സിനിമാ പ്രേമികളെ കാത്ത് തലസ്ഥാനം; ഔദ്യോഗിക ലോഗോയായ 'ലങ്കാലക്ഷ്മിക്കും' പറയാനുണ്ടൊരു കഥ...!
|പ്രശസ്ത ചലച്ചിത്രകാരൻ ജി അരവിന്ദനും പാവക്കൂത്ത് കലാകാരനായ കൃഷ്ണൻകുട്ടി പുലവരും ചേർന്ന് നിർമ്മിച്ചതാണ് ഈ ലോഗോ
തിരുവനന്തപുരം: ഇരുപത്തിയെട്ടാമത് ഐ.എഫ്.എഫ്.കെക്ക് ഒരുങ്ങുകയാണ് തലസ്ഥാന നഗരം. ഐ.എഫ്.എഫ്.കെയുടെ ഔദ്യോഗിക ലോഗോയായി ഉപയോഗിക്കുന്ന ലങ്കാലക്ഷ്മിയുടെ രൂപത്തിന് ഒരു കഥ പറയുവാനുണ്ട്.. പ്രശസ്ത ചലച്ചിത്രകാരൻ ജി അരവിന്ദനും പാവക്കൂത്ത് കലാകാരനായ കൃഷ്ണൻകുട്ടി പുലവരും ചേർന്ന് നിർമ്മിച്ചതാണ് ഈ ലോഗോ.
ദിവസങ്ങൾക്കപ്പുറം ഐ.എഫ്.എഫ്.കെ. സിനിമാ കൊട്ടകൾ നിന്നിറങ്ങി വരുന്ന മനുഷ്യർ തിരുവനന്തപുരത്തിൻ്റെ തെരുവുകളിൽ ഒത്തുചേരും. അവർ വിമോചനത്തിന്റെ ഗാനങ്ങൾ ആലപിക്കും. രാജ്യാന്തര ചലച്ചിത്രമേളയുടെ സന്ദേശം വിമോചനത്തിന്റേതാണ്, സ്വാതന്ത്ര്യത്തിന്റേതാണ്. ചലച്ചിത്രമേളയുടെ ഔദ്യോഗിക ചിഹ്നമായി ഉപയോഗിക്കുന്നത് ഒരു പാവക്കോലമാണ്.'ലങ്കാലക്ഷ്മി'.
ലങ്കാലക്ഷ്മിക്കും വിമോചനത്തിന്റെ കഥ പറയുവാനുണ്ട്. ഒരു വിടുതലിന്റെ കഥ. അരവിന്ദൻ ചെന്നെത്തിപ്പെടുകയായിരുന്നു, പാലക്കാടൻ ഗ്രാമങ്ങളിൽ തോൽപ്പാവക്കൂത്ത് കളിച്ചിരുന്ന കൃഷ്ണൻകുട്ടി പുലവരിലേക്ക്. ആദിമമായ ആ ദൃശ്യ കലയുടെ മാസ്മരികതകൾക്കിടയിൽ നിന്ന് അരവിന്ദൻ മലയാളിയുടെ സിനിമാ ഉത്സവത്തിന് അസാധാരണമായ ഒരു ചിഹ്നത്തെ കണ്ടെത്തി.
സീത ലങ്കയിൽ ബന്ദിയാണ്. സീതയെ കാണാൻ കടൽ ചാടിക്കടന്നെത്തിയ ഹനുമാനെ തടഞ്ഞവളാണ് ലങ്കാ ലക്ഷ്മി. ലങ്കാനഗരിയുടെ ഏഴു കവാടങ്ങളിൽ ഐശ്വര്യത്തിനായി രാവണൻ കുടിയിരുത്തിയ ലക്ഷ്മി രൂപങ്ങളിൽ ഒന്ന്. വഴി മാറില്ലെന്നു പറഞ്ഞവളെ ഹനുമാൻ കൈകൊണ്ട് അടിച്ചു. ആഞ്ജനേയ സ്പർശത്തിൽ ലങ്കാലക്ഷ്മി സ്വതന്ത്രയായി. ശാപമോക്ഷം കിട്ടിയവൾ സ്വർഗ്ഗാരോഹണം ചെയ്തു. ഇതാ ഞാൻ സ്വാതന്ത്ര്യ ആകുന്നു എന്ന് വിളംബരം ചെയ്തു കൊണ്ട് പറന്നുവരുന്ന ലങ്കാലക്ഷ്മിയാണ് ഐ.എഫ്.എഫ്.കെയുടെ ലോഗോ. 28 ന് ഐ.എഫ്.എഫ്.കെക്ക് അരങ്ങുണരുമ്പോൾ തലസ്ഥാനത്തെ തെരുവുകളിൽ വിമോചനത്തിന്റെ സന്ദേശവുമായി ലങ്കാലക്ഷ്മിയുടെ രൂപങ്ങൾ ഉയരുന്നു.