പട്ടന്റെ മോനൊക്കെ മുഖ്യമന്ത്രിയായാല്‍ ഇതും ഇതിനപ്പുറവും നടക്കുമെന്ന' പി ബാലചന്ദ്രന്റെ കഥാപാത്രത്തിന്റെ സംഭാഷണം ഇതിന് സമാനമായുള്ളതാണ്. 'ഞാന്‍ പതിനഞ്ച് ലക്ഷം പേരുടെ മാത്രം മുഖ്യമന്ത്രിയല്ല, കേരളത്തിലെ മൂന്നര കോടി ജനങ്ങളുടെ മുഖ്യമന്ത്രിയാണ്' എന്ന പഞ്ച് ഡയലോഗോട് കൂടിയാണ് ട്രെയിലര്‍ അവസാനിക്കുന്നത്. എന്നാല്‍ സിനിമയിലെ കഥാപാത്രത്തിന് പിണറായി വിജയനുമായി യാതൊരു സാമ്യവുമില്ലെന്ന് സംവിധായകന് സന്തോഷ് വിശ്വനാഥ് വ്യക്തമാക്കി.
നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണം അവസാനിക്കുന്നതിന് തൊട്ടുമുമ്പുള്ള വണ്ണിന്റെ റിലീസും ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ചിത്രത്തിന്റെ റിലീസിങ് തടയണം എന്നും സെൻസർ സർട്ടിഫിക്കറ്റ് നൽകരുതെന്നും ചെന്നിത്തല ആവശ്യപ്പെട്ടതായ വാര്‍ത്തകള്‍ പുറത്തുവരികയും പിന്നീട് നിഷേധിക്കുകയും ചെയ്തത് സമൂഹ മാധ്യമങ്ങളില്‍ വണ്ണിനെ സജീവമാക്കിയിരുന്നു.